35 വയസ്സിന് ശേഷം ഗർഭധാരണം? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ; ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്നത്

Published : Jul 14, 2026, 10:58 AM IST
pregnancy

Synopsis

35 വയസ്സിന് ശേഷം, ഒരു ആർത്തവ ചക്രത്തിൽ ഗർഭധാരണത്തിനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെ മാത്രമാണ്.

ഏത് പ്രായത്തിലും മാതാപിതാക്കളാകാൻ ആളുകൾക്ക് താല്പര്യം തോന്നാം. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകളുടെ ഗർഭധാരണ കാലയളവിനെ 'അഡ്വാൻസ്ഡ് മെറ്റേണൽ ഏജ്' (Advanced Maternal Age) എന്നാണ് വിളിക്കുന്നത്. ഈ പ്രായത്തിൽ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ചില സങ്കീർണ്ണതകൾക്കുള്ള സാധ്യത കൂടുതലാണ്. ഗർഭം അലസൽ, കുഞ്ഞിനുള്ള ജനിതക വൈകല്യങ്ങൾ, ക്രോമസോം തകരാറുകൾ എന്നിവയ്ക്കൊപ്പം അമ്മയ്ക്ക് പ്രമേഹവും അമിത രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നു. പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയുന്നതിനാൽ സ്ത്രീകളിൽ വന്ധ്യതാ സാധ്യത ക്രമേണ വർദ്ധിക്കുന്നു. 

35 വയസ്സിന് ശേഷം, ഒരു ആർത്തവ ചക്രത്തിൽ ഗർഭധാരണത്തിനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെ മാത്രമാണ്. അതേസമയം ഗർഭം അലസാനുള്ള സാധ്യത 20 ശതമാനത്തോളവുമാണ്. എന്നിരുന്നാലും 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യകരമായ ഒരു ഗർഭധാരണം സാധ്യമല്ല എന്ന് ഇതിനർത്ഥമില്ല. കൃത്യമായ വൈദ്യസഹായം, ഗർഭധാരണത്തിന് മുൻപുള്ള പരിശോധനകൾ, കൃത്യമായ സ്ക്രീനിംഗുകൾ എന്നിവയിലൂടെ അപകടസാധ്യതകളും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങളും നേരത്തെ കണ്ടെത്താനും സുരക്ഷിതമായ ഗർഭധാരണം ആസൂത്രണം ചെയ്യാനും സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. ഫെർട്ടിലിറ്റിയും ഒവേറിയൻ റിസർവും

സ്ത്രീകളിലെ അണ്ഡത്തിന്റെ ശേഖരം മനസ്സിലാക്കാൻ ഒവേറിയൻ റിസർവ് പരിശോധന സഹായിക്കും. ഇതിനായി AMH (Anti-Müllerian Hormone), FSH (Follicle-Stimulating Hormone) തുടങ്ങിയ ഹോർമോൺ പരിശോധനകളും അൾട്രാസൗണ്ട് വഴിയുള്ള 'ആൻട്രൽ ഫോളിക്കിൾ കൗണ്ട്' (AFC - Antral Follicle Count) പരിശോധനയുമാണ് നടത്തുന്നത്. ഗർഭധാരണം കൃത്യമായി ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.

2. തൈറോയിഡും ഹോർമോൺ ആരോഗ്യവും

തൈറോയിഡ് ഹോർമോണുകളുടെ വ്യതിയാനം സ്ത്രീകളിൽ അണ്ഡോത്പാദനത്തെ ബാധിക്കുകയും ഗർഭധാരണത്തിന് തടസ്സമാവുകയും ചെയ്യുന്നു. ഇത് ചികിത്സിക്കാതിരുന്നാൽ ഗർഭം അലസാനുള്ള സാധ്യത വർദ്ധിക്കുകയും കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെ ബാധിക്കുകയും ചെയ്യാം. അതിനാൽ ഗർഭധാരണത്തിന് മുൻപ് TSH, T3, T4 എന്നിവ ഉൾപ്പെടുന്ന ഒരു തൈറോയിഡ് പ്രൊഫൈൽ പരിശോധന നടത്തുന്നത് നല്ലതാണ്. 30 വയസ്സിന് മുകളിലുള്ളവർ, ക്രമരഹിതമായ ആർത്തവമുള്ളവർ, മുൻപ് ഗർഭം അലസിയിട്ടുള്ളവർ, അമിത വണ്ണമുള്ളവർ എന്നിവർ ഈ പരിശോധന ഉറപ്പായും ചെയ്യണം.

3. പ്രമേഹവും രക്തസമ്മർദ്ദവും

35 വയസ്സിന് ശേഷം ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിർബന്ധമായും പരിശോധിക്കണം. HbA1c, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് പരിശോധനകളിലൂടെ പ്രമേഹമുണ്ടോ എന്ന് കണ്ടെത്താം. ഗർഭധാരണത്തിന് മുൻപ് ഇവ കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കിൽ, ഗർഭകാല പ്രമേഹം, ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, അകാല പ്രസവം, കുഞ്ഞിന്റെ വളർച്ചക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം.

4. പോഷകാഹാര കുറവുകൾ അറിയാനുള്ള പരിശോധന

ശരീരത്തിൽ ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും അളവ് അറിയാൻ ഫെറിറ്റിൻ (Ferritin), ഹീമോഗ്ലോബിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 പരിശോധനകൾ നടത്താം. പോഷകങ്ങളുടെ കുറവ് വിളർച്ചയ്ക്കും കുഞ്ഞിന്റെ വളർച്ചാ തടസ്സങ്ങൾക്കും കാരണമാകും.

5. പ്രത്യുൽപാദന ആരോഗ്യം, അണുബാധകൾ, പ്രതിരോധശേഷി പരിശോധന

ഗർഭപാത്രത്തിലെ മുഴകൾ, അണ്ഡാശയത്തിലെ സിസ്റ്റുകൾ, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്താൻ പെൽവിക് പരിശോധനയും അൾട്രാസൗണ്ടും സഹായിക്കും. ഇത് കൂടാതെ റുബെല്ല, വാരിസെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷിയും, HIV, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങൾ (STIs) വരാതിരിക്കാനുള്ള സ്ക്രീനിംഗും ഗർഭധാരണത്തിന് മുൻപ് നടത്തേണ്ടതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴക്കാലത്ത് തലമുടിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? ഇതാ 5 ഹെയർകെയർ ടിപ്പുകൾ
കണ്ണുകളിലെ മഞ്ഞനിറം മുതൽ കാലുകളിലെ വീക്കം വരെ; കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ