ലോക്ക്ഡൗണ്‍ ആയതോടെ വീട്ടില്‍ എല്ലാവരും എല്ലായ്‌പ്പോഴും ഒന്നിച്ച് തന്നെ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു തരത്തില്‍ ഇത് ബന്ധങ്ങളെ കൂടുതല്‍ ഇണക്കിച്ചേര്‍ക്കാനും ഊഷ്മളമാക്കാനുമെല്ലാം സഹായിക്കുന്ന സമയമാണെന്ന് പറയാം. എന്നാല്‍ മറുവശത്താകട്ടെ, സദാസമയവും ഒരുമിച്ചുണ്ടാകുമ്പോഴുള്ള 'ബോറടി' പ്രശ്‌നമാകാനും സാധ്യതയുണ്ട്. ഇത് ഏറ്റവുമധികം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് ദമ്പതിമാര്‍ക്കിടയിലാണ്. 

വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അനുഭവപ്പെടുന്ന പുതുമയും പ്രണയവുമെല്ലാം അല്‍പം കൂടി കടന്നുപോകുമ്പോള്‍ ചെറുതായി മങ്ങിവരാം. പലപ്പോഴും ദാമ്പത്യബന്ധങ്ങള്‍ വിരസമാകുന്ന അവസ്ഥയിലേക്ക് വരെ ഈ മാറ്റമെത്താം. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അല്‍പം ചില പൊടിക്കൈകളെല്ലാം സ്വായത്തമാക്കിയാല്‍ ബന്ധങ്ങളിലെ വിരസത വലിയ പരിധി വരെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായകമാകുന്ന അഞ്ച് 'ടിപ്‌സ്' ആണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വിവാഹത്തിന്റെ ആദ്യനാളുകളില്‍ മിക്കവാറും പേരും പരസ്പരം സന്തോഷിപ്പിക്കുന്നതിന് സമ്മാനങ്ങള്‍ നല്‍കുകയും സര്‍പ്രൈസുകള്‍ കാത്തുസൂക്ഷിക്കുകയുമെല്ലാം ചെയ്യാറുണ്ട്. എന്നാല്‍ പിന്നീടങ്ങോട്ട് പതിവ് ആവര്‍ത്തനങ്ങളിലേക്ക് മുങ്ങിപ്പോകും. ഇതാണ് ദാമ്പത്യത്തിലെ വിരസതയുടെ ഒരു പ്രധാന കാരണമായി റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ പരസ്പരം സര്‍പ്രൈസുകള്‍ നല്‍കുന്നതും, ചെറുതെങ്കിലും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എപ്പോഴും ജീവിതത്തില്‍ പുതുമയെ അനുഭവപ്പെടുത്താന്‍ ഇടയാക്കും. 

 

 

ഇത് ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും ചെറുതല്ല. അതുകൊണ്ട് 'പൊസിറ്റീവ്' ആയ ഇത്തരം രസങ്ങളും കൗതുകങ്ങളും തമാശകളും ഒന്നും മാറ്റിവയ്‌ക്കേണ്ട. അതെല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്തും പ്രയോജനപ്പെടുത്തൂ. 

Also Read:- വിവാഹിതര്‍ അറിയാന്‍; വഴക്കടിക്കുമ്പോള്‍ നിങ്ങള്‍ പങ്കാളിയോട് പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍!...

രണ്ട്...

ആവര്‍ത്തനവിരസതയിലൂടെ കടന്നുപോകുമ്പോള്‍ 'എല്ലാം പഴയത് തന്നെ' എന്നൊരു ചിന്ത മനുഷ്യര്‍ക്ക് ഏത് ഘട്ടത്തിലും ഉണ്ടാകാം. അത് ദാമ്പത്യത്തിലും സംഭവിക്കാം. അതിനാല്‍ പതിവ് രീതികളെ ഒന്ന് മാറ്റി ചിട്ടപ്പെടുത്തിനോക്കുന്നത് എപ്പോഴും ബന്ധങ്ങളില്‍ വ്യത്യാസങ്ങള്‍ കൊണ്ടുവന്നേക്കാം. അത് ലൈംഗികത മുതല്‍ മുറിയുടെ കെട്ടിലും മട്ടിലും വരെയെത്തുന്ന കാര്യങ്ങളില്‍ ആകാം. 

മൂന്ന്...

ഇത് ഡിജിറ്റല്‍ യുഗമാണ്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് ലോകവും ഗെയിമുകളും സോഷ്യല്‍ മീഡിയയുമൊക്കെയാണ് നമ്മളില്‍ ഭൂരിഭാഗം പേരേയും ഭരിക്കുന്നത്. ഇക്കാര്യത്തില്‍ അല്‍പസ്വല്‍പം നിയന്ത്രണം കൊണ്ടുവരുന്നത് ദാമ്പത്യബന്ധത്തിലെ വിരസത കുറയ്ക്കാനോ ഒഴിവാക്കാനോ സഹായകമാണ്. ആ സമയം ഒരുമിച്ച് വീട്ടിലെ ജോലികള്‍ പങ്കുവയ്ക്കുകയോ സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയോ ഒക്കെയാകാം. ഒരു 'റീഫ്രഷ്‌മെന്റ്' ബന്ധങ്ങളിലും ആവശ്യമാണ്. അതിന് മാറ്റിവയ്‌ക്കേണ്ട സമയം വെറുതെ പാഴാക്കാതിരിക്കാം. 

നാല്...

പഴയ കാര്യങ്ങള്‍ ഓര്‍ത്ത് പറയുന്നത് പോലെ തന്നെ പ്രധാനമാണ് ഭാവിയിലേക്കുള്ള പ്ലാനിംഗുകളെപ്പറ്റി സംസാരിക്കുന്നതും. 

 

 

വളരെ ഗൗരവമുള്ള, ഭാരിച്ച പദ്ധതികളെപ്പറ്റി പറയുന്നതിന് പകരം ഭാവിയില്‍ ഒരുമിച്ച് പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളെപ്പറ്റിയോ, യാത്രകളെപ്പറ്റിയോ, ചെയ്യാനുള്ള രസകരമായ കാര്യങ്ങളെപ്പറ്റിയോ ഒക്കെ ചര്‍ച്ച ചെയ്യാം. ഇങ്ങനെയുള്ള വിഷയങ്ങള്‍ സംസാരിക്കുന്നത് പോലും മനസിന് വളരെയധികം 'റിലാക്‌സേഷന്‍' ഉണ്ടാക്കും. സ്വാഭാവികമായും ഈ സ്വസ്ഥത ബന്ധത്തിലും പ്രതിഫലിക്കും. 

അഞ്ച്...

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ 'റൊമാന്‍സ്' മാറ്റിവയ്ക്കണം എന്ന തരത്തില്‍ ഒരു പഴകിയ കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിലുണ്ട്. അത് ഴളരെ അനാരോഗ്യകരമായ ഒരു കാഴ്ചപ്പാടാണ്. വിവാഹം കഴിഞ്ഞ് എത്ര വര്‍ഷമായാലും എത്ര പ്രായമായാലും പങ്കാളിയോടെ അല്‍പം സല്ലപിക്കുന്നതില്‍ ഒരു നാണക്കേടും കരുതേണ്ടതില്ല. ഇത്തരം ചെറിയ സംഭാഷണശകലങ്ങളോ, സ്പര്‍ശനങ്ങളോ, ചിരിയോ, നോട്ടമോ എല്ലാം ബന്ധത്തെ പുതുക്കാനേ ഉപകരിക്കൂ. അതിനാല്‍ മനസിലെ പ്രണയം പങ്കാളിയിലേക്ക് തന്നെ നീക്കിവയ്ക്കാന്‍ പരമാവധി ശ്രമിക്കുക.

Also Read:- ദാമ്പത്യജീവിതം വിജയകരമാക്കാം; അറിയൂ ഈ ഒന്‍പത് കാര്യങ്ങള്‍...

സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് വയ്ക്കാതെ പങ്കാളിക്ക് അത് അനുഭവപ്പെടുത്തിക്കൊടുക്കുക. ഒപ്പം തന്നെ പരസ്പരം ബഹുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കാനും ശ്രമിക്കുക. ഈ ലോക്ക്ഡൗണ്‍ കാലം ദാമ്പത്യത്തിലെ വിരസതയെ അകറ്റാനും ബന്ധത്തെ പൂര്‍വ്വാധികം ശക്തമായി ഇണക്കിച്ചേര്‍ക്കാനുമുള്ള സമയം കൂടിയായി മാറട്ടെ.