Asianet News MalayalamAsianet News Malayalam

'അമ്മേ.. ഞാൻ മരിച്ചുപോയാൽ...'; മരണത്തെ കുറിച്ച് കുഞ്ഞിനോട് പറയേണ്ടി വന്നാല്‍...

നമ്മുടെ ഉള്ളിൽ അവസാന നിമിഷം വരേയ്ക്കും പ്രതീക്ഷകൾ അസ്തമിക്കില്ല. തുരങ്കത്തിൽ ഇരുൾ മാത്രം വന്നു മൂടിയിരിക്കുമ്പോഴും അങ്ങ് അറ്റത്തായി ഒരു പൊട്ടു വെളിച്ചം ഏതൊരമ്മയുടെയും അച്ഛന്റെയും മനസ്സ് കണ്ടെത്തും. അതിൽ കടിച്ചുതൂങ്ങി നമ്മൾ പ്രതീക്ഷ വിടാതെ നില്‍ക്കും ഒടുക്കം വരേയ്ക്കും. അങ്ങനെയിരിക്കെ, നമ്മുടെ കുരുന്ന് അവന്റെ/അവളുടെ  മരണത്തെപ്പറ്റി ചോദിച്ചാൽ നമ്മൾ എന്തുപറയും..? 

how to talk about death to kids
Author
Thiruvananthapuram, First Published Mar 24, 2019, 1:32 PM IST
  • Facebook
  • Twitter
  • Whatsapp

ഓസ്‌ട്രേലിയയിലെ പോർട്സ്‌മൗത്തിൽ ലിഡിയ വാൽഡെസ് എന്ന എട്ടുവയസ്സുകാരി ഉറങ്ങാനുള്ള പരിശ്രമത്തിലായിരുന്നു. അവളുടെ തലമുടി തടവിക്കൊണ്ട്  അമ്മ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന്, അവളൊരു സംശയം ചോദിച്ചു. "അമ്മാ.. ഞാൻ ഇപ്പോൾ മരിച്ചുപോയാൽ, എനിക്ക് സ്വർഗത്തിൽ ചെല്ലുമ്പോൾ വളർന്ന് വലിയ കുട്ടിയാവാനൊക്കെ പറ്റോ..? ദൈവം സമ്മതിക്കോ..?" 

ഇത് 2012 -ലെ കാര്യമാണ്. കുഞ്ഞു ലിഡിയയ്ക്ക് കാൻസർ സ്ഥിരീകരിച്ചിട്ട് ഒന്നരവർഷമാവാറായിരുന്നു. ബയോപ്സി പോസിറ്റീവായ ശേഷം അവൾ ഉയിരോടിരുന്നത് ആകെ രണ്ടു വർഷവും ഒരു മാസവുമാണ്. 

വരുമെന്ന് നേരത്തെ അറിഞ്ഞുവെച്ചാൽ, മരണത്തെപ്പോലും അവർ പുഞ്ചിരിച്ചുകൊണ്ടുതന്നെ വരവേൽക്കും

"എന്റെ മുന്നിൽ ഒരു വാതിൽ തുറന്നു കിട്ടിയ പോലെ അപ്പോൾ എനിക്ക് തോന്നി. എന്റെ നെഞ്ചും പിളർന്നുകൊണ്ടാണ് ആ വാതിൽ തുറക്കുന്നതെങ്കിലും.. അത് അടഞ്ഞുപോവാതെ തുറന്നുതന്നെ പിടിക്കാൻ ഞാനുറച്ചു.. " അവളുടെ അമ്മ പറഞ്ഞു. 

മരണത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ വളരെ വൈകാരികമാണ്. മുതിർന്നവർ തമ്മിൽത്തന്നെ അത് വളരെ വിഷമകരമായ ഒന്നാണ്. നമ്മൾ പെറ്റുവളർത്തിയ കുഞ്ഞുങ്ങൾക്ക് മാരകമായ അസുഖങ്ങൾ വന്ന് അവർ മരിച്ചുപോകും എന്ന അവസ്ഥ വരുമ്പോൾ വിശേഷിച്ചും ആകെ വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിൽ അകപ്പെടും നമ്മൾ. അവരുടെ നിഷ്കളങ്കമായ സംശയങ്ങൾ നമ്മളെ സങ്കടത്തിന്റെ കാണാക്കയങ്ങളിൽ ആഴ്ത്തും. തങ്ങളുടെ മക്കളെ അവരുടെ ആസന്നമായ മരണത്തിലേക്ക് കൈപിടിച്ച് നടത്തുകയെന്നത് ഏത് രക്ഷിതാക്കൾക്കും ഹൃദയഭേദകമായ ഒരു അനുഭവമാണ്.

നമ്മുടെ ഉള്ളിൽ അവസാന നിമിഷം വരേയ്ക്കും പ്രതീക്ഷകൾ അസ്തമിക്കില്ല. തുരങ്കത്തിൽ ഇരുൾ മാത്രം വന്നു മൂടിയിരിക്കുമ്പോഴും അങ്ങ് അറ്റത്തായി ഒരു പൊട്ടു വെളിച്ചം ഏതൊരമ്മയുടെയും അച്ഛന്റെയും മനസ്സ് കണ്ടെത്തും. അതിൽ കടിച്ചുതൂങ്ങി നമ്മൾ പ്രതീക്ഷ വിടാതെ നില്‍ക്കും ഒടുക്കം വരേയ്ക്കും. അങ്ങനെയിരിക്കെ, നമ്മുടെ കുരുന്ന് അവന്റെ/അവളുടെ  മരണത്തെപ്പറ്റി ചോദിച്ചാൽ നമ്മൾ എന്തുപറയും..? 

പീഡിയാട്രിക് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, മാനസികവികാസം ആവശ്യത്തിനുള്ള, മരണത്തെക്കുറിച്ച് ആശങ്കകളും സംശയങ്ങളുമുള്ള ടെർമിനൽ ആയ കുഞ്ഞുങ്ങൾക്ക് അവയെ ഗൗരവതരമായി പരിഗണിച്ച് വ്യക്തമായ മറുപടികൾ നൽകിയില്ലെങ്കിൽ അത് ആർക്കും നല്ലതിനാവില്ല. അവനവന്റെ മരണത്തിലേക്ക് നിശ്ശബ്ദം നടന്നടുക്കുന്ന നമ്മുടെ കുരുന്നുകൾക്ക്, ഒരുനാൾ വന്നുകേറി അവരോട് മിണ്ടിപ്പറഞ്ഞ് ഒടുവിൽ അവരുടെ കുരുന്നു വിരലുകളിൽ പിടിച്ച് അവരെയും കൊണ്ട് നടന്നലാൻ പോവുന്ന മരണമെന്ന വിരുന്നുകാരനെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കുന്നത്, അവർക്ക് സത്യത്തിൽ എത്രയോ ആശ്വാസകരമാവും. 

ചില അച്ഛനമ്മമാർ കരുതുന്നത് തങ്ങളുടെ മക്കളോട് അവരുടെ ഉറപ്പായ മരണത്തെക്കുറിച്ച് പറയാതിരിക്കുന്നത് അവരെ സംരക്ഷിക്കുന്നതാണെന്നാണ്. എന്നാൽ, അതങ്ങനെയല്ല. കാൻസർ പോലെയുള്ള ഗുരുതരമായ അസുഖങ്ങളിലൂടെയും അവയ്ക്കുള്ള കീമോ, റേഡിയേഷൻ തുടങ്ങിയ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന ചികിത്സാ ക്രമങ്ങളിലൂടെയും കടന്നുപോവുന്ന മക്കൾ അവരുടെ മരണം അടുത്തെത്തിയ വിവരം നമ്മൾ പറയാതെ തന്നെ അറിയും. തങ്ങളെക്കാണുമ്പോൾ വിതുമ്പുന്ന അച്ഛനമ്മമാരും ബന്ധുക്കളും കൂട്ടുകാരും അവരെ അതോർമ്മിപ്പിക്കും. ശരീരത്തിനുള്ളിൽ നടക്കുന്ന മല്ലയുദ്ധങ്ങൾ അവരെ അതേപ്പറ്റി മറക്കാൻ അനുവദിക്കില്ല. അപ്പോൾ പിന്നെ അവരോട് അതേപ്പറ്റി എന്തിന് സംസാരിക്കാതിരിക്കണം..? കുഞ്ഞുമനസ്സുകൾക്കുള്ളിൽ ആകെ സംഘർഷങ്ങളാവും. മരണമെന്ന സങ്കൽപം മുതിർന്ന നമുക്കുതന്നെ ആകെ അജ്ഞാതമായ ഒന്നാണ്. അപ്പോൾ പിന്നെ അവർക്കും കാണില്ലേ സ്വാഭാവികമായും മരണ, മരണാന്തര ജീവിത, മോക്ഷങ്ങളെപ്പറ്റിയൊക്കെയുള്ള സംശയങ്ങളും ആശങ്കകളും..? അതൊക്കെ ചോദിച്ചറിഞ്ഞ് വ്യക്തമാക്കിക്കൊടുക്കാൻ നമ്മുടെ മക്കൾക്ക് നമ്മളല്ലാതെ പിന്നാരാണുള്ളത്..? അതുകൊണ്ട് അതേപ്പറ്റി ഒരിക്കലും സംസാരിക്കാതിരിക്കരുത് നമ്മൾ. 

എത്ര സത്യസന്ധമായി അവരോട് ഇടപെടാമോ അത്രയും നല്ലത്. കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ നമ്മുടെ കുഞ്ഞുങ്ങൾക്കു വന്നാൽ അവർക്ക്  എന്ത് പ്രതീക്ഷിക്കണം എന്നറിയാനാവും. കുഞ്ഞുങ്ങളല്ലേ... അവരുടെ പ്രധാന പ്രശ്നം അവർ പ്രതീക്ഷിക്കുമ്പോലെ കാര്യങ്ങൾ നടക്കാതിരിക്കുന്നതു മാത്രമാണ്. അതുമാത്രമാണ് അവരെ സങ്കടപ്പെടുത്തുന്നത്. വരുമെന്ന് നേരത്തെ അറിഞ്ഞുവെച്ചാൽ, മരണത്തെപ്പോലും അവർ പുഞ്ചിരിച്ചുകൊണ്ടുതന്നെ വരവേൽക്കും.. കുഞ്ഞുങ്ങൾ അത്രയ്ക്കും നിഷ്കളങ്കരാണ്. അവർക്കൊരു നിർബന്ധമേ കാണൂ.. പറഞ്ഞു പറ്റിക്കരുത്..!

മരണത്തെപ്പറ്റി അവർക്കുള്ള ധാരണകൾ, അവ എത്ര ബാലിശവും അപക്വവും വാസ്തവ വിരുദ്ധവുമാട്ടെ, നിങ്ങളോട് പങ്കുവെക്കാൻ അവരെ അനുവദിക്കണം. തങ്ങളുടെ മരണത്തെപ്പറ്റിയുള്ള അവരുടെ കണക്കുകൂട്ടലുകൾ മുഴുവൻ കേട്ട ശേഷം മാത്രമേ നിങ്ങൾ അതിലെ നെല്ലും പതിരും വേർപ്പെടുത്തിക്കൊടുക്കാൻ പാടുള്ളൂ. അവരുടെ ചോദ്യങ്ങൾക്ക് ക്ഷമാപൂർവം മറുപടി നൽകണം. 

നിങ്ങളുടെ കുഞ്ഞിന്റെ മാനസിക വികാസമാണ്  നിങ്ങൾ അവരോട് മരണത്തെപ്പറ്റി എന്തുപറയുന്നു എന്നത് തീരുമാനിക്കുന്ന ഘടകം. നഴ്‌സറിയിൽ പഠിക്കുന്ന കണ്ണും കാതുമുറയ്ക്കാത്ത പിഞ്ചുകളോട് മരണത്തെപ്പറ്റി ഒരുപാട് യഥാതഥമായി സംസാരിക്കേണ്ട കാര്യമില്ല. ഒരിത്തിരി ഭാവന കലർത്തി, കാല്പനികമാക്കി പറഞ്ഞാൽ മതി. സന്തോഷത്തോടെ പൊയ്ക്കോട്ടേ അവർ. മരണാനന്തര ജീവിതത്തിന്റെ അനന്തതയെപ്പറ്റിയൊന്നും പറഞ്ഞാൽ അവർക്ക് കലങ്ങിയെന്നു വരില്ല. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മരണത്തെ ഒരു അന്തിമമായ വിടവാങ്ങൽ എന്ന പോലെ പരിചയപ്പെടുത്തിയാൽ മതി. ഒരു വിനോദയാത്ര പോലെ, ആ വാതിലിന്റെ അപ്പുറത്ത് ഒരുപാട് കാഴ്ചകളുണ്ടെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. അത് മരണത്തിന്റെ വേദനകളെ അതിജീവിക്കാൻ അവരെ സഹായിക്കും. 

തങ്ങളുടെ ജീവിതത്തിൽ അവർ മുമ്പ് കണ്ടിട്ടുള്ള അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സംസാരവും അവരെ കാര്യങ്ങളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കും. കുഞ്ഞുങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് പലപ്പോഴും വല്ലാത്ത ആഴമുണ്ടാവും. അതുകൂടി പരിഗണിച്ചുവേണം മറുപടി പറയാൻ.." അമ്മൂമ്മ മരിച്ചപ്പോൾ അമ്മൂമ്മയ്ക്ക് എന്താ പറ്റിയേ.. ? " എന്ന വളരെ നിഷ്കളങ്കമെന്നു പുറമേക്ക് തോന്നാവുന്ന ഒരു ചോദ്യത്തിലൂടെ കുഞ്ഞ് അറിയാനാഗ്രഹിക്കുന്നത് യഥാർത്ഥത്തിൽ, "താൻ മരിച്ചാൽ തനിക്കെന്തുപറ്റും.." എന്നാണ്.. ആ വ്യംഗ്യാർത്ഥങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള മറുപടികൂടി കരുതണം നമ്മൾ. 

ചെറിയ കുട്ടികളാണെങ്കിൽ അവർക്ക് ചിലപ്പോൾ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെയാവും കാര്യങ്ങൾ എളുപ്പം മനസ്സിലാവുക. ഡോറയ്ക്ക് സുഖമില്ലാതെയായി. അപ്പോൾ ഡോറ ഇങ്ങനെ ചെയ്തു.. അല്ലെങ്കിൽ ഛോട്ടാ ഭീമിന് കാൻസർ വന്നപ്പോൾ ഭീം കീമോ ചെയ്തു.. എന്നിട്ട് ഗ്രാമത്തിലേക്ക് തിരിച്ചുവന്ന് ടുൺടുൺ ആന്റിയുടെ കയ്യിൽ നിന്നും ലഡ്ഡുവാങ്ങിക്കഴിച്ച് ശക്തി തിരിച്ചു പിടിച്ചു.. അല്ലെങ്കിൽ ബാലവീർ റേഡിയേഷനെ ഇങ്ങനെ നേരിട്ടു. അങ്ങനെയങ്ങനെ കഥകൾ പറയാം.  പതുക്കെ ആ കഥകളിലൂടെ മരണത്തെയും അവർക്കുമുന്നിൽ കൊണ്ടുവെയ്‌ക്കാം. 

അവർക്കെന്തു മോഹങ്ങളുണ്ടെങ്കിലും അത് ആവും വിധം സാധിച്ചു നൽകണം

കാൻസർ പോലെ വളരെ വേദനാജനകമായ ലക്ഷണങ്ങളുള്ള അസുഖങ്ങളിലൂടെ കടന്നുപോവുന്ന കുട്ടികളാണെങ്കിൽ മരണമെന്നത്, ആ വേദനകളൊക്കെ അലിഞ്ഞില്ലാതാവുന്ന ഒരു നല്ല കാര്യമെന്ന് പരിചയപ്പെടുത്താം. അപ്പോൾ അതിനെ പേടിക്കുന്നതിനുപകരം അവർ പ്രതീക്ഷയോടെ കാത്തിരിക്കും.  മനസ്സിൽ അതേപ്പറ്റി ആശങ്കകൾക്ക് പകരം ജിജ്ഞാസകളും കുതൂഹലങ്ങളും നിറയും. മരിക്കുമെന്നുറപ്പായാൽ, എന്നും രാത്രി കഥകൾ പറഞ്ഞുറക്കണം നിങ്ങളുടെ കുഞ്ഞിനെ. നിങ്ങളുടെ കഥകൾ  കുഞ്ഞിനെ കൈപിടിച്ച് നടത്തിക്കോളും മരണത്തിനുമപ്പുറത്തേക്ക്. 

നിങ്ങളുടെ ജീവിതത്തെ നിങ്ങളുടെ കുഞ്ഞോമനകൾ എത്ര സ്‌പെഷ്യൽ ആക്കിയിട്ടുണ്ട് എന്നവരോട് പറയണം നിങ്ങൾ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു മാത്രം ജീവിച്ചവരാണ് അവരെന്ന് അവരോട് പറയണം. അതറിയുമ്പോൾ നിറഞ്ഞ മനസ്സോടെ അവർക്ക് മരണത്തെ പുൽകാനാവും. തങ്ങളുടെ ജീവിതങ്ങളെ സാർത്ഥകമാക്കിയവരാണ് തങ്ങളെന്ന തോന്നൽ അവർക്ക് ഏറെ ആശ്വാസം പകരും. 

കഴിയുന്നത്ര ദിവസം സ്‌കൂളിൽ പോവാനും മറ്റുള്ള കൂട്ടുകാരുമായി ഇടപഴകാനും അവരെ പ്രോത്സാഹിപ്പിക്കണം. അത് ചിലപ്പോൾ അവരെ പിന്നെയും കുറേനാൾ ജീവൻ നിലനിർത്താൻ സഹായിക്കും. ഒരാൾ മരിച്ചുപോവുന്നത് ശരീരം മരിക്കുമ്പോൾ മാത്രമല്ല. മനസ്സിലെ വിളക്ക് കെട്ടുപോവുമ്പോൾ കൂടിയാണ്. ദിവസവും സ്‌കൂളിൽ പോയി, എന്നും പുതിയ പുതിയ രസങ്ങളിൽ ഏർപ്പെട്ടുകൊണ്ടുവേണം കുഞ്ഞ് അസുഖത്തിന്റെ അവസാനഘട്ടത്തിലേക്കും കടക്കാൻ. അല്ലാതെ ഒരു കിടക്കയിൽ ചടഞ്ഞുകൂടിക്കിടന്ന് ആകെ വിഷാദത്തിൽ മുങ്ങി  മരിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. കഴിയുന്നത്ര ദിവസം സ്‌കൂളിൽ പോട്ടെ കുട്ടി. തീരെ വയ്യാതെ ആയാൽ മാത്രമേ അത് നിർത്താവൂ. 

മരണം ഏതാണ്ടുറപ്പായാൽ, കുട്ടികളോട് അവരുടെ അന്തിമാഭിലാഷങ്ങളെക്കുറിച്ചും സംസാരിക്കണം. ഒരു മോഹങ്ങളും മനസ്സിൽ ബാക്കിനിർത്തിയിട്ടാവരുത് അവർ മടങ്ങുന്നത്. ഐസ്ക്രീമോ, ചോക്കലേറ്റോ, സിനിമകാണലോ, ടൂറുപോവലോ, പ്രിയതാരങ്ങളെ കണ്ടുമുട്ടലോ, ആകാശയാത്ര നടത്തലോ അങ്ങെനെ അവർക്കെന്തു മോഹങ്ങളുണ്ടെങ്കിലും അത് ആവും വിധം സാധിച്ചു നൽകണം. നിറഞ്ഞ മനസ്സോടെയാവണം അവർ നമ്മെ വിട്ടുപോവുന്നത്. 

പല വീടുകളിലും കുട്ടികൾ തിരിച്ച് മാതാപിതാക്കളോട് തങ്ങളുടെ മരണത്തെക്കുറിച്ച് തമാശകൾ പൊട്ടിക്കുന്ന കാലം

ഒട്ടും എളുപ്പമല്ല മേല്പറഞ്ഞത്. പക്ഷേ, വളരെ അത്യാവശ്യമായ ഒന്നാണത്.  ആസന്നമൃത്യുവിനെപ്പറ്റിയുള്ള തുറന്നുപറച്ചിലുകൾക്ക് ഇന്ന് സ്വീകാര്യത ഏറിവരുന്ന കാലമാണ്. പല വീടുകളിലും കുട്ടികൾ തിരിച്ച് മാതാപിതാക്കളോട് തങ്ങളുടെ മരണത്തെക്കുറിച്ച് തമാശകൾ പൊട്ടിക്കുന്ന കാലം. തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ മരണത്തെ ട്രോളുന്ന കാലം.  പെറ്റുവളർത്തിയ മക്കൾ തങ്ങളുടെ കൈവിടുവിച്ച്  മരണത്തിലേക്ക് നടന്നകലുമ്പോൾ നമ്മുടെ ഉള്ളു പിടയ്ക്കും. അപ്പോഴും ചിലപ്പോൾ ഇപ്പോഴത്തെ കാലത്തേ നമ്മുടെ മക്കൾ നമ്മളോട് പറഞ്ഞെന്നിരിക്കും.. " ചിൽ.. അമ്മാ.. അച്ഛാ... ചിൽ..! " 

 

(പ്രതീകാത്മകചിത്രം)
 

Follow Us:
Download App:
  • android
  • ios