postpartum depression : പോസ്റ്റ്പാർട്ടം ഡിപ്രഷൻ: പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ അവഗണിക്കരുത്

By Priya VargheseFirst Published Mar 9, 2022, 10:00 PM IST
Highlights

ചെയ്യേണ്ടി വരുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ ഡിപ്രഷൻ ഉള്ളപ്പോൾ കഴിയാതെ വരും. മനസ്സിന് ധൈര്യവും ബലവും വീണ്ടെടുക്കാൻ ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് വീട്ടിലുള്ള മറ്റഗംങ്ങൾ പ്രത്യേകിച്ചു ഭർത്താവ് ചെയ്യേണ്ടത്. കൂടുതൽ കൃത്യമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ സമ്മർദ്ദം ഉണ്ടാക്കുന്നത് വലിയ ദോഷം ചെയ്യും. 

26 വയസുള്ള ഒരു പെൺകുട്ടിയെ ഭർത്താവാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ ആദ്യ രണ്ടു വർഷങ്ങൾ വളരെ നല്ല സമയമായി അവർ ഓർത്തെടുക്കുന്നു. കുഞ്ഞു ജനിച്ചതിനു ശേഷം ജോലി ഉപേക്ഷിച്ചു മുഴുവൻ സമയം കുഞ്ഞിനൊപ്പം ചിലവഴിക്കാം എന്ന് അവൾ തന്നെയാണ് തീരുമാനിച്ചത്. 

ഒരു അമ്മ എന്നത് ഏറ്റവും ക്ഷമയുടെയും സ്നേഹത്തിന്റെയും മുഖമാണ് എന്നു കരുതിയിരുന്ന അവൾക്ക് സ്വയം ഒരമ്മയായപ്പോൾ വല്ലാത്ത ടെൻഷൻ അനുഭവപ്പെട്ടു തുടങ്ങി. കുഞ്ഞിന്റെ മുഖം ആദ്യമായി കാണുമ്പോൾ ഉണ്ടാകും എന്ന് കരുതിയ സന്തോഷം തനിക്കനുഭവപ്പെടുന്നില്ല എന്നത് വലിയ കുറ്റബോധമാണ് അവളിൽ ഉണ്ടാക്കിയത്. 

കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നതും ഇടയ്ക്ക് ഉണരേണ്ടി വരുന്നതും എല്ലാം ഓരോ ദിവസം കടന്നുപോകുമ്പോഴും അവൾക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കാൻ തുടങ്ങി. ഞാൻ  നല്ല അമ്മയല്ല, ഞാൻ ആഗ്രഹിക്കുംപോലെ ഒരമ്മയാവാൻ എനിക്കാവുന്നില്ല എന്നീ ചിന്തകൾ അവളിൽ വലിയ കുറ്റബോധം ഉണ്ടാക്കാൻ തുടങ്ങി. മുമ്പത്തേതിലും വ്യത്യസ്തമായി ചെറിയ കാര്യങ്ങൾക്കും പെട്ടെന്നു ദേഷ്യം കാണിക്കുക, ശ്രദ്ധ ഇല്ലാതെയാവുക എന്നീ പ്രശ്നങ്ങൾ കുടുംബത്തിൽ ആകമാനം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.

 അവൾക്കു കുട്ടിയെ നോക്കാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുമുള്ള മടിയാണ് എന്നാണ് ആദ്യം എല്ലാവരും കരുതിയത്. ചികിത്സയിലൂടെയാണ് അത് പ്രസവശേഷമുള്ള വിഷാദരോഗമാണെന്നു അവർ തിരിച്ചറിയുന്നത്.
പ്രസവശേഷം സ്ത്രീകളിൽ പല രീതിയിലുള്ള ശാരീരിക മാനസിക വൈകാരിക മാറ്റങ്ങൾ ഉണ്ടാകുന്നു. 

പ്രസവശേഷം ആദ്യ ദിനങ്ങൾ പൊതുവെ സ്ത്രീകളിൽ ചെറിയ തോതിൽ വിഷാദം അനുഭവപ്പെടുന്ന ബേബി ബ്ലൂ എന്ന അവസ്ഥ സാധാരണമാണ് എങ്കിലും ഇന്ന് പല സ്ത്രീകളിലും അതിലും തീവ്രതയേറിയ വിഷാദരോഗാവസ്ഥ കണ്ടു വരുന്നു. 

ലക്ഷണങ്ങൾ...
 

കുഞ്ഞുമായി വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടു നേരിടുക, അകാരണമായ സങ്കടം അനുഭവപ്പെടുക, വല്ലാതെ ദേഷ്യം വരിക, ഒരു കാര്യത്തോടും താല്പര്യം ഇല്ലാതാവുക, സ്വയം വിലയില്ലായ്മ, പ്രതീക്ഷയില്ലായ്മ, നിസ്സഹായാവസ്ഥ അനുഭവപ്പെടുക, ശ്രദ്ധക്കുറവ്, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, മരിക്കണം എന്ന ചിന്ത, കുഞ്ഞിനെയോ മറ്റാരെയെങ്കിലുമോ ഉപദ്രവിക്കാനുള്ള ചിന്ത എന്നിവ പോസ്റ്റ്പാർട്ടം ഡിപ്രെഷനിൽ കണ്ടുവരുന്നു.

കാരണങ്ങൾ...
 
ഭർത്താവിൽ നിന്നും സപ്പോർട് ഇല്ലാതെ വരിക, കുട്ടിയെ പരിപാലിക്കുന്ന കാര്യത്തിൽ കുടുംബത്തിന്റെ ഭാഗത്തുനിന്നും വളരെ കർശനമായ നിയമങ്ങൾ മുന്നോട്ടു വെക്കുക, കുഞ്ഞിനെ വളർത്തുന്ന കാര്യത്തിൽ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരിക, കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന അറിവില്ലായ്മ, സഹായത്തിന് ആരും ഇല്ലാതെ വരിക, മുൻപ് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ നേരിടുക, വ്യക്തിത്വത്തിലെ പ്രശ്നങ്ങൾ ഇങ്ങനെ പല സാമൂഹിക കാരണങ്ങളാലും പോസ്റ്റ്പാർട്ടം ഡിപ്രെഷനു കാരണമാകാം.

ഡിപ്രഷൻ ഉള്ള വ്യക്തിയോട് വേണ്ട സമീപനം എങ്ങനെ?

ചെയ്യേണ്ടി വരുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ ഡിപ്രെഷൻ ഉള്ളപ്പോൾ കഴിയാതെ വരും. മനസ്സിന് ധൈര്യവും ബലവും വീണ്ടെടുക്കാൻ ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് വീട്ടിലുള്ള മറ്റഗംങ്ങൾ പ്രത്യേകിച്ചു ഭർത്താവ് ചെയ്യേണ്ടത്. കൂടുതൽ കൃത്യമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ സമ്മർദ്ദം ഉണ്ടാക്കുന്നത് വലിയ ദോഷം ചെയ്യും. 

ഇനി ഒരു നിമിഷം പോലും കുഞ്ഞിനെ നോക്കാനോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ കഴിയില്ല എന്ന നിലയിൽ മനസ്സു പൂർണ്ണമായും മടുത്തുപോകുന്ന അവസ്ഥ അതുണ്ടാക്കും. കുഞ്ഞിന്റെ കരച്ചിൽ അസഹനീയമായി തോന്നി കുഞ്ഞിനെ കൊന്നുകളയാൻ തന്നെ തോന്നിപ്പോയി എന്നു പറഞ്ഞു കരയുന്ന അമ്മമാർ ഉണ്ട്. അതുകൊണ്ടുതന്നെ പ്രസവനന്തരമുള്ള ഡിപ്രെഷൻ നിസ്സാരമായി കണക്കാക്കാൻ കഴിയില്ല. 

ഇന്നു പ്രസവശേഷമുള്ള ഡിപ്രെഷൻ കൂടിവരുന്ന സാഹചര്യത്തിൽ അതു ചികിത്സിക്കാതെ പോകുന്നത് ദോഷം ചെയ്യും. കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ അമ്മ നൽകേണ്ടതായ കരുതൽ കൊടുക്കാനാവാത്ത അവസ്ഥ ഉണ്ടാകാൻ അത് കാരണമാകും.  

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല് സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8281933323
Online consultation available 

Read more അനാവശ്യ നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം?

click me!