തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? വെെറലായി കുറിപ്പ്

Published : Jun 27, 2023, 06:09 PM ISTUpdated : Jun 27, 2023, 06:13 PM IST
തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? വെെറലായി കുറിപ്പ്

Synopsis

സ്ത്രീകളിൽ ഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുൻ മാധ്യമപ്രവർത്തക പവിത്ര ഉണ്ണി. 

അമിതവണ്ണമുള്ള നിരവധി സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ ഭാരം കൂടുന്നത്. വ്യായാമമില്ലായ്മയും അമിത ഭക്ഷണവുമൊക്കെയാണ് സ്ത്രീകളിൽ ഭാരം കൂടുന്നതിന് കാരണമാകുന്നതായി പലരും കരുതുന്നത്. എന്നാൽ അമിതവണ്ണം ഉണ്ടാകുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നത് പലരും അറിയാതെ പോകുന്നു.

സ്ത്രീകളിൽ ഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുൻ മാധ്യമപ്രവർത്തക പവിത്ര ഉണ്ണി. 

'തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? ഒരു വിഭാഗം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കൂ എന്ന് ഉപദേശിക്കും. മറ്റു ചിലർ മനസ്സിൽ പുച്ഛിച്ചു കൊണ്ട് ഒന്നും മിണ്ടാതെ പോകും. ചിലരുണ്ട്, ഒന്ന് ആ തടിച്ചിയെ കുത്തി നോവിക്കാതെ പോകില്ല! ഈ മൂന്ന് വിഭാഗക്കാരെയും പല കാലങ്ങളിൽ പല തീവ്രതയിൽ കണ്ടുമുട്ടുന്നവരാണ് ഞങ്ങൾ അഥവാ തടിച്ചികൾ. എന്നാൽ കേട്ടോളൂ, നിങ്ങൾ കരുതും പോലെ മടിച്ചികൾ ആയത് കൊണ്ടല്ല ഞങ്ങൾ ഇങ്ങനെ തടിച്ചിരിക്കുന്നത്...' - പവിത്ര കുറിച്ചു.

പവിത്ര ഉണ്ണി പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു...

തടിച്ചികൾ എല്ലാരും മടിച്ചികൾ അല്ല ഹേ!

തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? ഒരു വിഭാഗം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കൂ എന്ന് ഉപദേശിക്കും. മറ്റു ചിലർ മനസ്സിൽ പുച്ഛിച്ചു കൊണ്ട് ഒന്നും മിണ്ടാതെ പോകും. ചിലരുണ്ട്, ഒന്ന് ആ തടിച്ചിയെ കുത്തി നോവിക്കാതെ പോകില്ല! ഈ മൂന്ന് വിഭാഗക്കാരെയും പല കാലങ്ങളിൽ പല തീവ്രതയിൽ കണ്ടുമുട്ടുന്നവരാണ് ഞങ്ങൾ അഥവാ തടിച്ചികൾ. എന്നാൽ കേട്ടോളൂ, നിങ്ങൾ കരുതും പോലെ മടിച്ചികൾ ആയത് കൊണ്ടല്ല ഞങ്ങൾ ഇങ്ങനെ തടിച്ചിരിക്കുന്നത്.

ദേ ഇങ്ങോട്ട് നോക്കിയേ…ഈ സ്ത്രീകളുടെ ശരീരം എന്ത് കൊണ്ട് തടിക്കുന്നു, എന്ത് കൊണ്ട് അവർക്ക് തടി കുറയ്ക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞു തരാം.

തടി വയ്ക്കാനുള്ള കാരണങ്ങൾ:

*പ്രകൃതി: പ്രകൃതി ഞങ്ങളെ ചതിച്ചതാ ആശാനെ! എന്നാലും ഞങ്ങളോട് ഇത്ര ക്രൂരത പാടില്ല! സ്ത്രീ ശരീരത്തിൽ പ്രകൃത്യാ തന്നെ ഫാറ്റ് കൂടുതലാണ്. കൂടാതെ മസിൽ മാസും കുറവാണ്. എന്താ കാരണം? സ്ത്രീ ശരീരം പ്രത്യുല്പാദനം എന്ന പ്രക്രിയയിലെ പ്രധാന നടി ആയതിനാൽ ആ ശരീരം വഴക്കം ഉള്ളതാകണം, കുഞ്ഞുങ്ങളെ 9 മാസം സ്വന്തം ശരീരത്തിൽ സൂക്ഷിച്ചു വളർത്താൻ ഫാറ്റ് സ്റ്റോറേജ് വേണം. അത് കൊണ്ട് വാരിക്കോരി കൊടുത്തിട്ടുണ്ട് ഫാറ്റ് ഡെപ്പോസിറ്റ്.

*പ്രസവം: സാധാരണ പ്രസവം(അതിനെ സുഖപ്രസവം എന്ന് ഒരു പെണ്ണും വിളിക്കില്ല!) നടക്കുമ്പോൾ പെൽവിക് അസ്ഥികൾ അകന്നു മാറിയാണ് കുഞ്ഞിന് പുറത്തേക്ക് വരാൻ സഹായിക്കുന്നത്. ആ മാറിയ കക്ഷി പിന്നെ പൂർവ സ്ഥിതി പ്രാപിക്കാറില്ല. ഇവിടെയും ബയോളജിക്കലി ഞങ്ങൾ പറ്റിക്കപ്പെട്ടു ഗയ്‌സ്! ഇത് കൊണ്ടാണ് സ്ത്രീകൾക്ക് വീതിയുള്ള മധ്യ ഭാഗത്ത് കൂടുതൽ ഫാറ്റ് സ്റ്റോർ ചെയ്യപ്പെടുന്നത്.

*പ്രസവരക്ഷ മരുന്ന്: ആ അകന്നു മാറിയ പെൽവിക് അസ്ഥിയെ ഒന്ന് ഓർത്തു വച്ചേക്കണേ. കാര്യമുണ്ട്, പറയാം. പ്രസവരക്ഷ എന്ന പേരിൽ നല്ല നെയ്യിലുണ്ടാക്കിയ ലേഹ്യങ്ങൾ തീറ്റിക്കുന്ന ഒരു ഏർപ്പാട് ഉണ്ടല്ലോ. അത് കഴിച്ചാൽ വിശപ്പ് കൂടും. ഇനി അതൊന്നും ഇല്ലെങ്കിലും മുലപ്പാൽ കൊടുക്കുന്നത് കൊണ്ട് ഒടുക്കത്തെ വിശപ്പ് ആയിരിക്കും. അപ്പോൾ സ്വഭാവികമായും ആ ഒന്ന് രണ്ടു വർഷം സ്ത്രീ കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ട്. പാല് കൊടുക്കാൻ ഇരിപ്പും കൂടി ആകുമ്പോൾ പെൽവിക് അസ്ഥികൾക്ക് ഇടയിലേക്ക് ഈ അധിക കാലറി ഒക്കെ ഫാറ്റ് ആയി സ്റ്റോർ ആകും.

*ജനറ്റിക്സ്: ഇന്ത്യൻ സ്ത്രീകളുടെ ജനുസ് എന്നത് ആപ്പിൾ/പെയർ ബോഡി ആണ്. അതായത് അവർക്ക് വണ്ണമുള്ള കൈകളും തുടകളും ഇടുപ്പും ഒക്കെ ഉണ്ടാകും. ആഫ്രിക്കൻ സ്ത്രീകളുടെ ശരീരപ്രകൃതി, അമേരിക്കൻ സ്ത്രീകളുടെ ശരീരപ്രകൃതി ഒക്കെ നോക്കിയാൽ ആ വ്യത്യാസം മനസിലാക്കാം. ഗൂഗിൾ ചെയ്താൽ മതി. നേരിട്ട് പോയി നോക്കി വെറുതെ പ്രശ്നം ഉണ്ടാക്കരുത്.

*സിസേറിയൻ പ്രസവത്തിന്റെ ബാക്കിപത്രമായ കുടവയർ: നോർമൽ ഡെലിവറിക്കാർക്ക് ഇടുപ്പിൽ വീതി ആണ് കൂടുന്നത് എങ്കിൽ സിസേറിയൻ പ്രസവക്കാർക്ക് വയർ ആണ് മെയിൻ. അതിന് പ്രധാന കാരണം വയർ കീറി മുറിക്കുമ്പോൾ മസിലും മുറിക്കുന്നുണ്ട് എന്നതാണ്. കൂടാതെ ഡയ്സ്റ്റിക് റെക്റ്റി എന്നൊരു അവസ്ഥയോ ഉമ്പ്ളിക്കൽ ഹെർണിയ ഒക്കെ സിസേറിയൻ കൊണ്ട് ചിലർക്ക് ഉണ്ടാകാം. സാധാരണ പ്രസവത്തിലും ഇത് സംഭവിക്കാം. വയർ വീർക്കുമ്പോൾ ആന്തരിക അവയങ്ങളുടെയും വയറിലെ മസിലിന്റെയും മേൽ സമ്മർദം കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഇതൊക്കെ നിത്യഗർഭിണി ആണെന്ന് തോന്നിക്കുന്ന വയറിന് കാരണമാകാം.

*ഹോർമോൺ: സ്ത്രീ ശരീരം 30 ദിവസത്തിൽ ചാക്രികമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു എന്നറിയാമല്ലോ. അതിൽ ആകെ ഒരാഴ്ച മാത്രമേ ഡയറ്റ് ഒക്കെ പറ്റൂ.ബാക്കി ദിവസങ്ങളിൽ എൻജിൻ ഔട്ട്‌ കംപ്ലീറ്റ്ലി ഓവുലേഷൻ, PMS(ആർത്തവപൂർവ മൂഡ് സ്വിങ്സ്), ബ്ലീഡിംഗ് ആഴ്ചകൾ തുടങ്ങിയ ബാക്കി 3 ആഴ്ചകളിൽ ഞങ്ങൾ എന്ത് കഴിക്കുന്നു എന്നത് തീരുമാനിക്കുന്നത് ഹോർമോൺ ചേച്ചിയാണ്. മധുരം, ഉപ്പ്, എരിവ് എന്ന് വേണ്ട എന്തൊക്കെ കഴിക്കാൻ തോന്നും എന്ന് ഡിങ്കന് പോലും അറിയില്ല! PCOD, PCOS ഒക്കെ ഉള്ളവർക്ക് ആണെങ്കിൽ പിന്നെ ഇതിൽ ഒരു കൃത്യമായ കണക്കുകൂട്ടലും നടക്കില്ല. ആർത്തവം അതിന് തോന്നുമ്പോൾ വരും, തോന്നുമ്പോൾ പോകും. ഈ ഹോർമോൺ വ്യതിയാനം കൊണ്ട് സ്ത്രീകൾക്ക് അവരുടെ ഡയറ്റ് പലപ്പോഴും കൈയിന്ന് പോകാറാണ് പതിവ്!

ഇനി വേറെ ഒരു വൃത്തികെട്ടവനുണ്ട്-തൈറോയ്ഡ്. സമ്മർദം കൊണ്ടാണ് സ്ത്രീകളിൽ കൂടുതലായി തൈറോയ്ഡ് കുറവ് ഉണ്ടാകുന്നത് എന്ന് പറയുന്നുണ്ട്. പ്രസവം,മുലയൂട്ടൽ,പേരെന്റിങ് വെല്ലുവിളികൾ, തുല്യത എന്തെന്ന് അറിയാത്ത പങ്കാളികൾ, സ്വകാര്യത എന്തെന്ന് അറിയാത്ത ഭർതൃവീട്ടുകാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ, കൂടെ പ്രസവഅവധി നീട്ടാൻ പറ്റാത്ത ജോലി കൂടി ആണെങ്കിൽ…ഹോ! എന്തൊരു സമ്മർദരഹിത ജീവിതമാണ് ഇന്ത്യൻ സ്ത്രീകൾക്ക്. അസൂയ തോന്നുന്നില്ലേ?
എന്തായാലും തൈറോയ്ഡ് കുറവ് ഉള്ളവർക്ക് സ്ലോ മെറ്റബോളിസം ആയിരിക്കും. അവർക്ക് വ്യായാമം ചെയ്യാനുള്ള ഊർജവും ലഭിക്കില്ല. ഒപ്പം മധുരവും സിംപിൾ കാർബും കഴിപ്പിച്ചു പെട്ടെന്ന് ഊർജം ഉണ്ടാക്കാൻ ശരീരം ശ്രമിക്കുകയും ചെയ്യും. സന്തോഷായില്ലേ അരുണേട്ടാ!

*ഉറക്കം: പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ഉറക്കം ആവശ്യമുള്ളവരാണ് സ്ത്രീകൾ. ഞാൻ പറയുന്നത് അല്ല, ശാസ്ത്രം പറയുന്നതാണ്. എന്നാൽ ഭൂരിപക്ഷം ഇന്ത്യൻ വീടുകളിലും ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും സ്ത്രീയാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ ഉത്പാദനം കൂടും. അതും തടി കൂടാൻ ഒരു കാരണമാകും.

ചലനം കുറയുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതും മാത്രമല്ല തടിയുടെ കാരണം എന്ന് മനസിലായല്ലോ. വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും ഒക്കെ പല സ്ത്രീകളും ആരോഗ്യകരമായ ശരീരം പുനർനിർമിക്കാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് അറിയാം അവരുടെ യാത്ര. അതിനെ കുറച്ചു കാണരുത്.

ഇനി വേറെ ഒന്ന് കൂടിയുണ്ട്. ആന്റി ഡിപ്രെസന്റുകൾ പോലുള്ള ചില മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ, ഹോർമോണൽ IUD കൾ, പ്രീ മെനോപോസ് അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാരണങ്ങൾ ഉണ്ട് തടിച്ചികൾക്ക് പറയാൻ.

സിനിമ താരങ്ങളെ താരതമ്യം ചെയ്തു കൊണ്ട് സ്ത്രീകളെ കളിയാക്കുന്ന ഒരുപാട് കമെന്റുകൾ കാണാറുണ്ട്. 50 ലും സുന്ദരിയായ ഐശ്വര്യ റായിനെ കാണുമ്പോൾ വീട്ടിൽ ഉള്ളതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു എന്ന് തമാശിക്കുന്നവർ അറിയാൻ…

അവരുടെ കരിയറിൽ മുൻഗണന അവരുടെ ഫിറ്റ്‌ ആയ സുന്ദരമായ ശരീരത്തിനാണ്. അതുകൊണ്ട് അവർ അതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് സർജറിയുടെയും കോസ്മെറ്റിക് ട്രീറ്റ്മെന്റുകളുടെയും ഹെയർ ട്രാൻസ്‌പ്ലാന്റുകളുടെയും പേർസണൽ സെലിബ്രിറ്റി ട്രെയിനറുകളുടെയും മാനേജർ മുതൽ ഹെയർ ഡ്രസ്സർ വരെയുള്ള നീണ്ട സ്റ്റാഫുകളുടെയും പിൻബലം അവർക്ക് ഉണ്ടെന്ന് മറക്കരുത്. നിങ്ങളുടെ വീട്ടിലെ അല്ലെങ്കിൽ പരിചയത്തിൽ ഉള്ള സ്ത്രീകളിൽ 90% ഉം സിംഗിൾ വൈഫ്‌(വീട്, കുട്ടികൾ എന്നീ ചുമതലകളിൽ പാർട്ണർഷിപ് ഇല്ലെന്ന്) ആണെന്നും മറക്കരുത്. നിങ്ങളൊക്കെ കുടുംബങ്ങൾ തുല്യതയിൽ നിലനിർത്താൻ ശ്രമിക്കുമ്പോൾ സ്ത്രീകൾക്കും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടുമെന്നും മറക്കരുത്.

ഇനി എന്തൊക്കെ സൗകര്യം ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ പല ശാരീരിക മാനസിക പ്രശ്നങ്ങൾ ഉള്ളവർ തടിച്ചികളായി തുടരുന്നത് മടിച്ചികൾ ആയത് കൊണ്ടല്ല. വിദ്യ ബാലനോ സമീറ റെഡ്ഢിക്കോ അപർണ ബാലമുരളിക്കോ നിത്യ മേനോനോ മഞ്ജിമയ്ക്കോ ഒന്നും അത് പറ്റാത്തത് അവരുടെ ശരീരം അതിന് സമ്മതിക്കുന്നില്ല എന്ന് തന്നെയാണ് അർത്ഥം.

സ്ത്രീകൾ തിന്ന് തിന്നാണ് തടിക്കുന്നത് എന്ന് പറയുന്ന ചില പുരുഷ ഡോക്ടർമാർ വരെയുണ്ട്. അനുഭവിക്കാത്തവയെക്കുറിച്ച് എന്തും പറയാമല്ലോ! നിങ്ങൾക്ക് ഒന്നും ഒരിക്കലും മനസിലാക്കാൻ പറ്റില്ലെടോ സ്ത്രീ ആയി ജീവിക്കുക എന്നതിലെ വെല്ലുവിളികൾ. അതുകൊണ്ട് ഞങ്ങളുടെ തടി ഞങ്ങൾ താങ്ങിക്കോളാം. നിങ്ങൾ പോയി ആ മമ്മൂട്ടിയെ കണ്ടുപഠിക്ക് എന്ന് ഞങ്ങൾ പറയില്ല. കാരണം നിങ്ങൾക്കാർക്കും മമ്മൂട്ടിയുടെ ജീവിതസാഹചര്യങ്ങൾ അല്ല എന്നറിയാം.

Read more പഞ്ചസാരയുടെ അമിത ഉപയോഗം ചർമ്മത്തെ ബാധിക്കുന്നത് എങ്ങനെ?

ഓരോ സെലിബ്രിറ്റി വെയിറ്റ് ലോസ് വാർത്തകൾ കാണുമ്പോൾ ഞാൻ എന്തൊക്കെ ചെയ്തിട്ടും എന്റെ വെയ്റ്റ് കുറയുന്നില്ല എന്ന് പറഞ്ഞു വിഷമിക്കുന്ന പെണ്ണുങ്ങളെ, ആരോഗ്യം ആണ് പ്രധാനം. അതിന് വേണ്ടി നല്ല ഭക്ഷണ രീതികളും അല്പം വ്യായാമവും വേണം. ഇഷ്ടമുള്ള വേഷങ്ങൾ ഇട്ടു സന്തോഷമായി ഇരിക്കൂ. തടിച്ചികൾ ഒക്കെ മിടുക്കികൾ ആണ്.
©പവിത്ര ഉണ്ണി
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ