കുട്ടികൾ വളർത്തുനായ്ക്കൾക്ക് വേണ്ടി വാശി പിടിക്കുന്നുവോ? മാതാപിതാക്കൾ മനസിലാക്കേണ്ടത്...

By Web TeamFirst Published Feb 2, 2023, 7:07 PM IST
Highlights

ശരിക്കും കുട്ടികൾ വളർത്തുമൃഗങ്ങൾക്കായി വാശി പിടിക്കുമ്പോൾ അതിൽ ആശങ്കപ്പെടുകയോ അവരോട് ദേഷ്യപ്പെടുകയോ ഒന്നും ചെയ്യേണ്ടതില്ല. കുട്ടികൾ- പ്രത്യേകിച്ച് കൌമാരക്കാർ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നത് അവർക്ക് പലവിധത്തിലും ഗുണമേ ഉണ്ടാക്കൂ. 

കുട്ടികൾ വളർത്തുനായ്ക്കൾക്കോ പൂച്ചകൾക്കോ എല്ലാം വേണ്ടി വാശി പിടിക്കുന്നത് പലപ്പോഴും മാതാപിതാക്കളെ സംബന്ധിച്ച് ഒരു തലവേദനയാണ്. കുട്ടികളുടെ പഠനം, അവരുടെ മറ്റ് കാര്യങ്ങളെയെല്ലാം ബാധിക്കുമോ, അവരുടെ സ്വഭാവത്തിൽ മാറ്റം വരുമോ? വൃത്തി- അസുഖങ്ങൾ എന്നിവയെല്ലാമാണ് അധികപേരുടെയും ആശങ്കകൾ. ചിലർ പെറ്റ്സിനെ വാങ്ങിക്കാനുള്ള പണമില്ലാത്ത ബുദ്ധിമുട്ടും നേരിടാറുണ്ട്.

ശരിക്കും കുട്ടികൾ വളർത്തുമൃഗങ്ങൾക്കായി വാശി പിടിക്കുമ്പോൾ അതിൽ ആശങ്കപ്പെടുകയോ അവരോട് ദേഷ്യപ്പെടുകയോ ഒന്നും ചെയ്യേണ്ടതില്ല. കുട്ടികൾ- പ്രത്യേകിച്ച് കൌമാരക്കാർ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നത് അവർക്ക് പലവിധത്തിലും ഗുണമേ ഉണ്ടാക്കൂ. 

വില കൂടിയ പെറ്റ്സ് തന്നെ കുട്ടികൾക്ക് നൽകണമെന്നില്ല. നാടൻ പട്ടിക്കുഞ്ഞുങ്ങളോ പൂച്ചക്കുഞ്ഞുങ്ങളോ എല്ലാം ഇത്തരത്തിൽ വീടുകളിൽ വളർത്താവുന്നതേയുള്ളൂ. പലപ്പോഴും ബ്രീഡ് ചെയ്തെടുക്കുന്ന മൃഗങ്ങളെക്കാൾ ജൈവികമായ ഗുണങ്ങൾ നാടൻ മൃഗങ്ങൾക്കുണ്ടാവുകയും ചെയ്യും. എന്തായാലും വളർത്തുമൃഗങ്ങളെ വേണ്ടും വിധം ആരോഗ്യസുരക്ഷ ഉറപ്പാക്കിയും, മറ്റ് സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കിയും മനുഷ്യരോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലിപ്പിച്ചും തന്നെയായിരിക്കണം വളർത്തേണ്ടത്. 

ഇനി- കുട്ടികൾ അല്ലെങ്കിൽ കൌമാരക്കാർ പെറ്റ്സിനെ വളർത്തുന്നത് കൊണ്ട് അവർക്കുണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

പ്രതിരോധശേഷി...

പല രോഗങ്ങളും മനുഷ്യരിലേക്ക് കയറിക്കൂടുന്നതും വീണ്ടും ബാധിക്കുന്നതുമെല്ലാം രോഗ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാലാണ്. അതിനാൽ തന്നെ പ്രതിരോധ ശേഷി എപ്പോഴും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന് ഏറെ സഹായകരമാണ് പെറ്റ്സുമായി ബന്ധപ്പെട്ടുള്ള ജീവിതം. രോഗാണുക്കളെ ചെറുക്കുന്നതിനുള്ള കഴിവ് പെറ്റ്സുമായി അടുത്ത് ജീവിക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഇതവരെ തുടർന്നുള്ള ജീവിതത്തിലും സഹായിക്കുന്നു. 

കൂട്ട്...

കുട്ടികളെ സംബന്ധിച്ച് സഹോദരങ്ങളില്ലെങ്കിൽ അല്ലെങ്കിൽ തൊട്ടടുത്ത വീടുകളിലോ ചുറ്റുപാടുകളിലോ മറ്റ് കുട്ടികളില്ലെങ്കിൽ അവർ വല്ലാതെ ഒറ്റപ്പെട്ട് പോകും. ഇത് പല വീടുകളിലും നമ്മൾ പതിവായി കാണുന്ന കാഴ്ചയാണ്. ഈ ഒറ്റപ്പെടൽ കുട്ടികളുടെ വ്യക്തിത്വത്തെ മോശമായാണ് ബാധിക്കുക. പങ്കുവയ്ക്കൽ, പരസ്പരമുള്ള കരുതൽ, വിട്ടുകൊടുക്കൽ, ക്ഷമ ഇങ്ങനെയുള്ള ശീലങ്ങളെല്ലാം ചെറുപ്പത്തിലേ പഠിച്ചെടുക്കാൻ പെറ്റ്സുമായുള്ള സമ്പർക്കം കുട്ടികളെ സഹായിക്കും. 

ഉത്തരവാദിത്തബോധം...

പെറ്റ്സിനെ വളർത്തുമ്പോൾ അവർക്കുള്ള ഭക്ഷണം, മറ്റ് കാര്യങ്ങളിലെ ശ്രദ്ധയെല്ലാം മുടങ്ങാതെ ആവശ്യമാണ്. ഇത് തീർച്ചയായും ഒരുത്തരവാദിത്തം തന്നെയാണ്. പെറ്റ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ ഏൽപിക്കുന്നതോടെ അവരിലും ഉത്തരവാദിത്തബോധം രൂപപ്പെടുന്നു. ഇത് ഭാവിയിലും അവർക്ക് ഏറെ സഹായകമായി വരുന്നു.

സജീവമാകാനുള്ള അവസരം...

പെറ്റ്സുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോൾ കായികമായി സജീവമാകാനും കുട്ടികൾക്ക് കൂടുതൽ അവസരമൊരുങ്ങുന്നു. പലപ്പോഴും കുട്ടികൾ മൊബൈൽ ഫോണിൽ നിന്നോ ഗെയിമുകളിൽ നിന്നോ മാറിനിൽക്കുന്നില്ല- അവരുടെ ശരീരമനങ്ങുന്നില്ല എന്നതൊക്കെ ഇപ്പോൾ മാതാപിതാക്കൾ പറയാറുള്ള പരാതികളാണ്. ഇത്തരം പരാതികളൊഴിവാക്കാനും കുട്ടികളെ കായികമായി സജീവമാക്കാനും പെറ്റ്സിന് സാധിക്കും. 

വൈകാരികമായി മെച്ചപ്പെടാൻ...

കുട്ടികളുടെ വൈകാരികനില മെച്ചപ്പെടുത്തുന്നതിനും പെറ്റ്സുമായുള്ള സമ്പർക്കം ഏറെ സഹായകമാണ്. മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കുന്നതിനും അതിന് അനുസരിച്ച് പെരുമാറുന്നതിനുമെല്ലാം കുട്ടികൾക്ക് പരിശീലിക്കാൻ പെറ്റ്സിന്‍റെ സഹായമുണ്ടായിരിക്കും. 

അതേസമയം കുട്ടികളെ മര്യാദ പഠിപ്പിക്കാമെന്ന ചിന്തയിൽ അവർക്ക് താൽപര്യമില്ലാതെ പെറ്റ്സിനെ വളർത്താനേൽപിക്കുകയോ അവരുടെ ഉത്തരവാദിത്തമേൽപിക്കുകയോ ചെയ്യുന്നത് നല്ലതല്ല. അത് കുട്ടികൾക്ക് ഗുണകരമാകില്ലെന്ന് മാത്രമല്ല- അവരെയത് ദോഷകരമായി ബാധിക്കുകയും ചെയ്യാം. 

Also Read:- കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ ഈ 'ടിപ്സ്' പരീക്ഷിച്ചുനോക്കൂ...

tags
click me!