'മരണത്തിന്റെ നിമിഷങ്ങളില്‍ കേള്‍വി പ്രവര്‍ത്തിക്കും'; പുതിയ പഠനം...

By Web TeamFirst Published Jul 11, 2020, 11:00 PM IST
Highlights

ഈ പഠനം ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മരണാസന്നരായ രോഗികള്‍ക്ക് സമാധാനപൂര്‍ണ്ണമായ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ ബന്ധുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ കഴിയണം. അതിന് ഈ പഠനം പ്രയോജനപ്പെടും എന്നാണ് ഗവേഷകര്‍ പറയുന്നത്. മരണം ഉറപ്പായ ഒരു വ്യക്തിയുടെ സമീപത്ത് അയാള്‍ക്ക് കേള്‍ക്കാനിഷ്ടമുള്ള ശബ്ദം, അത് ആരുടേതുമാകാം- കേള്‍പ്പിക്കാനായാല്‍ ഒരുപക്ഷേ ഏറ്റവും സ്വസ്ഥമായ യാത്രയായി അവര്‍ക്ക് മരണത്തെ അനുഭവിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇവരുടെ പക്ഷം

മരണം എന്നത് എപ്പോഴും നമുക്ക് ഒരായിരം സംശയങ്ങളും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും സമ്മാനിക്കുന്ന ചിന്തയാണ്. എന്താണ് മരണത്തില്‍ സംഭവിക്കുന്നത്? മരിച്ചുപോകുന്ന ഒരാളുടെ അവസാന നിമിഷങ്ങളുടെ അനുഭവം എന്താണ്? എന്നിങ്ങനെ പല തരത്തിലുള്ള അവ്യക്തതകളാണ് നമ്മളിലുള്ളത്. 

ഈ സംശയങ്ങളില്‍ പലതിനും ശാസ്ത്രത്തിന് അതിന്റേതായ മറുപടികളും വിശദീകരണങ്ങളുമുണ്ട്. ചിലതിനാകട്ടെ ഉത്തരം നല്‍കാന്‍ ഇതുവരേക്കും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. എങ്കിലും മരണത്തോട് അടുത്തുനില്‍ക്കുമ്പോള്‍ അവസാന നിമിഷങ്ങളില്‍ നമ്മളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ കാര്യങ്ങളെ കുറിച്ച് മുമ്പ് പല പഠനങ്ങളും സൂചനകള്‍ നല്‍കിയിട്ടുണ്ട്. 

എന്നാല്‍ അല്‍പം കൂടി വ്യക്തമായ ഒരു കണ്ടെത്തലുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് 'യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. മരണത്തിന്റെ സമയത്ത്, ആ അവസാന നിമിഷങ്ങളില്‍ എത്ര അബോധാവസ്ഥയിലാണെങ്കിലും ആളുകളുടെ കേള്‍വി ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

പൂര്‍ണ്ണ ആരോഗ്യത്തിലുള്ള ഒരു സംഘം ആളുകളുടേയും മരണാസന്നരായ ഒരു സംഘം ആളുകളുടേയും തലച്ചോറിന്റ പ്രവര്‍ത്തനം 'ട്രാക്ക്' ചെയ്താണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. 'ഇലക്ട്രോ എന്‍സഫലോഗ്രാഫി' (ഇഇജി) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ മനസിലാക്കിയത്. 

അതായത്, മരണാസന്നരായ രോഗികള്‍ ബോധാവസ്ഥയിലിരിക്കുമ്പോഴും, മരണത്തോട് അടുത്ത് അബോധാവസ്ഥയിലേക്ക് പ്രവേശിച്ചപ്പോഴും അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗവേഷകര്‍ നിരീക്ഷിച്ചു. ഒപ്പം തന്നെ 'നോര്‍മല്‍' ആയ സംഘത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചു. എല്ലാവരുടെ തലച്ചോറും പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കുന്നതായി ഈ പരീക്ഷണത്തിലൂടെ ഗവേഷകര്‍ക്ക് മനസിലാക്കാനായി. 

'നമ്മള്‍ മരണം പ്രതീക്ഷിച്ച രോഗികളില്‍, അവസാന നിമിഷങ്ങളില്‍ അവര്‍ അബോധാവസ്ഥയിലാകാറുണ്ട്. പക്ഷേ ആ അവസ്ഥയിലും പുറത്തുനിന്ന് കേള്‍ക്കുന്ന സംസാരം ഉള്‍പ്പെടെയുള്ള ശബ്ദങ്ങളോട് അവരുടെ തലച്ചോര്‍ പ്രതികരിക്കുന്നുണ്ട് എന്നാണ് പഠനത്തിലൂടെ ഞങ്ങള്‍ക്ക് മനസിലാക്കാനായത്. ഈ പ്രവര്‍ത്തനം മരണം വരെ നീണ്ടുനിന്നേക്കാം. എന്നാല്‍ അവര്‍ കേള്‍ക്കുന്ന ശബ്ദം എന്താണെന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ടോ, ആളുകളെ തിരിച്ചറിയുന്നുണ്ടോ,  ഭാഷയോ ആശയമോ അര്‍ത്ഥമോ തിരിച്ചറിയുന്നുണ്ടോ എന്നതൊന്നും വ്യക്തമല്ല. ശബ്ദങ്ങള്‍ തീര്‍ച്ചയായും തലച്ചോറിലെത്തുകയും അതിനോട് അവര്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്...' - പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക എലിസബേത്ത് ബ്ലണ്ടന്‍ പറയുന്നു. 

ഈ പഠനം ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മരണാസന്നരായ രോഗികള്‍ക്ക് സമാധാനപൂര്‍ണ്ണമായ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ ബന്ധുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ കഴിയണം. അതിന് ഈ പഠനം പ്രയോജനപ്പെടും എന്നാണ് ഗവേഷകര്‍ പറയുന്നത്. മരണം ഉറപ്പായ ഒരു വ്യക്തിയുടെ സമീപത്ത് അയാള്‍ക്ക് കേള്‍ക്കാനിഷ്ടമുള്ള ശബ്ദം, അത് ആരുടേതുമാകാം- കേള്‍പ്പിക്കാനായാല്‍ ഒരുപക്ഷേ ഏറ്റവും സ്വസ്ഥമായ യാത്രയായി അവര്‍ക്ക് മരണത്തെ അനുഭവിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇവരുടെ പക്ഷം. 

Also Read:- 'അമ്മേ.. ഞാൻ മരിച്ചുപോയാൽ...'; മരണത്തെ കുറിച്ച് കുഞ്ഞിനോട് പറയേണ്ടി വന്നാല്‍...

click me!