6 മാസത്തിന് ശേഷവും കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉറങ്ങുന്നില്ലേ?

By Web TeamFirst Published Dec 3, 2020, 2:59 PM IST
Highlights

ഓരോ കുഞ്ഞിലും ഉറക്കത്തിന്റെ ക്രമം വ്യത്യസ്തതപ്പെടുമെന്നും മാതാപിതാക്കളുടെ ശീലങ്ങളുമായും ഇതിന് ബന്ധമുണ്ടാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് മുലയൂട്ടി, കുഞ്ഞിനെ അരികില്‍ തന്നെ ഉറക്കിക്കിടത്തുകയാണെങ്കില്‍ അവര്‍ ഇടയ്ക്കിടെ ഉണരാനുള്ള സാധ്യത കൂടുതലാണത്രേ

കുഞ്ഞുങ്ങളുടെ ഉറക്കം മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് നമുക്കറിയാം. നവജാത ശിശുക്കളാണെങ്കില്‍ ഉറങ്ങുന്ന സമയം അധികവുമായിരിക്കും, അതില്‍ പ്രത്യേകിച്ച് ക്രമവും കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ, കുഞ്ഞിന് ഒരു പ്രായമെത്തുന്നത് വരെ മാതാപിതാക്കളുടെ ഉറക്കം അല്‍പം പ്രശ്‌നത്തിലുമാകാറുണ്ട്. 

പ്രത്യേകിച്ച് അമ്മമാരാണ് ഈ പ്രതിസന്ധി ഏറെയും നേരിടുന്നത്. എന്നാല്‍ കുഞ്ഞിന് ആറ് മാസം കഴിയുമ്പോഴും ഉറക്കത്തില്‍ ക്രമം വന്നില്ലെങ്കിലോ! പ്രത്യേകിച്ച് രാത്രിയില്‍ കുഞ്ഞ് ഉറങ്ങിത്തുടങ്ങുന്നില്ലെങ്കിലോ! 

മിക്കവാറും പേരും ഇതൊരു പ്രശ്‌നമായിത്തന്നെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ കുഞ്ഞുങ്ങള്‍ സാധാരണ പോലെ ഉറങ്ങിത്തുടങ്ങുന്നതിന് ആറ് മാസമെന്നോ ഒരു വയസെന്നോ ഒക്കെയുള്ള സമയപരിധി മാതാപിതാക്കള്‍ നിശ്ചയിക്കുന്നത് കൊണ്ടാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് പുതിയൊരു പഠനം. 

'സ്ലീപ് മെഡിസിന്‍' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് 'മെക് ഗില്‍ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ആറ് മാസമായിട്ടും കുഞ്ഞുങ്ങളുടെ ഉറക്കം ക്രമമായില്ലെങ്കിലും അവര്‍ രാത്രിയില്‍ ഉറങ്ങിത്തുടങ്ങിയില്ലെങ്കിലും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഓരോ കുഞ്ഞിലും ഉറക്കത്തിന്റെ ക്രമം വ്യത്യസ്തതപ്പെടുമെന്നും മാതാപിതാക്കളുടെ ശീലങ്ങളുമായും ഇതിന് ബന്ധമുണ്ടാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് മുലയൂട്ടി, കുഞ്ഞിനെ അരികില്‍ തന്നെ ഉറക്കിക്കിടത്തുകയാണെങ്കില്‍ അവര്‍ ഇടയ്ക്കിടെ ഉണരാനുള്ള സാധ്യത കൂടുതലാണത്രേ. എന്നാല്‍ ഇത് കുഞ്ഞിന് ശല്യമായിക്കൊണ്ടുള്ള ഉറക്കപ്രശ്‌നമാകണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

കുഞ്ഞുങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും മാതാപിതാക്കള്‍ പുലര്‍ത്തിവരുന്നുണ്ട്. ഇത്തരം ധാരണകളെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നതിനാലാണ് ആറ് മാസത്തിനിപ്പുറവും കുഞ്ഞ് രാത്രിയില്‍ കൃത്യമായി ഉറങ്ങാത്തത് 'അബ്‌നോര്‍മല്‍' ആയി തോന്നുന്നത്. ഇതില്‍ പ്രത്യേകിച്ച് അസാധാരണത്വങ്ങള്‍ ഒന്നും തന്നെയില്ല- പഠനം ഓര്‍മ്മിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് അവരുടെ ശീലങ്ങളിലേക്ക് കയറാന്‍ അവരുടേതായ സമയം അനുവദിക്കുക, ഒപ്പം തന്നെ മാതാപിതാക്കളുടെ ശീലങ്ങളും അതിനനുസരിച്ച് മാറ്റുക. ഇത്രമാത്രമേ ഈ വിഷയത്തില്‍ ചെയ്യാനുള്ളൂവെന്നും പഠനം പറയുന്നു. 

അതേസമയം കുഞ്ഞ് ഉറങ്ങാതെ കരയുകയോ, അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്നത് പതിവാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായാണോ കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നതെന്ന് സ്ഥിരീകരിക്കാനാണ് ഇത്.

Also Read:- ഞാൻ അമ്മയായത് 43ാം വയസ്സില്‍; ഗർഭം ധരിക്കാൻ ഉചിതമായ പ്രായമില്ലെന്ന് ഫറാ ഖാൻ...

click me!