'രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു, ഫലം വന്നപ്പോൾ പോസിറ്റീവ്': മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍

By Web TeamFirst Published Mar 26, 2020, 8:39 AM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നു വരുന്നവർക്ക്  മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ. വിദേശത്തു നിന്നു വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. 

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നു വരുന്നവർക്ക്  മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ. വിദേശത്തു നിന്നു വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പലരും  ഇത് അനുസരിക്കാതിതിരിക്കുന്നു. അവരോട് പത്തനംതിട്ട ജില്ലാകളക്ടർ പി. ബി നൂഹിന് പറയാനുള്ളത് ഇങ്ങനെ: 

'ഇന്നലെ പത്തനംതിട്ടയിൽ അടൂരും ആറൻമുളയിലുമുള്ള രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ 12 കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വന്നത് നെഗറ്റീവ് റിപ്പോർട്ടായതിനാൽ ഇവിടെ സുരക്ഷിതമാണെന്ന ചിന്ത ചിലർക്കുണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്'- പി. ബി നൂഹ് തന്‍റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. 

'ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബൈയിൽ നിന്ന് വന്നതാണ്. ദുബൈയിൽ നിന്നെത്തിയിട്ട് വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്‍റെ സാംപിൾ പരിശോധനയ്ക്കെടുത്തതും ക്വാറന്റീൻ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയതും. പരിശോധനയ്ക്കായി എടുക്കുമ്പോൾ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടർ അറിയിച്ചത്. എന്നാല്‍ ഫലം വന്നപ്പോൾ അത് പോസിറ്റീവായി. ഇതിനർഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണ്' -അദ്ദേഹം പറഞ്ഞു. 

രണ്ടാമത്തെയാൾ യുകെയിൽ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്. പക്ഷേ ഇവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ വളരെ പരിമിതമാണ്. ഈ വിരവങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. ജില്ലയിൽ 7361 പേർ ക്വാറന്റീനിൽ കഴിയേണ്ടവരായുണ്ട്. ഇതിൽ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏതു ജില്ലയിലായാലും ഹോം ക്വാറന്‍റൈനിൽ കഴിയേണ്ടവർ അതു ചെയ്തില്ലെങ്കിൽ, നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആർക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിർബന്ധമായും 21 ദിവസം ഹോം ക്വാറന്‍റൈന്‍ ചെയ്യുകയും നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുകയും വേണമെന്നും കളക്ടര്‍ പറയുന്നു. 

click me!