
അതിക്രമങ്ങള്‍ക്ക് ഇരയാകാതെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നുള്ളത് ഇന്ന് നമ്മുടെ സമൂഹത്തിന്‍റെ വലിയ ആവശ്യമാണ്. കുട്ടികള്‍ക്ക് സംരക്ഷകരാകേണ്ടവര്‍ തന്നെ അവരെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്.
സമൂഹത്തിന് മാതൃകയാകേണ്ട പല വ്യക്തികളും പോക്സോ ചുമത്തേണ്ട കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നു എന്നുള്ളത് നമ്മില്‍ ഭീതിയുണ്ടാക്കുന്ന വസ്തുതയാണ്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം . 2007-ല്‍ നടത്തിയ പഠനം തെളിയിക്കുന്നത് ഇന്ത്യയില്‍ 53.22% കുട്ടികള്‍ ഒന്നോ അതില്‍ അധികമോ തവണ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ്. ആണ്‍കുട്ടികളില്‍ മാത്രം .ഇത് 52.94% ആണ്.
കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നവര്‍ അവര്‍ക്കു ചുറ്റുമുള്ള ആരുമാകാം. അതിക്രമത്തിന് ഇരയാകുന്ന 90% കുട്ടികള്‍ക്കും അവരുമായി വളരെ അടുപ്പമുള്ളവരില്‍ നിന്നുമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍
അത്തരക്കാരെ തിരിച്ചറിഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് വളരെ പ്രധാനമാണ്.
പ്രായപൂർത്തിയാവാത്ത കുട്ടിയോട് പ്രായപൂർത്തിയായ ആൾക്ക് തോന്നുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളെ ‘പീഡോഫൈല്‍’ എന്നു പറയുന്നു. പതിനാറ് വയസിൽ കുറയാതെ പ്രായവും, ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന കുട്ടികളെക്കാള്‍ അഞ്ചു വയസ്സെങ്കിലും
കൂടുതലുമായിരിക്കും പീഡോഫൈലുകള്‍ക്ക്.
13 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരില്‍ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്. യൗവനാരംഭത്തില്‍ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം
പീഡോഫൈലുകളില്‍ നിലനില്‍ക്കുന്നു.
പീഡോഫൈലുകള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍...
തന്നില്‍ വിശ്വാസ്യത ഉണ്ടാക്കി എടുക്കാന്‍ ആദ്യം തന്നെ ശ്രമിക്കുന്ന ഇവര്‍ കുട്ടികളെ തങ്ങളെ ഏല്‍പ്പിച്ചു പോകുന്നത് സുരക്ഷിതമാണ് എന്ന ചിന്ത മാതാപിതാക്കളില്‍ ഉണ്ടാക്കുന്നു. വളരെ സന്തോഷമുള്ളവരും, നല്ല പ്രകൃതക്കാരുമായി എല്ലാവരുടെയും മുന്‍പില്‍ പ്രത്യക്ഷപെടുന്ന ഇവര്‍ ഉള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മൃഗീയ വാസന കുട്ടി ഒറ്റയ്ക്കാവുന്ന അവസരത്തില്‍ മാത്രമാണ് പ്രകടമാക്കുന്നത്.
മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുന്ന കുട്ടികളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ മാതാവിനോ പിതാവിനോ മാത്രമായി ഒറ്റയ്ക്ക് കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളം എന്ന പേരില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നു. കുട്ടികളോടും കുട്ടിത്തം നിറഞ്ഞ പ്രവര്‍ത്തികളോടും പ്രത്യേക ആകര്‍ഷണം തോന്നുന്ന വ്യക്തിത്തിത്വമാണ് ഇവര്‍ക്ക്. വ്യത്യസ്ഥ പ്രായത്തിലുള്ള കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ഇവര്‍ ആ പ്രായത്തിലുള്ള കുട്ടികളെ ആകര്‍ഷിക്കും വിധം തങ്ങ ളുടെ വീടും മുറികളും എല്ലാം സജ്ജീകരിക്കും.
കുട്ടികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ ശ്രമിക്കും. ഇനി അതിന് സാധ്യമായില്ല എങ്കില്‍ സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കാന്‍ തല്‍പരരാണ് എന്ന വ്യാജേന കുട്ടികളെ സൗജന്യമായി ട്യൂഷന്‍ പഠിപ്പിക്കുക, സ്പോര്‍ട്സ് ട്രെയിനിംഗ് നല്‍കുക എന്നിവയിലൂടെ കുട്ടികളുമായി അടുത്തിടപഴകാനുള്ള സാഹചര്യം ഇവര്‍ കണ്ടെത്തുന്നു.
മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ വളരുന്ന കുട്ടികള്‍, ഉള്‍വലിഞ്ഞ സ്വഭാവക്കാരായ കുട്ടികള്‍, ശാരീരിക വൈകല്യമുള്ള കുട്ടികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിവരെയാണ് കൂടുതലായും ഇവര്‍ ലക്ഷ്യം വയ്ക്കുക. പിന്നീട് കുട്ടികള്‍ ആഗ്രഹിക്കുന്ന പോലെ സ്നേഹവും ശ്രദ്ധയും അവര്‍ക്കു കൊടുക്കുന്നു. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമ്മാനങ്ങള്‍ നല്‍കിയും തങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നു.
സാവധാനം കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയോ, അവരുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയോ, ലൈംഗികമായി അവരെ ഉപയോഗിക്കുകയോ ചെയ്യുന്നു. കുട്ടികള്‍ അതിക്രമത്തില്‍ നിന്നും രക്ഷപെടാതെയിരിക്കാനും, സംഭവിച്ചത് അവരുടെ ഓര്‍മ്മയില്‍ നിന്നു മായാനും ചില പീഡോഫൈലുകള്‍ കുട്ടികള്‍ക്ക് മദ്യമോ മയക്കുമരുന്നോ കൊടുക്കാനും ഇടയുണ്ട്.
പീഡോഫൈലിന്‍റെ വികലമായ ചിന്തകള്‍....
താന്‍ ലക്ഷ്യം വെച്ച കുട്ടികളെ വരുതിയിലാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. തങ്ങള്‍ കുട്ടികളോട് ചെയ്യുന്ന അതിക്രമങ്ങളില്‍ ഒരു തെറ്റും ഇല്ല എന്നവര്‍ വിശ്വസിക്കുന്നു. അതിനാല്‍ അതില്‍ യാതൊരു കുറ്റബോധവും അവര്‍ക്ക് അനുഭവപ്പെടുന്നില്ല. കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന യുക്തി രഹിതമായ വിശ്വാസം അവര്‍ വച്ചു പുലര്‍ത്തുന്നു.
കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങളോടുള്ള താല്പര്യം ചൈല്‍ഡ് പോണോഗ്രഫി പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതാണ്. കേരളത്തില്‍ ഇതു പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപ്പറേഷന്‍ പിഹണ്ട് എന്ന പേരില്‍ കേരള പോലീസ് ശക്തമായ നടപടി ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ കാണുന്നത് അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ചിലര്‍ കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നതരം അശ്ലീലചിത്രങ്ങള്‍ ഇന്‍റെര്‍നെറ്റില്‍ പ്രചരിപ്പിച്ച് ക്രൂരമായ ആനന്ദം കണ്ടെത്തുന്നു. ‘ഓണ്‍ലൈന്‍ പ്രിഡേറ്റര്‍’ എന്നൊരു വിഭാഗത്തിന് ഇരയാകാതിരിക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കണ്ടത് ഇന്ന് വലിയ ആവശ്യമാണ്.
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയും ചാറ്റ് റൂമുകള്‍ വഴിയും പേരു വെളിപ്പെടുത്താതെ കുട്ടികളുമായി ചങ്ങാത്തം കൂടുന്ന ഇവര്‍ കുട്ടികളുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുകയും കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ചിലര്‍ പ്രണയം അഭിനയിച്ച് നേരില്‍ കാണാന്‍ അവസരം ഉണ്ടാക്കുന്നു.
കുട്ടി ലൈംഗികമായി അതിക്രമിക്കപ്പെടാന്‍ ഇടയുണ്ട് എന്നതിന്‍റെ അപകടസൂചനകള്‍...
1. കുട്ടിയുടെ പക്കല്‍ മറ്റാരെങ്കിലും കൊടുത്ത സമ്മാനപ്പൊതികളോ കളിപ്പാട്ടങ്ങളോ കണ്ടാല്‍ അത് ആരു തന്നു എന്ന് അന്വേഷിക്കുക.
2. കുട്ടികളെ ചില കാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കാന്‍ ആരെങ്കിലും പ്രേരിപ്പിക്കുനുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്‍റെ കുഴപ്പങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കുക.
3. ലൈംഗിക ചുവയുള്ള തമാശകള്‍ ആരെങ്കിലും കുട്ടിയോട് പറഞ്ഞതായി കുട്ടി പറഞ്ഞറിഞ്ഞാല്‍ പ്രതികരിക്കുക, അവരെ ഒഴിവാക്കാന്‍ കുട്ടിയെ പഠിപ്പിക്കുക.
4. കുട്ടികളെ നോക്കാന്‍ ആളെ നിയമിക്കുമ്പോള്‍ അവരുടെ വിശ്വാസ്യത ഉറപ്പു വരുത്തുക.
ഇരകളായ കുട്ടികളോട് പറയേണ്ടത്...
പലപ്പോഴും പീഡോഫൈല്‍ നിയമത്തിന് മുന്നില്‍ വരുന്നത് അതിക്രമം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാകും (കോളിളക്കം സൃഷ്ടിച്ച ലാറി നാസ്സര്‍ കേസിലും മറ്റും നാം ഇതു കണ്ടതാണ്). ഇരയായ കുട്ടികള്‍ വലുതായി കഴിയുമ്പോഴാകും താന്‍ പണ്ട് ലൈംഗികമായി ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന് തന്നെ മനസ്സിലാക്കുന്നത്. എന്നാല്‍ വലുതായതിനു ശേഷമുണ്ടാകുന്ന ഈ തിരിച്ചറിവ് ഇരയായവരില്‍ ചിലരില്‍ കുറ്റബോധം ഉണ്ടാക്കുന്ന അവസ്ഥയുണ്ട്.
പ്രത്യേകിച്ചും അടുത്ത ഒരു ബന്ധുവോ വളരെ അടുപ്പമുള്ള ആരെങ്കിലുമാണ് അതു ചെയ്തതെങ്കില്‍. അന്ന് തനിക്കത് തടയാനായില്ലല്ലോ എന്ന ചിന്ത അവരെ ചിലപ്പോള്‍ വേട്ടയാടും. പലരും മാതാപിതാക്കളെ ഇത് അറിയിക്കാതെ ഇരിക്കുകയോ, ചില മാതാപിതാക്കള്‍ അറിഞ്ഞിട്ടും പ്രതികരിക്കാതെ ഇരിക്കുകയോ ചെയ്യും (പ്രത്യേകിച്ചും ഒരു
ബന്ധുവാണ് അതു ചെയ്തതെങ്കില്‍). പീഡോഫീലിയയ്ക്ക് ഇരയായ കുട്ടികള്‍ അതിന്‍റെ ഭീതിയില്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ടതില്ല. കുറ്റബോധം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല.
എന്നവര്‍ക്കു പറഞ്ഞു കൊടുക്കാം. ഒരിക്കലും അത് കുട്ടിയുടെ തെറ്റല്ല, ലൈംഗിക വൈകൃതം ഉള്ള ഒരാളുടെ ഇരയാകേണ്ടി വരിക മാത്രമാണ് ഉണ്ടായത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം. സ്കൂളുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ അനിവാര്യമാണ്. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കാം.
വീട്ടില്‍ ഉള്ളവരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ കുട്ടി അനുഭവിക്കുന്നതായി അദ്ധ്യാപകരുടെ ശ്രദ്ധയില്‍പെട്ടാല്‍ ഒട്ടും വൈകാതെ തന്നെ അതു റിപ്പോര്‍ട്ട് ചെയ്യുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള
പ്രവണത ഒരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല. അത് അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടണം.
എഴുതിയത്:
പ്രിയ വർഗീസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam