Rabies in Humans : 'ഈ വര്‍ഷം പേവിഷബാധ മൂലം മരിച്ചത് 18 പേര്‍'; കേരളത്തില്‍ ജാഗ്രതയ്ക്കുള്ള സമയമോ?

Published : Aug 22, 2022, 10:23 AM IST
Rabies in Humans : 'ഈ വര്‍ഷം പേവിഷബാധ മൂലം മരിച്ചത് 18 പേര്‍'; കേരളത്തില്‍ ജാഗ്രതയ്ക്കുള്ള സമയമോ?

Synopsis

മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. ഇതിന് ശേഷം പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. എന്നിട്ടും ചികിത്സയിലിരിക്കെ മരണം സംഭവിച്ചിരിക്കുകയാണ്. ഇത് പേവിഷബാധ മൂലമുള്ള മരണമാണെന്നതിന് കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കില്‍ പോലും ഈ ഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നതാണ് കോഴിക്കോട്ടെ സംഭവവും.

പേവിഷബാധ മൂലം ആളുകള്‍ മരിക്കുന്നു എന്നതെല്ലാം ഏതോ കാലഘട്ടത്തില്‍ നടന്നിരുന്നതാണെന്ന ചിന്തയിലാണ് ഇപ്പോഴും ഏറെ പേര്‍ കഴിയുന്നത്. ഇന്നത്തെ കാലത്ത് പേവിഷബാധ മൂലം ആരും മരിക്കില്ലെന്നും, അതിനെല്ലാം ചികിത്സയും വാക്സിനും മറ്റും ലഭ്യമാണെന്നും വിശ്വസിച്ച് ധൈര്യത്തോടെ റോഡിലിറങ്ങി നടക്കുന്ന അതേ മനുഷ്യര്‍ തന്നെയാണ് ഇപ്പോള്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതും, പിന്നീട് പേവിഷബാധ സ്ഥിരീകരിക്കപ്പെട്ട് ജീവൻ പോലും നഷ്ടപ്പെടുന്നതും.

ഇന്നും ഇതാ കോഴിക്കോട്ട് നിന്ന് സമാനമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പേരാമ്പ്ര കൂത്താളിയില്‍ തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്ത ശേഷവും മരിച്ചു എന്നതാണ് വാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പുതിയേടത്ത് ചന്ദ്രിക ( 53 ) മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവര്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. 

മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. ഇതിന് ശേഷം പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. എന്നിട്ടും ചികിത്സയിലിരിക്കെ മരണം സംഭവിച്ചിരിക്കുകയാണ്. ഇത് പേവിഷബാധ മൂലമുള്ള മരണമാണെന്നതിന് കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കില്‍ പോലും ഈ ഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നതാണ് കോഴിക്കോട്ടെ സംഭവവും.

ഈ പശ്ചാത്തലത്തില്‍ ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കില്‍ പങ്കുവച്ചൊരു കുറിപ്പ് ഏറെ പ്രസക്തമാവുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വര്‍ധിച്ചുവരുന്ന പേവിഷബാധ മരണങ്ങളെ കുറിച്ച് ഡോ. ജിനേഷ് വിശദമായൊരു കുറിപ്പ് പങ്കുവച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ മാത്രം 18 പേവിഷബാധ മരണങ്ങള്‍ സംഭവിച്ചുവെന്നും ഇത് എത്രമാത്രം ഗുരുതരമായ വിഷയമാണെന്നും ഡോക്ടറുടെ കുറിപ്പിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാൻ സാധിക്കും. 

കേരളം ജാഗ്രതയോടെ സമീപിക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുന്നുവെന്നാണ് ഡോ. ജിനേഷ് ഇപ്പോഴും പറയുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് നമുക്കിനി പ്രതീക്ഷിക്കാനുള്ള ഏക ആശ്വാസമെന്നും ഡോക്ടര്‍ പറയുന്നു.

ഡോ. ജിനേഷിന്‍റെ കുറിപ്പ് വായിക്കാം...

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2021-ൽ പേ വിഷബാധ സ്ഥിരീകരിച്ചത് 11 പേർക്ക്, 11 പേരും മരണപ്പെട്ടു. 2020-ൽ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്, അഞ്ചുപേരും മരണമടഞ്ഞു.
2022 ഓഗസ്റ്റ് 20, ഈ വർഷം ഇതുവരെ 17 പേർ പേവിഷബാധ മൂലം മരണപ്പെട്ടു എന്ന വാർത്ത വായിച്ചു. വാർത്ത എത്രത്തോളം കൃത്യമാണ് എന്ന് അറിയില്ല. അതുപോലെ ഈ വർഷത്തെ ആരോഗ്യവകുപ്പിന്റെ കണക്കും കൃത്യമായി അറിയില്ല. എന്തായാലും വായിച്ച വാർത്തകളിൽ നിന്നും അത് കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ കൂടുതലാണ് എന്ന് കരുതുന്നു. (Edit @9.30 pm ഈ വർഷം ഇതുവരെ 18 മരണങ്ങൾ എന്ന് IDSP റിപ്പോർട്ട്. ലിങ്ക് കമന്റിൽ) 

2020-ന് മുൻപുള്ള ഡാറ്റ ആരോഗ്യവകുപ്പിന്റെ ഐഡിഎസ്പി റിപ്പോർട്ടിൽ കണ്ടില്ല. അതിന് മുൻപ് റാബീസ് മരണങ്ങൾ ഇല്ലാത്തതാണോ, മറ്റേതെങ്കിലും ഭാഗത്ത് കണക്ക് ശേഖരിച്ചിരിക്കുന്നതാണോ എന്നീ വിവരങ്ങൾ വ്യക്തമായി അറിയില്ല. എങ്കിലും ഒരു ദശാബ്ദത്തിന് മുൻപ് ഇത്രയും റാബിസ് കേസുകൾ ഉള്ളതായി കേട്ടിരുന്നില്ല. എംബിബിഎസ് കാലത്തെ ധാരണ വെച്ച് പറയുന്നതാണ്, ഡാറ്റ വെച്ചല്ല.
മാത്രമല്ല നായകടി സംബന്ധിച്ച വാർത്തകളും ധാരാളം വന്നുകൊണ്ടിരിക്കുന്നു. കുട്ടികളെ തെരുവുനായ ഓടിക്കുന്ന ഒരു വീഡിയോ കണ്ടിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. 

ഓരോ വർഷവും എത്ര നായകടി കേരളത്തിൽ ഉണ്ടാവുന്നുണ്ട് എന്ന കണക്ക് എനിക്കറിയില്ല. അത് അറിഞ്ഞില്ലെങ്കിൽ മാത്രമേ ഈ വർഷം എത്രമാത്രം വ്യത്യാസം ഉണ്ട് എന്ന് അവലോകനം ചെയ്യാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ കണക്കുകൾ പരിശോധിക്കുക തന്നെ വേണം. 
എങ്കിലും ലഭ്യമായ വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത് നായ ശല്യം കൂടുതലുണ്ട് എന്നാണ്. നിയന്ത്രിക്കാനുള്ള പല കാര്യങ്ങളും ചെയ്യുന്നുണ്ട് എന്ന് വാർത്തകളിൽ കാണുന്നുണ്ട്. നിയന്ത്രണം പ്രായോഗികമായി നടക്കുന്നില്ലെങ്കിൽ കൊന്നു കളയുന്നത് അടക്കം ചിന്തിക്കണം, അത്രയധികം പ്രശ്നമുണ്ടെങ്കിൽ.

എങ്കിലും അതിനു മുൻപ് പല കാര്യങ്ങളും ചെയ്യാൻ പറ്റുമോ എന്ന് നോക്കേണ്ടതുണ്ട് എന്ന് കരുതുന്നു. ജില്ല അടിസ്ഥാനത്തിൽ തെരുവ് നായകൾക്ക് ഒരു ഷെൽട്ടർ സംവിധാനം ഒരുക്കാൻ പറ്റിയാൽ നന്നായിരിക്കും. വലിയ നായകളെ വന്ധ്യംകരിച്ച ശേഷം ഷെൽട്ടറിൽ ആക്കുന്നത് ചിന്തിക്കാം. ഒപ്പം താല്പര്യമുള്ളവർക്ക് തെരുവ് നായ്ക്കളെ അഡോപ്റ്റ് ചെയ്യുന്ന കാര്യവും ആലോചിക്കാവുന്നതാണ്. ആവശ്യമായ കുത്തിവെപ്പുകൾ എല്ലാം എടുത്ത ശേഷം ആയിരിക്കണം ഇതെല്ലാം എന്ന് മാത്രം.ചെറിയ നായ്ക്കളെ അഡോപ്റ്റ് ചെയ്യുന്നതിൽ പ്രായോഗികമായി അത്ര ബുദ്ധിമുട്ട് ഉണ്ടാകേണ്ടതല്ല. 

എന്നിട്ടും നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ കൊല്ലുന്നത് ആലോചിക്കണം. ഇങ്ങനെ പറയുന്നത് ക്രൂരമായിരിക്കാം. പക്ഷേ പ്രയോറിറ്റി മനുഷ്യ ജീവന് ആണല്ലോ. ഇതിൽ ചിലർക്കെങ്കിലും എതിർപ്പ് വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ എതിർപ്പ് ഉന്നയിക്കുന്നവർക്ക് നായകളെ അഡോപ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് ആലോചിക്കാവുന്നതാണ്.

മറ്റൊരു വിഷയം ഇത്തവണ മരണപ്പെട്ടവരിൽ വാക്സിൻ സ്വീകരിച്ചവരും ഉണ്ട് എന്ന വാർത്തയാണ്. ഈ വാർത്തയും എത്രമാത്രം ശരിയാണ് എന്ന് കൃത്യമായി അറിയില്ല. ലഭ്യമായ വാക്സിനുകളിൽ പ്രായോഗികമായി ഏറ്റവു ഫലപ്രദമായ വാക്സിനുകളിൽ ഒന്ന് റാബിസ് വാക്സിൻ ആണെന്നാണ് കരുതപ്പെടുന്നത്. 

നായകടി മൂലമുള്ള പരിക്കിന്റെ തീവ്രത, എത്ര ഡോസ് സ്വീകരിച്ചു, ഇമ്മ്യൂണോഗ്ലുബുലിൻ ആവശ്യമായവരിൽ അത് നൽകിയിരുന്നോ, വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കിയിരുന്നോ അങ്ങനെ നിരവധി കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഓരോ കേസിലും ഉള്ള ഇത്തരം വിശദമായ വിലയിരുത്താനുള്ള വിവരങ്ങൾ പബ്ലിക് ഡൊമെയ്നിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരു വിലയിരുത്തൽ ഇപ്പോൾ നമുക്ക് സാധ്യവുമല്ല. പക്ഷേ ഇതൊക്കെ വിശദമായി വിലയിരുത്താൻ സാധിക്കുന്ന ഒരു വിഭാഗം ഉണ്ട്. അത് കേരളത്തിലെ ആരോഗ്യ വകുപ്പാണ്. അവിടെ ഇത്തരം കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ചില കാര്യങ്ങൾ അടിയന്തരമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. പബ്ലിക് ഡൊമെയ്നിൽ ലഭ്യമല്ലാത്ത പല കാര്യങ്ങളും അവലോകനം ചെയ്തെങ്കിൽ മാത്രമേ നമുക്ക് 100% വ്യക്തത ലഭിക്കൂ. ഏറ്റവും പ്രാധാന്യത്തോടെ പരിശോധിക്കേണ്ടതുണ്ട് എന്ന് കരുതുന്ന കാര്യങ്ങൾ കുറിക്കുന്നു. 

1. റാബീസ് മരണങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ടോ?

2. മരണങ്ങൾ ഉണ്ടായത് വാക്സിൻ എടുത്തവരിലാണോ എടുക്കാത്തവരിലാണോ? ഓരോ കേസും പ്രത്യേകമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

3. നായ കടി മൂലമുള്ള കേസുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണോ?

4. റാബീസ് മരണങ്ങൾ കൂടിയിട്ടുണ്ടെങ്കിൽ അത് നായകടി കേസുകൾ കൂടിയതിന് ആനുപാതികമാണോ?

5. മരണങ്ങൾ കൃത്യമായും IDRV നൽകിയതിന് ശേഷമാണോ?

6. ഇമ്യൂണോഗ്ലൊബുലിൻ കിട്ടിയവരിലും മരണങ്ങൾ ഉണ്ടായിട്ടുണ്ടോ?

7. ഏതെങ്കിലും ഒരു പ്രത്യേക brand vaccine/RIG ഉപയോഗിച്ചപ്പോൾ മരണങ്ങൾ കൂടുതൽ ഉണ്ടോ?

8. Vaccine/RIG കുത്തിവെപ്പ് നൽകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അത് ചെയ്യുന്നത് സ്ഥിരം സ്റ്റാഫ് ആണോ അതോ റൊട്ടേറ്റിംഗ് സ്റ്റാഫ് ആണോ? 

9. ഇൻട്രാഡെർമൽ ഇൻജക്ഷൻ കൊടുക്കുന്നതിനുള്ള ട്രെയിനിങ് പര്യാപ്തമാണോ? 

10. RIG കൊടുക്കുന്നതിനുള്ള പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടോ? പ്രോട്ടോകോൾ എല്ലാ സ്ഥലങ്ങളിലും ഒരേപോലെ ലഭ്യമാണോ? അത് നടപ്പാക്കപ്പെടുന്നുണ്ടോ?

11. ഇമ്മ്യൂണോഗ്ലൊബുലിൻ കുത്തിവെപ്പ് നൽകാനുള്ള ട്രെയിനിങ് പര്യാപ്തമാണോ?

ചെറിയൊരു ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില ചോദ്യങ്ങൾ മാത്രമാണ് ഇത്. ഇതിലും കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടി വന്നേക്കാം. എന്തായാലും അത് വൈകരുത് എന്ന ഒരു അഭ്യർത്ഥനയുണ്ട്. സമൂഹത്തിൽ വളരെയധികം ആശങ്കയുള്ള ഒരു വിഷയമാണ്. പക്ഷേ കാര്യമായ വാർത്താ പ്രാധാന്യം ലഭിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. നമ്മൾ വളരെ ഫലപ്രദമായി നേരിട്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. അതുകൊണ്ടുതന്നെ അതീവ ഗൗരവമായി ഈ വിഷയം പരിഗണിക്കേണ്ടതുണ്ട്.

 

Also Read:- കാലില്‍ നായ മാന്തിയത് കാര്യമാക്കിയില്ല, യുവാവ് പേവിഷ ബാധയേറ്റ് മരിച്ചു; അറിയേണ്ട ചിലത്...

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍