
ചിക്കൻ പതിവായി കഴിച്ചാല്‍ എഎംആര്‍ ( ആന്‍റി-മൈക്രോബിയല്‍ റെസിസ്റ്റൻസ്) രോഗം പിടിപെടാൻ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മൃഗ ഡോക്ടര്‍മാരുടെ സംഘടനയായ ഐവിപിഐ ( ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് വെറ്ററിനേറിയൻസ് ഓഫ് ദ പോള്‍ട്രി ഇൻഡസ്ട്രി). രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം കോഴി ഫാമുകളില്‍ നിന്നും പുറത്തെത്തിക്കുന്ന ഇറച്ചി സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുന്നതിന് അടക്കമുള്ള കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐവിപിഐ.
ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പത്താമതായി വരുന്ന എഎംആര്‍ രോഗാവസ്ഥയുടെ സാധ്യതകളെ കുറിച്ച് ലോകാരോഗ്യ സംഘടന പങ്കുവച്ച വിവരങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പലരും ചിക്കൻ കഴിക്കുന്നതിനെതിരെ രംഗത്ത് വന്നതെന്നും ഇതിലൂടെ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നതായും ഐവിപിഐ വ്യക്തമാക്കുന്നു.
നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ 'എഫക്ട്' കുറയുകയും മരുന്നുകള്‍ ഏല്‍ക്കാതിരിക്കുകയോ ഫലിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് എഎംആര്‍. ഫാമുകളില്‍ കോഴികളില്‍ കാര്യമായ അളവില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുകയും ഇത് ഇറച്ചിയിലൂടെ നമ്മുടെ ശരീരത്തിലെത്തുകയും ചെയ്യുന്നതോടെ ക്രമേണ എഎംആര്‍ പിടിപെടുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന തരത്തില്‍, അതേ അളവില്‍- ആവശ്യങ്ങള്‍ക്കല്ലാതെ ഫാമുകളില്‍ കോഴികള്‍ക്ക് ആന്‍റി-ബയോട്ടിക്സ് കുത്തിവയ്ക്കാറില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നുമാണ് ഐവിപിഐ ചൂണ്ടിക്കാട്ടുന്നത്.
മൃഗരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് രാജ്യത്തെ ഭൂരിപക്ഷം ഫാമുകളിലും കോഴികള്‍ വളര്‍ത്തപ്പെടുന്നതും ഇറച്ചിക്കായി ഉപയോഗിക്കപ്പെടുന്നതും. കോഴികളില്‍ എന്തെങ്കിലും വിധത്തിലുള്ള രോഗങ്ങള്‍ പടരുന്നപക്ഷം അത് പെട്ടെന്ന് തിരിച്ചറിയാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇന്നുണ്ട്. രോഗപ്പകര്‍ച്ച ഒഴിവാക്കാനും സംവിധാനങ്ങളുണ്ട്. കോഴികള്‍ക്ക് ഇത്തരത്തില്‍ രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള വാക്സിനും നല്‍കപ്പെടുന്നുണ്ട്. ഫാമുകളിലെ ശുചിത്വവും വിദഗ്ധര്‍ ഉറപ്പിക്കാറുണ്ട്. കോഴികള്‍ക്ക് ബാലൻസ്ഡ് ആയി പോഷകസമൃദ്ധമായ ഭക്ഷണം- വെള്ളം എന്നിവ നല്‍കാറുണ്ട്. വായുസഞ്ചാരമുള്ള മികച്ച അന്തരീക്ഷത്തിലാണ് ഇവയെ വളര്‍ത്തുന്നതെന്നും ഉറപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും അടക്കം കോഴിയിറച്ചി കയറ്റുമതി ചെയ്യുന്നതും ഇവിടത്തെ ഇറച്ചിയുടെ ഗുണമേന്മയും സുരക്ഷിതത്വവും തെളിയിക്കുന്നതാണ്- ഐവിപിഐ വ്യക്തമാക്കുന്നു.
Also Read:- മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എങ്കില്‍ ഇക്കാര്യം കൂടി മനസിലാക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam