ശ്വാസകോശ രോഗങ്ങളും കൊവിഡ് പ്രതിസന്ധിയും...

Web Desk   | others
Published : May 24, 2020, 05:37 PM IST
ശ്വാസകോശ രോഗങ്ങളും കൊവിഡ് പ്രതിസന്ധിയും...

Synopsis

ഈ ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് 'സിപിഒഡി' (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) രോഗികളാണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലോ, അല്ലെങ്കില്‍ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും, ശ്വാസംമുട്ട്, 'റെസ്പിറേറ്ററി ഫെയിലിയര്‍', എആര്‍ഡിഎസ് (ARDS ) എന്നീ അവസ്ഥയിലേക്ക് എത്തിച്ചേരുവാനും കാരണമാകുന്നു  

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടിവരുന്ന ഒരു വിഭാഗമാണ് ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍. ഇത്തരക്കാര്‍ക്ക് കൊവിഡ് 19 പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാനും സങ്കീര്‍ണ്ണതകളിലേക്ക് പോകാനുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ വളരെ കരുതലോടെ രോഗബാധയേല്‍ക്കാതെ കഴിയേണ്ടത് അത്യാവശ്യമാണ്.

ഈ ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് 'സിപിഒഡി' (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) രോഗികളാണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്ന അവസ്ഥയിലോ, അല്ലെങ്കില്‍ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. 

അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും, ശ്വാസംമുട്ട്, 'റെസ്പിറേറ്ററി ഫെയിലിയര്‍', എആര്‍ഡിഎസ് (ARDS ) എന്നീ അവസ്ഥയിലേക്ക് എത്തിച്ചേരുവാനും കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തുമ്പോഴാണ് വെന്റിലേറ്ററുകളുടെ സഹായം ആവശ്യമായിവരുന്നത്. 

ആസ്ത്മ രോഗികളാണ് ഇക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട മറ്റൊരു വിഭാഗം. കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകും എന്നത് മാത്രമല്ല, ലോക്ഡൗണിന്റേയൊ ക്വറന്റൈനിന്റെയോ ഭാഗമായോ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ പൊടിപടലങ്ങളും പുകയും കാരണം ആസ്ത്മ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍...

1. അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായം തേടാനും കൃത്യമായ ഫോളോഅപ്പ് നടത്താനുമുള്ള ബുദ്ധിമുട്ടുകള്‍.
2. കൊവിഡ് 19 രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നത് ശ്വാസകോശരോഗികളെ ആണ്. അത് ഗുരുതരാവസ്ഥ പ്രാപിക്കുന്നത് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കാണ്.
3. തുമ്മുക, ചുമയ്ക്കുക, കിതക്കുക എന്നിവ കാണുമ്പോള്‍ മറ്റുള്ളവര്‍ കൊവിഡ് 19 രോഗികളായി വ്യാഖ്യാനിക്കുകയും അതുവഴി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. 

എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം...

ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക, 'സോഷ്യല്‍ ഡിസ്റ്റന്‍സ്' പാലിക്കുക എന്നതാണ് പ്രധാനമായും ആദ്യമായി ഈ ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍. അതുപോലെ, മരുന്നുകള്‍ കൃത്യമായി കഴിക്കുക, ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിച്ച പോലെ ഇന്‍ഹേലര്‍ കൃത്യമായി എടുക്കുക. 

സാധാരണ 'സിഒപിഡി' രോഗികള്‍ക്ക് ഉണ്ടാകുന്ന അനുബന്ധരോഗങ്ങളായ രക്താദിമര്‍ദ്ദം, പ്രമേഹം, അതുപോലെ ഹൃദ്രോഗങ്ങള്‍,  എന്നിവയ്ക്ക് മരുന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍, അത് കൃത്യമായി കഴിക്കണം. ഒപ്പം തന്നെ, മാനസികസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. 

'ഇന്റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്' അഥവാ ഐഎല്‍ഡിയോ, സിപിഒഡിയോ പോലുള്ള ഗുരുതരമായ സ്റ്റേജില്‍ ഉള്ള രോഗികള്‍ പലരും വീട്ടില്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും. അങ്ങനെയുള്ളവര്‍ അത് മുടക്കാന്‍ പാടുള്ളതല്ല. ശരിയായ പോഷണപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കുക. 

കാരണം പ്രോട്ടീന്‍ അഥവാ മാംസ്യത്തിന്റെ അഭാവം രോഗപ്രതിരോധ ശേഷി കുറയുവാനോ ശാരീരികാവയവങ്ങളുടെ ക്ഷമത കുറയുവാനോ കാരണമാകുന്നതായിരിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ ധാരാളംകഴിക്കുക. ആസ്ത്മ രോഗികള്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാതിലുകളും ജനലുകളും തുറന്നിടാനും വീടിനകം പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുമാണ്. 

ചൂട് ഒഴിവാക്കാന്‍ വേണ്ടി തണുത്തപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ ഇരിക്കുക- തുടങ്ങി അനുയോജ്യമായ ചര്യകള്‍ എല്ലാക്കാലത്തും പ്രത്യേകിച്ച് ഇക്കാലത്ത് സ്വീകരിക്കുന്നതിലൂടെ ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സാധിക്കുന്നു.

Also Read:- പനിയും ചുമയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് പരിശോധന; മാനദണ്ഡം പുതുക്കി ഐസിഎംആർ...

ഇവ പാലിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഗുരുതരമാകാതെ തടയാന്‍ സാധിക്കും എന്നത് മാത്രമല്ല ലോക്ഡൗണും റിവേഴ്‌സ് ക്വാറന്റൈന്‍ കാലഘട്ടവും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത്തരം വ്യക്തികളില്‍ കൊവിഡ് 19 രോഗബാധ വരാതെ തടയുവാനും സാധിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ