Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ ഈ 'ടിപ്സ്' പരീക്ഷിച്ചുനോക്കൂ...

ചെറുപ്പത്തിലേ കുട്ടികളുടെ ഭക്ഷണശീലങ്ങളില്‍ മാതാപിതാക്കള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യാവുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

foods that can include in childrens tiffin
Author
First Published Jan 26, 2023, 11:37 PM IST

കുട്ടികള്‍ക്ക് ടിഫിനൊരുക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് അല്‍പം പ്രയാസകരമായ കാര്യം തന്നെയാണ്. മിക്ക വീടുകളിലും അമ്മമാരാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നത്.കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണല്ല- അവര്‍ക്ക് കൊടുത്തയക്കുന്നതെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കില്ല- എന്നാലോ ഇഷ്ടഭക്ഷണം എന്നത് പലപ്പോഴും അവശ്യം വേണ്ടുന്ന പോഷകങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കില്ല. 

അതിനാല്‍ തന്നെ ചെറുപ്പത്തിലേ കുട്ടികളുടെ ഭക്ഷണശീലങ്ങളില്‍ മാതാപിതാക്കള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യാവുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

കുട്ടികളെ നന്നെ ചെറുതിലെ തന്നെ പഴങ്ങള്‍ കഴിച്ച് ശീലിപ്പിക്കണം. ഇതിനായി ടിഫിനില്‍ സീസണലായ പഴങ്ങളും ഒരു ഭാഗം വയ്ക്കുക. യൂനിസെഫിന്‍റെ പഠനപ്രകാരം കൗമാരക്കാര്‍/ കുട്ടികള്‍ പഴങ്ങള്‍ കഴിക്കുന്നതിന്‍റെ തോത് നല്ലരീതിയില്‍ കുറഞ്ഞിട്ടുണ്ട്. ഇത് ഇവരുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായാണ് ബാധിക്കുക. നേന്ത്രപ്പഴം, ആപ്പിള്‍, കസ്റ്റാര്‍ഡ് ആപ്പിള്‍ ക്രീം, മുന്തിരി, ഓറഞ്ച്, മാമ്പഴം, പപ്പായ എന്നിങ്ങനെ ഏത് ഫ്രൂട്ടും ആകാം ടിഫിനില്‍ ഉള്‍പ്പെടുത്തുന്നത്. 

രണ്ട്...

കുട്ടികള്‍ക്ക് വളര്‍ച്ചയുടെ പ്രായത്തില്‍ നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ട രണ്ട് ഘടകങ്ങളാണ് പ്രോട്ടീനും അയേണും. ഇവയും ഭക്ഷണത്തിലൂടെ നിര്‍ബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്. അധികവും നോണ്‍-വെജിറ്റേറിയൻ ഭക്ഷണമാണ് പ്രോട്ടീൻ എളുപ്പത്തില്‍ കിട്ടാൻ നല്ലത്. വെജിറ്റേറിയൻ ഭക്ഷണമാണെങ്കില്‍ പ്രോട്ടീൻ കാര്യമായി അടങ്ങിയ വിഭവങ്ങള്‍ കണ്ടെത്തി ഇവ ടിഫിനില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. ബുദ്ധിവികാസത്തിനും മറ്റും പ്രോട്ടീനും അയേണുമെല്ലാം ഏറെ ആവശ്യമാണെന്ന് മനസിലാക്കുക.

മൂന്ന്...

പ്രകൃതിയോട് ഇണങ്ങിക്കൊണ്ടുള്ള ഭക്ഷണരീതിയിലേക്ക് കുട്ടികളെ പരമാവധി അടുപ്പിക്കണം. ബിസ്കറ്റ്, കേക്ക്, ചിപ്സ് പോലുള്ള ഭക്ഷണങ്ങള്‍ക്ക് പകരം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായ സ്നാക്സ് ടിഫിനില്‍ വയ്ക്കാം. ഇത് കുട്ടികളെ ചെറുതിലെ ശീലിപ്പിച്ചില്ലെങ്കില്‍ പിന്നീട് വലിയ പ്രയാസമാണ് അവരെ ഈ ശീലത്തിലേക്ക് കൊണ്ടുവരാൻ എന്നതും മനസിലാക്കുക. 

നാല്...

പലോ പാലുത്പന്നങ്ങളോ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. അതിനാല്‍ തന്നെ ഇവയും കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതുണ്ട്. കാത്സ്യം ലഭിക്കുന്നതിനാണ് പ്രധാനമായും പാലും പാലുത്പന്നങ്ങളും കഴിക്കുന്നത്. കാത്സ്യം, നമുക്കറിയാം എല്ല്, പേശികള്‍, പല്ല് എന്നിവയുടെയെല്ലാം ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ആവശ്യമാണ്. പാല്‍, തൈര്, ചീസ് എന്നിവയെല്ലാം ഇത്തരത്തില്‍ കുട്ടികള്‍ക്ക് ടിഫിനില്‍ ഉള്‍പ്പെടുത്തി നല്‍കാവുന്നതാണ്. പനീര്‍ പോലുള്ള വിഭവങ്ങളും കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കാവുന്നതാണ്. 

അഞ്ച്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ് നട്ട്സും സീഡ്സും. ഇതും കുട്ടികളെ ചെറുപ്പത്തിലേ തന്നെ കൊടുത്ത് ശീലിപ്പിക്കേണ്ടതുണ്ട്. ടിഫിനില്‍ ഒരു ഭാഗം നട്ട്സും സീഡ്സും ഉള്‍പ്പെടുത്തുന്നതിലൂടെ അവര്‍ നേരിട്ടേക്കാവുന്ന പല ആരോഗ്യപ്രശ്നങ്ങളും പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. വാള്‍നട്ട്സ്, പിസ്ത, ബദാം, അണ്ടിപ്പരിപ്പ്, മത്തൻ കുരു, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്. പ്രോട്ടീൻ, വൈറ്റമിൻ-ഇ, സിങ്ക്, അയേണ്‍, ഫോളേറ്റ് എന്നിവയുടെയെല്ലാം സ്രോതസാണ് നട്ട്സും സീഡ്സും. 

Also Read:- കുട്ടികളിലെ പ്രമേഹം കൂടിവരുന്നു; തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Follow Us:
Download App:
  • android
  • ios