
കൊവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ടുകളാണ് ഈ ദീവസങ്ങളില്‍ നമ്മെ വരവേല്‍ക്കുന്നത്. എന്നാല്‍ കേസുകളുടെ എണ്ണങ്ങളില്‍ കുറവ് സംഭവിക്കുന്നതോടെ മഹാമാരി അകന്നുപോവുകയാണെന്ന് ധരിച്ചെങ്കില്‍ അത് തെറ്റാണെന്നാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധി ഹാന്‍സ് ക്ലൂഗ് പറയുന്നത്.
ആകെ ജനസംഖ്യയുടെ എഴുപത് ശതമാനം പേരും വാക്‌സിനേറ്റഡ് ആകുന്നത് വരെ കൊവിഡിന് ശമനമുണ്ടാകില്ലെന്നാണ് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ് ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പില്‍ വാക്‌സിനേഷന്‍ പ്രക്രിയ വളരെ പതിയെ ആണ് മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കേസുകള്‍ കുറയുന്ന ഘട്ടങ്ങളില്‍ കൊവിഡ് അവസാനിക്കുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അബദ്ധമാണ്. എവുപത് ശതമാനം ജനങ്ങളെങ്കിലും വാക്‌സിനേറ്റഡാകുന്നത് വരെ മഹാമാരി ഇവിടെത്തന്നെ കാണും. ചില രാജ്യങ്ങള്‍ ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വാക്‌സിന്‍ നല്‍കിത്തീര്‍ന്നില്ല. മറ്റ് ചില രാജ്യങ്ങള്‍ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. ഈ പ്രവണതകള്‍ ശരിയല്ല. വാക്‌സിനേഷനെ വളരെയധികം ഗൗരവത്തില്‍ കാണണം. ഇതിനുള്ള നടപടികള്‍ ഓരോ രാജ്യവും വേഗതയിലാക്കണം...'- ഹാന്‍സ് ക്ലൂഗ് പറയുന്നു.
കേസുകള്‍ കുറവായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും അയയുമെന്നും അതോടെ വീണ്ടും വ്യാപനം വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'നിലവില്‍ എന്നെ ഏറെ അലട്ടുന്നത് ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങളാണ്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇരട്ടിയോ അതിലധികമോ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ പുതിയ വൈറസുകള്‍ക്കായി. ഒരുദാഹരണമായി പറഞ്ഞാല്‍ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ബി.1617 വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയ ബി.117നെക്കാളും പകര്‍ച്ച ശക്തി കൂടിയതാണ്...'- ഹാന്‍സ് ക്ലൂഗ് പറയുന്നു.
ഇന്ത്യയിലെ വൈറസ് വകഭേദം ഏതാണ്ട് 27 യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ എത്തിക്കഴിഞ്ഞുവെന്നും ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ തന്നെയാണ് ഏറെ പ്രധാനമെന്നും അദ്ദേഹം പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചവര്‍ 36.6 ശതമാനം പേര്‍ ആണ്. 16.9 ശതമാനം പേര്‍ മുഴുവന്‍ഡോസും സ്വീകരിച്ചവരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam