റഷ്യയുടെ സ്‌പുട്‌നിക് - V കൊവിഡ് വാക്സിൻ ഇന്ത്യയിൽ വില്പനക്കെത്തുക ഈ കമ്പനി വഴി

By Web TeamFirst Published Sep 16, 2020, 4:20 PM IST
Highlights

ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാർ പ്രകാരം, റഷ്യൻ സോവറീൻ വെൽത്ത് ഫണ്ട്, ഡോ. റെഡ്ഡീസിന് പത്തുകോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യും. 

റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് - V എന്നുപേരായ കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തിക്കാൻ വേണ്ടി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി  കരാർ ഒപ്പിട്ടതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (RDIF) സ്ഥിരീകരിച്ചു. ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാർ പ്രകാരം, റഷ്യൻ സോവറീൻ വെൽത്ത് ഫണ്ട്, ഡോ. റെഡ്ഡീസിന് പത്തുകോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യും. ശേഷിക്കുന്ന ക്ലിനിക്കൽ ട്രയൽസിന്റെ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി, ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ അനുമതി കിട്ടിയ ശേഷം മാത്രമേ ഈ വാക്സിൻ ഇന്ത്യയിൽ വില്പനക്കെത്തിക്കാൻ ഡോ. റെഡ്ഡീസിനു സാധിക്കുകയുള്ളൂ. കഴിഞ്ഞ  ഓഗസ്റ്റിൽ റഷ്യയിലെ ഗമലെയാ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ആൻഡ് മൈക്രോബയോളജി ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.

 

 

കൊറോണാ വൈറസിൽ നിന്ന് രണ്ടു വർഷം വരെയുള്ള പ്രതിരോധ ശേഷി നൽകാൻ സ്‌പുട്‌നിക് വാക്സിന് ആകുമെന്നാണ് റഷ്യൻ ആരോഗ്യവകുപ്പിന്റെ അവകാശവാദം. ഇതുവരെയുള്ള പഠനങ്ങളിൽ ഈ വാക്സിന് ഒരു പാർശ്വഫലങ്ങളും കണ്ടെത്തപ്പെട്ടിട്ടില്ല എന്നും അവർ പറഞ്ഞു. 38 പ്രായപൂർത്തിയായ രോഗികളിൽ നടത്തിയ 42 ദിവസങ്ങൾ നീണ്ട രണ്ടു ക്ലിനിക്കൽ ട്രയലിലുകളാണ് വിജയകരമായി പൂർത്തിയാക്കപ്പെട്ടു എന്ന് റഷ്യൻ ഗവണ്മെന്റ് അവകാശപ്പെടുന്നത്.

കരാറൊപ്പിട്ടവിവരം അറിയിച്ചു കൊണ്ടുള്ള പത്രക്കുറിപ്പിൽ  RDIF സിഇഒ കിറിൽ ദിമിത്രിയെവ് പറഞ്ഞതിങ്ങനെ," ഇന്ത്യ ലോകത്തിൽ തന്നെ ഏറ്റവും ഗുരുതരമായ രീതിയിൽ കൊവിഡ് ബാധിതമായ പ്രദേശങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ വാക്സിൻ ഈ മഹാമാരിയിൽ നിന്ന് കരകയറാനുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രയത്നങ്ങൾക്ക് ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരം സ്ഥിരീകരിച്ചു കൊണ്ട് ഡോ. റെഡ്ഡീസ് ലാബിന്റെ കോ- ചെയർമാനും മാനേജിംഗ്‌ ഡയറക്ടറും ആയ ജിവി പ്രസാദും പ്രതികരിച്ചു. "റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്സിന്റെ ഫേസ് 3 ട്രയലുകൾ ഞങ്ങളാകും ഇന്ത്യയിൽ നടത്തുക. അവ വിജയകരമായി പൂർത്തിയാക്കുന്ന പക്ഷം സ്‌പുട്‌നിക് വാക്സിൻ ഇന്ത്യയെ കൊവിഡിൽ നിന്ന് കരകയറ്റും എന്ന് പ്രതീക്ഷിക്കാം. " ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ അനുമതികൾ നേടി, ഈ വർഷം അവസാനത്തോടെ വാക്സിൻ വില്പനക്കെത്തിക്കാനാകും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

click me!