
ആലപ്പുഴ: ജില്ലയില്‍ ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. ചെറുജീവികളായ ചെള്ളു (മൈറ്റു)കളുടെ ലാര്‍വദശയായ ചിഗ്ഗര്‍മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍മൈറ്റുകള്‍ കടിച്ചഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി(എസ്‌കാര്‍) മാറുകയും ചെയ്യുന്നു. നീണ്ടു നില്‍ക്കുന്ന പനി ,തലവേദന കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ചെള്ള് പനി പ്രതിരോധിക്കുന്നതിന്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.ജോലിക്കായി മറ്റും ഇറങ്ങുമ്പോള്‍ വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ (ഗം ബൂട്ട്, കാലുറ) എന്നിവ ധരിക്കുക. വസ്ത്രങ്ങള്‍ കുറ്റിച്ചെടിയിലും നിലത്തുമിട്ട് ഉണക്കരുത്. അയയില്‍ വിരിച്ച് വെയിലില്‍ ഉണക്കുക.
വീടിന് പരിസരത്തുള്ള കുറ്റിച്ചെടികള്‍ വെട്ടി വൃത്തിയാക്കി പരിസരം ശുചിയായി സൂക്ഷിക്കുക. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എലി മാളങ്ങള്‍ നശിപ്പിക്കുക. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കുക.
ആഹാര അവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. മൈറ്റ്കളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ലേപനങ്ങള്‍ (മൈറ്റ് റിപ്പലന്റുകള്‍)ശരീരത്തില്‍ പുരട്ടുക. ചെള്ള് പനി കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam