
രണ്ട് വര്‍ഷം മുമ്പാണ് പാക്കിസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളായി സഫയും മര്‍വയും ജനിക്കുന്നത്. എന്നാല്‍ ഇരട്ടപ്പെണ്‍മണികളുടെ മാതാപിതാക്കളായതില്‍ ഇവര്‍ക്ക് സന്തോഷിക്കാനായിരുന്നില്ല. കാരണം, ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍, അതില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക് മാത്രമുണ്ടാകുന്ന പ്രത്യേകതരം ജനിതകാവസ്ഥയിലായിരുന്നു ഇരുവരും.
തലയോട്ടിയും, തലച്ചോറിന്റെ ഭാഗങ്ങളും, അതിപ്രധാനമായ രക്തക്കുഴലുകളുമെല്ലാം പരസ്പരം പിണഞ്ഞുകിടക്കുന്ന തരത്തിലായിരുന്നു ഇവരുടെ അവസ്ഥ. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ 50 കേസുകള്‍ ശരാശരി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഏകദേശം 15 കേസുകളില്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുക തന്നെ. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും ആദ്യ 30 ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെടുകയാണത്രേ പതിവ്.
അത്രയും ഗുരുതരമായ അവസ്ഥയായതിനാല്‍ തന്നെ സഫയുടേും മര്‍വയുടേയും കാര്യത്തിലും ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതീക്ഷകളൊന്നും കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ കൃത്യമായ ചികിത്സയും പരിചരണങ്ങളും മാതാപിതാക്കളുടെ സ്‌നേഹസാമീപ്യവും സഫയേയും മര്‍വയേയും രണ്ട് വര്‍ഷം പിടിച്ചുനിര്‍ത്തി.
രണ്ട് വയസിന് ശേഷം, അതേ അവസ്ഥ തുടരുന്നത് പന്തിയല്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് വലിയൊരു ശസ്ത്രക്രിയയ്ക്ക് മക്കളെ വിധേയരാക്കാന്‍ മനസില്ലാമനസ്സോടെ ആ ദമ്പതികള്‍ തീരുമാനിച്ചു. ജീവന്‍ വച്ചുള്ള പരീക്ഷണമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല.
ഏറ്റവും നല്ലൊരു ആശുപത്രിയില്‍ വച്ചുവേണം ശസ്ത്രക്രിയ നടത്താനെന്ന് അവര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ലണ്ടനിലെ 'ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്' ആശുപത്രിയിലേക്ക് മക്കളെയും കൊണ്ട് അവര്‍ യാത്ര തിരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശസ്ത്രക്രിയ.
വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട മേജര്‍ ശസ്ത്രക്രിയയിലൂടെ സഫയേയും മര്‍വയേയും വേര്‍പെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷവും അവര്‍ അപകടനില തരണം ചെയ്തിരുന്നില്ല. ജീവിതത്തിലേക്ക് ആ കുഞ്ഞുങ്ങള്‍ മടങ്ങിയെത്തിയെന്ന് പറയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ഒടുവില്‍ ഈ മാസം ആദ്യത്തോടെ കുഞ്ഞുങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടതായും തുടര്‍ചികിത്സകള്‍ വീട്ടില്‍ താമസിച്ചുകൊണ്ട് നടത്താവുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ അപകടഘട്ടം കടന്നുകിട്ടിയതിന് ശേഷം മാത്രമാണ് ഈ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടത് തന്നെ.
ആരോഗ്യരംഗത്തിന് വളരെയേറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണിതെന്നാണ് 'ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്' ആശുപത്രി മാനേജ്‌മെന്റ് ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം പുഞ്ചിരിയോടെ പതിയെ ജീവിതത്തിലേക്കുള്ള മടക്കത്തിലാണ് കുഞ്ഞ് സഫയും മര്‍വയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam