ശുക്ലത്തിന്റെ അളവും ബീജത്തിന്റെ ഗുണവും തമ്മിൽ എന്തുബന്ധം?

By Web TeamFirst Published Sep 21, 2021, 1:18 PM IST
Highlights

രതിമൂർച്ഛാനന്തരം ഉത്പാദിപ്പിക്കപ്പെടുന്ന ശുക്ലത്തിന്റെ അളവ് കുറവാണ് എന്നത് ചിലരെയെങ്കിലും അലട്ടാറുണ്ട്.

നമ്മുടെ നാട്ടിൽ വിവാഹിതരാവുന്ന യുവതീയുവാക്കളിൽ ചിലർക്കെങ്കിലും  ദീർഘകാലം വന്ധ്യതാ ചികിത്സകൾക്ക് വിധേയരാവേണ്ടി വരാറുണ്ട്. കേരളത്തിൽ വിവാഹിതരാവുന്നവരിൽ 10-15 % പേരിലെങ്കിലും വന്ധ്യത കണ്ടുവരുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. ഇങ്ങനെ കുഞ്ഞുങ്ങളുണ്ടാവാൻ പ്രയാസം നേരിടുന്ന ദമ്പതികളിൽ പലരും അതിന്റെ കാരണങ്ങളെക്കുറിച്ചാലോചിച്ചും തലപുണ്ണാക്കാറുണ്ട്. ഇക്കാര്യത്തിൽ, പല വിധത്തിലുള്ള  സംശയങ്ങളും ആശങ്കകളും അവരെ അലട്ടാറുമുണ്ട്. അതിൽ ഒന്നാണ്, രതിമൂർച്ഛയ്ക്ക് ശേഷം സ്ഖലിക്കുന്ന ശുക്ലത്തിന്റെ അളവും പ്രത്യുത്പാദന ശേഷിയും തമ്മിലുള്ള ബന്ധം. 

ചില പുരുഷന്മാരിലെങ്കിലും ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ശുക്ലത്തിന്റെ അളവ് താരതമ്യേന കുറവായി കണ്ടു വരാറുണ്ട്. ഇത് പൊതുവെ ഒരു അപകർഷതാ ബോധത്തിനും കാരണമാവാറുണ്ട്. അവരുടെ മനസ്സിൽ ഉയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ല. ശുക്ലത്തിന്റെ അളവിനോട് മാത്രം അങ്ങനെ നേരിട്ട് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ഒന്നല്ല സന്താനോത്പാദന ശേഷി. 

ഈ വിഷയത്തിൽ, കണ്ണൂർ ARMC ഐവിഎഫ് സെന്ററിലെ വന്ധ്യതാ വിദഗ്ധനായ ഡോ. ഷൈജസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണം ചുവടെ. 

ശുക്ലം എന്നത് പുംബീജങ്ങളും സെമിനൽ പ്ലാസ്മ എന്ന ദ്രാവകവും ചേർന്ന ഒരു ദ്രവമിശ്രിതമാണ്. സാധാരണ ഗതിയിൽ പുരുഷന്മാരിൽ രതിമൂർച്ഛയ്ക്ക് ശേഷമാണ് ശുക്ലവിസർജനം ഉണ്ടാവുന്നത്. ഒരു ചുരുങ്ങിയ അളവ് ശുക്ലം വിസർജ്ജിതമായാൽ മാത്രമേ അതിൽ അടങ്ങിയ ബീജങ്ങൾക്ക് പങ്കാളിയുടെ അണ്ഡാശയം വരെ ചെന്നെത്തി സങ്കലനം നടത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വന്ധ്യതാ ചികിത്സയ്ക്കിടെ നടത്തപ്പെടുന്ന സ്പേം അനാലിസിസിൽ വിസർജിത ശുക്ലത്തിന്റെ അളവും ഒരു സുപ്രധാന ഘടകം തന്നെയാണ്. 

പുരുഷ വൃഷണങ്ങളിൽ ഉത്പാദിതമാവുന്ന ശുക്ലം, ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിലൂടെ യാത്ര ചെയ്ത് പുറത്തേക്ക് എത്തുന്നതിനിടെ മറ്റു ചില ഗ്രന്ഥികളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സെമിനൽ പ്ലാസ്മ കൂടി ഇതോടൊപ്പം ചേരുന്നുണ്ട്. പുരുഷ ബീജങ്ങളെ പ്രത്യുത്പാദനം നടക്കേണ്ട സ്ത്രീയുടെ അണ്ഡാശയത്തിലേക്ക് എത്തിക്കാൻ ചുരുങ്ങിയത് 1.5 ml മുതൽ 2 ml വരെ ശുക്ലമെങ്കിലും വിസർജ്ജിതമാവേണ്ടതുണ്ട്. അതിനേക്കാൾ കുറഞ്ഞാൽ ചിലപ്പോൾ അത് പ്രത്യുത്പാദന ശേഷിയെ വിപരീതമായി ബാധിക്കാനിടയുണ്ട്. ശുക്ലത്തിന്റെ സാധാരണ കണ്ടുവരുന്ന അളവ്, 1.5 ml മുതൽ 5 ml വരെ ആണ്. 

എന്നാൽ, ഉത്പാദിപ്പിക്കപ്പെടുന്ന ശുക്ലത്തിന്റെ അളവ് കൂടുതലാണ് എന്നത്, അവർക്ക് കൂടുതൽ ഉത്പാദന ശേഷിയുണ്ട് എന്നതിന്റെ നേർസൂചകമല്ല. കുറഞ്ഞ സെമിനൽ വോളിയം ഉള്ളവരിൽ പലർക്കും കൂടുതൽ ഉള്ളവരേക്കാൾ പ്രത്യുത്പാദന ശേഷിയുണ്ടാവാം. അവിടെയാണ്, പ്രത്യുത്പാദന ശേഷിയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ പ്രസക്തമാവുന്നത്. ശുക്ലത്തിൽ കാണുന്ന പുംബീജങ്ങളുടെ ചില ഗുണങ്ങൾ - ഉദാ. ശുക്ല സാന്ദ്രത(Sperm Concentration), ബീജങ്ങളുടെ രൂപം(Morphology), മുന്നോട്ടു കുതിക്കാനുള്ള അവയുടെ കഴിവ്(Progressive Motility) അങ്ങനെ പലതും ഒരു വ്യക്തിയുടെ പ്രത്യുത്പാദന ശേഷിയെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. 

സാധാരണയോ, കൂടുതലോ ആയ  അളവിൽ ശുക്ലം വിസർജിക്കുന്ന ഒരു വ്യക്തിക്ക് കുറഞ്ഞ ശുക്ല സാന്ദ്രതയോ, മോശം മോർഫോളജിയോ, കുറഞ്ഞ ഫോർവേഡ് മോട്ടിലിറ്റിയോ ഒക്കെ ഉണ്ടെങ്കിൽ അത് അയാളുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കും. അതുപോലെ തന്നെ താരതമ്യേന കുറഞ്ഞ അളവിൽ ശുക്ലം വിസർജിക്കുന്ന ഒരാൾക്ക് മികച്ച ബീജ രൂപമോ, ഉഗ്രൻ മോട്ടിലിറ്റിയോ, നല്ല ശുക്ല സാന്ദ്രതയോ ഒക്കെ ഉണ്ടെങ്കിൽ അവരിൽ താരതമ്യേന കൂടിയ പ്രത്യുത്പാദന ശേഷി കാണുകയും ചെയ്യും. 

ശുക്ലത്തിന്റെ അളവ് എങ്ങനെ കൂട്ടിയെടുക്കാം?

ഒരു പുരുഷനിൽ രതിമൂർച്ഛയ്ക്ക് ശേഷം ഉത്പാദിപ്പിക്കപ്പെടുന്ന ശുക്ലത്തിന്റെ അളവ്, അയാളുടെ പ്രായം, പാരമ്പര്യം തുടങ്ങിയ പലതിനെയും ആശ്രയിച്ചിരിക്കും. എന്നാൽ അത് പൂർണമായും നമ്മുടെ നിയന്ത്രണത്തിന് പുറത്താണ് എന്നും അതിനർത്ഥമില്ല. നിർജലീകരണം (ഡീഹൈഡ്രേഷൻ) ആണ് ശുക്ലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഒരു ഘടകം. നിങ്ങൾക്ക് ദാഹം തോന്നുന്നുണ്ടെങ്കിൽ ശരീരത്തിൽ വേണ്ടത്ര ജലാംശം ഇല്ല എന്നുതന്നെയാണ് അതിനർത്ഥം. സ്ഥിരമായി വേണ്ടത്ര വെള്ളം കുടിക്കുന്നവരിൽ ശുക്ലത്തിന്റെ അളവും മെച്ചപ്പെട്ടിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!