കൊറോണ വൈറസ് ശുക്ലത്തിലൂടെ പകരുമോ? പുതിയ വാദവുമായി ഗവേഷകര്‍

By Web TeamFirst Published Apr 24, 2020, 11:26 PM IST
Highlights

ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്തപ്പെട്ട ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തെത്തിയിരിക്കുകയാണിപ്പോള്‍. യുഎസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ശുക്ലത്തിലൂടെ കൊറോണ വൈറസ് പകരുമോയെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ചൈനയില്‍ രോഗബാധിതരായ ഏതാനും പുരുഷന്മാരെ ഉപയോഗിച്ചാണ് ഇവര്‍ തങ്ങളുടെ പഠനത്തിനാവശ്യമായ പരീക്ഷണ-നിരീക്ഷണങ്ങള്‍ നടത്തിയത്

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന രോഗകാരിയാണ് കൊറോണ വൈറസ്. അതിനാല്‍ത്തന്നെ, വ്യക്തികള്‍ പരസ്പരം അകലം പാലിക്കണമെന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും സുപ്രധാനമായ നിര്‍ദേശങ്ങളിലൊന്നാണ്. ഈ സാഹചര്യത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും ഉയര്‍ന്നിരുന്നു. 

ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ കൃത്യമായി നല്‍കുകയെന്നത് ഈ ഘട്ടത്തില്‍ വിദഗ്ധരെക്കൊണ്ട് പോലും സാധ്യമല്ല. കാരണം, രോഗത്തെ പിടിച്ചുകെട്ടുന്നതിനും പ്രതിരോധത്തിനുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിനുമുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകമിന്ന്. ഇതിനിടെ കൊവിഡ് 19മായി ബന്ധപ്പെട്ട പല വിഷയങ്ങളും ഗവേഷകര്‍ പഠനവിധേയമാക്കുന്നുണ്ട്. എന്നാല്‍ അവ എത്രത്തോളം ആധികാരികവും കണിശവുമാണെന്ന് അവര്‍ക്ക് പോലും ഉറപ്പിച്ചുപറയാനാകാത്ത സാഹചര്യമാണുള്ളത്. 

ഇത്തരത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്തപ്പെട്ട ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തെത്തിയിരിക്കുകയാണിപ്പോള്‍. യുഎസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ശുക്ലത്തിലൂടെ കൊറോണ വൈറസ് പകരുമോയെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ചൈനയില്‍ രോഗബാധിതരായ ഏതാനും പുരുഷന്മാരെ ഉപയോഗിച്ചാണ് ഇവര്‍ തങ്ങളുടെ പഠനത്തിനാവശ്യമായ പരീക്ഷണ-നിരീക്ഷണങ്ങള്‍ നടത്തിയത്. 

Also Read:- ലോക്ക്ഡൗണ്‍ കാലത്തെ ദാമ്പത്യം; 'ബോറടി' മാറാന്‍ അഞ്ച് 'ടിപ്‌സ്'...

ശുക്ലത്തിലൂടെ വൈറസ് പകരില്ലെന്നാണ് ഇവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പരിപൂര്‍ണ്ണമായ ഉറപ്പ് നല്‍കാനാവില്ലെന്നും അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. 

'ലൈംഗികബന്ധത്തിലൂടെ പകരുന്നതാണ് കൊവിഡ് 19 വൈറസെങ്കില്‍ അത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇപ്പോള്‍ നമ്മള്‍ നേരിടുന്ന പ്രതിസന്ധികളെക്കാളെല്ലാം എത്രയോ മടങ്ങായിരിക്കും അതിന്റെ ശക്തി. മാത്രമല്ല, മനുഷ്യരാശിക്ക് മുകളില്‍ തന്നെ ദീര്‍ഘകാലത്തേക്ക് അതിന്റെ പ്രതിഫലനങ്ങള്‍ വന്നേക്കാം. കാരണം, പ്രത്യുത്പാദനപ്രക്രിയയില്‍ ഇങ്ങനെയൊരു രോഗകാരിയുടെ ഇടപെടല്‍ ഉള്‍പ്പെട്ടാല്‍ അത് വരാനിരിക്കുന്ന തലമുറകളെയെല്ലാം ബാധിക്കുകയില്ലേ. നിലവില്‍ അത്തരമൊരു വെല്ലുവിളിയില്ലെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. എന്നാല്‍ ഈ പഠനം വെറും പ്രാഥമികമായ ഒന്നാണ്. ഇനിയും ഈ വിഷയത്തില്‍ ഗഹനമായ പഠനങ്ങള്‍ വരേണ്ടിയിരിക്കുന്നു...'- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജെയിംസ് എം ഹോട്ട്‌ലിംഗ് പറയുന്നു. 

Also Read:- കൊവിഡ് കാലത്തെ ബേബി ബൂം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡോക്ടര്‍ പറയുന്നു...

അതേസമയം, വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഗവേഷകര്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചുമ, തുമ്മല്‍, സംസാരം, ചുംബനം എന്നിവയെല്ലാം വൈറസുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഉപാധികളാണ്. അതിനാല്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും കരുതേണ്ടതുണ്ടെന്ന് തന്നെ ഇവര്‍ പറയുന്നു. 

click me!