'തയ്യാറാക്കുന്ന വാക്‌സിന്റെ പകുതിയും സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴേ സ്വന്തമാക്കി'

By Web TeamFirst Published Sep 17, 2020, 11:49 AM IST
Highlights

വിവിധ തരത്തിലുള്ള ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം വാക്‌സിനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് 'ഓക്‌സ്ഫാം' എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്

ലോകത്തെ ആകെയും ആശങ്കയിലാക്കിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരിയുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ, വാക്‌സിന്‍ എന്ന പ്രതീക്ഷയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. പലയിടങ്ങളിലും വാക്‌സിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലുമാണ്. 

ഇതിനിടെ വിവിധ തരത്തിലുള്ള ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം വാക്‌സിനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് 'ഓക്‌സ്ഫാം' എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്.

പ്രാരംഭഘട്ടത്തില്‍ ആകെ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധ്യതയുള്ള വാക്‌സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കിയെന്നാണ് 'ഓക്‌സ്ഫാം' ചൂണ്ടിക്കാട്ടുന്നത്. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായാണ് രാജ്യങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത് എന്നും 'ഓക്‌സ്ഫാം' അവകാശപ്പെടുന്നു. 

യുഎസ്, യുകെ, ഓസ്‌ട്രേലിയ, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്‌സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നതത്രേ. ബാക്കി വരുന്ന വാക്‌സിനില്‍ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളും തിരിച്ചടികളും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങളും അനുഭവിച്ചുവെന്നും അതിനാല്‍ തന്നെ പക്ഷപാതമില്ലാതെ വാക്‌സിന്‍ വിതരണം നടക്കേണ്ടതുണ്ടെന്നും 'ഓക്‌സ്ഫാം അമേരിക്ക'യുടെ വക്താവ് റോബര്‍ട്ട് സില്‍വര്‍മാന്‍ അഭിപ്രായപ്പെട്ടു. 

നിങ്ങള്‍ ജീവിക്കുന്നത് ഏത് രാജ്യത്താണ്, നിങ്ങളുടെ പോക്കറ്റില്‍ പണമുണ്ടോ എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണോ ജീവന്‍ സുരക്ഷിതമാക്കാനുള്ള ഒരു മരുന്ന് നിങ്ങള്‍ക്ക് ലഭ്യമാകേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

click me!