'അപക്വമായ ലോക്ഡൗണ്‍ ഇളവുകള്‍ കൊറോണ രണ്ടാമതും ആഞ്ഞടിക്കാന്‍ കാരണമാകും'

By Web TeamFirst Published May 13, 2020, 12:40 PM IST
Highlights

ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍, ജനസാന്ദ്രത, പൊതുവില്‍ ജനങ്ങളും ആരോഗ്യസ്ഥിതി എന്നിങ്ങനെ പല ഘടകങ്ങളും കൊറോണ പടര്‍ന്നുപിടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. രോഗം ബാധിച്ചാല്‍ മരണം ഉറപ്പ് എന്നതല്ല കൊറോണയെ സംബന്ധിച്ച് നിലനില്‍ക്കുന്ന വെല്ലുവിളി. ഒന്നിച്ച് ഒരു വലിയ വിഭാഗത്തിന് രോഗം വന്നാല്‍ അവരെ ചികിത്സിക്കാനും പരിചരിക്കാനും തുടര്‍ന്നും മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടാകുന്നത് തടയാനും സാധിക്കുകയില്ല

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനായി ഏറ്റവും മികച്ച പ്രതിരോധമാര്‍ഗമെന്നോണമാണ് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ലോക്ഡൗണ്‍ എന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയത്. മൂന്ന് ഘട്ടങ്ങളിലായി ഒന്നര മാസത്തോളമായി രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നു. ഇതിനിടെ നാലാംഘട്ട ലോക്ഡൗണ്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ തികച്ചും വ്യത്യസ്തമായി, ഇതുവരെ പരിശീലിച്ച ലോക്ഡൗണ്‍ ആയിരിക്കില്ല ഇനി വരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കാതെ, കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയായിരിക്കും ഈ ഘട്ടത്തിലുണ്ടാവുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

അതേസമയം ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അധികാരികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിര്‍ദേശം. അപക്വമായ ഇളവുകള്‍ വീണ്ടും കൊറോണയെന്ന മാരക രോഗകാരിയുടെ ശക്തമായ രണ്ടാം വരവിന് കാരണമായേക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധനും അമേരിക്കന്‍ വംശജനുമായ ആന്റണി ഫൗച്ചി ചൂണ്ടിക്കാട്ടുന്നത്. 

 

 

അമേരിക്കയിലെ സാഹചര്യങ്ങള്‍ വച്ചാണ് ഫൗച്ചി ഇക്കാര്യം വിശദീകരിക്കുന്നതെങ്കില്‍ പോലും കൊവിഡ് 19 വ്യാപകമായ ഓരോ രാജ്യങ്ങള്‍ക്കും ഈ സൂചന പ്രധാനമാണ്. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 80,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

ഇത്രയധികം രൂക്ഷമായ സാഹചര്യമായിട്ടുപോലും സാമ്പത്തികരംഗം നേരിടുന്ന തകര്‍ച്ചയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജനജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. 

'ഇനി ശക്തമായൊരു രണ്ടാം വരവ് കൊറോണയുടെ കാര്യത്തിലുണ്ടായാല്‍, അത് സങ്കല്‍പിക്കാനാകുന്നതിലും അധികം തിരിച്ചടിയായിരിക്കും നമുക്ക് സമ്മാനിക്കുക. ഒരിക്കലും നിയന്ത്രിക്കാനാകാത്ത വിധം രോഗം പടരും. നിരവധി ജീവനുകള്‍ ഇനിയും പൊലിയും. ഇപ്പോള്‍ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടപ്പെടുന്ന സാമ്പത്തികരംഗത്തിന്റെ അവസ്ഥ ചരിത്രം കണ്ട തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും...'- ഫൗച്ചി പറയുന്നു. 

 


(ആന്‍റണി ഫൗച്ചി ട്രംപിനൊപ്പം- പഴയ ചിത്രം...)

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച 'കൊറോണ ടാസ്‌ക് ഫോഴ്‌സ്' അംഗം കൂടിയാണ് ഫൗച്ചി. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ലോക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കേണ്ടതെന്നും മറിച്ചൊരു നയം ഇക്കാര്യത്തിലെടുക്കുന്നത് വിനയാകുമെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നു. 

Also Read:- 'തീവ്ര ജാ​ഗ്രതയാണ് വേണ്ടത്'; ലോക്ക് ഡൗൺ ഇളവുകളിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന...

ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍, ജനസാന്ദ്രത, പൊതുവില്‍ ജനങ്ങളും ആരോഗ്യസ്ഥിതി എന്നിങ്ങനെ പല ഘടകങ്ങളും കൊറോണ പടര്‍ന്നുപിടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. രോഗം ബാധിച്ചാല്‍ മരണം ഉറപ്പ് എന്നതല്ല കൊറോണയെ സംബന്ധിച്ച് നിലനില്‍ക്കുന്ന വെല്ലുവിളി. ഒന്നിച്ച് ഒരു വലിയ വിഭാഗത്തിന് രോഗം വന്നാല്‍ അവരെ ചികിത്സിക്കാനും പരിചരിക്കാനും തുടര്‍ന്നും മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടാകുന്നത് തടയാനും സാധിക്കുകയില്ല. ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുകയും, അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഇന്ത്യ, ഒരുപക്ഷേ ഇത്തരത്തില്‍ കൊറോണയുടെ ഒരു രണ്ടാം വരവിനെ നേരിടാന്‍ ഒട്ടും പ്രാപ്തരല്ല. 

Also Read:- 'കൊവിഡിനെതിരെ വാക്‌സിന്‍ വന്നേക്കില്ല'; നിര്‍ണ്ണായക വിവരങ്ങള്‍ പങ്കിട്ട് ലോകാരോഗ്യ സംഘടന പ്രതിനിധി...

click me!