
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ചില വിറ്റാമിനുകളുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. അത്തരത്തില്‍ വിറ്റാമിൻ കെയുടെ കുറവ് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. വിറ്റാമിൻ കെ കുറവുള്ളവരില്‍ ആസ്ത്മ, ക്രോണിക് ഒബ്സട്രക്റ്റീവ് പൾമണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങൾ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
കോപ്പൻഹേഗൻ സർവകലാശാലയിലെയും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്. പച്ച നിറത്തിലുള്ള ഇലക്കറികളിലും ധാന്യങ്ങളിൽ നിന്നുമൊക്കെ ലഭിക്കുന്ന വിറ്റാമിൻ കെ രക്തം കട്ടംപിടിക്കുന്നതിൽ വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങാൻ ശരീരത്തെ സഹായിക്കുന്നത് ഇതാണ്. വിറ്റാമിൻ കെയുടെ കുറവ് മൂലം ഈ പ്രക്രിയയും തടസപ്പെടാം.
ഇപ്പോഴിതാ ഇതിനു പുറമേ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും വിറ്റാമിൻ കെയുടെ കുറവ് ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇ.ആർ.ജെ. ഓപ്പൺ റിസർച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ കെ-യുടെ സ്ഥാനം വലുതാണെന്ന് പഠനത്തിൽ പങ്കെടുത്ത ഡോ.ടോർകിൽ ജെസ്പേഴ്സൺ പറഞ്ഞു. 4,092 പേരിലാണ് പഠനം നടത്തിയത്.
വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ ഇലക്കറികള്‍, സോയാബീന്‍, മുട്ട, ചീസ്, ചിക്കന്‍, ബീഫ് ലിവര്‍, പ്രൂണ്‍സ്, ഗ്രീന്‍ പീസ്, കിവി, അവക്കാഡോ തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam