റഷ്യയില്‍ റെക്കോര്‍ഡ് കൊവിഡ് മരണങ്ങള്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

Web Desk   | others
Published : Oct 23, 2021, 07:30 PM IST
റഷ്യയില്‍ റെക്കോര്‍ഡ് കൊവിഡ് മരണങ്ങള്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

Synopsis

ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,075 കൊവിഡ് മരണമാണ്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ആയിരിക്കുകയാണ് റഷ്യയില്‍

കൊവിഡ് 19 മഹാമാരി ഏറ്റവുമധികം നഷ്ടം വിതച്ചൊരു രാജ്യമാണ് റഷ്യ. ഇപ്പോഴും കൊവിഡ് കേസുകള്‍ താഴാതെ, മരണനിരക്ക് താഴാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് റഷ്യ. ഇതിനിടെ വാക്‌സിനേഷന്‍ നടപടികളും ഇവിടെ മന്ദഗതിയിലാണ് തുടരുന്നത്. 

ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,075 കൊവിഡ് മരണമാണ്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ആയിരിക്കുകയാണ് റഷ്യയില്‍. മഹാമാരി ആദ്യമായി സ്ഥിരീകരിച്ചത് മുതലിങ്ങോട്ട് ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ റഷ്യയില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു. 

ഇതേ ദിവസത്തില്‍ തന്നെ 37,678 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് മരണത്തില്‍ പുതിയ കണക്ക് കൂടി വന്നതോടെ ആകെ ഇവിടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 2,29,528 ആയതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. എന്നാല്‍ മറ്റ് ചില ഏജന്‍സികളുടെ കണക്ക് പ്രകാരം റഷ്യയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. 

ഇത്രയും മോശപ്പെട്ട സാഹചര്യത്തിലും ഇതുവരെ 36 ശതമാനം ആളുകള്‍ മാത്രമാണ്, റഷ്യയില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. സ്ഫുട്‌നിക് വി വാക്‌സിനാണ് റഷ്യയില്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര അളവില്‍ ഇത് ലഭ്യമല്ലെന്നതാണ് വാക്‌സിനേഷന്‍ നടപടികളെ മന്ദഗതിയിലാക്കിയിരിക്കുന്നതത്രേ. വാക്‌സിനേഷന്‍ ഈ രീതിയില്‍ പോകുന്നതിനാലാണ് റഷ്യയിലെ സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

ഏതായാലും ഇനിയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ ഇവിടെ അധികൃതരുടെ തീരുമാനം. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 7 വരേക്ക് അവശ്യസേവനങ്ങളൊഴികെ മറ്റൊന്നും രാജ്യത്ത് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടുതല്‍ നടപടികളിലേക്ക് പിന്നീട് നീങ്ങാനും ആലോചനയുണ്ട്. 

Also Read:- ഫെെസര്‍ വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദമെന്ന് എഫ്ഡിഎ

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?