Covid 19 : കൊവിഡ് വ്യാപനം കുറയ്ക്കാന്‍ 'ച്യൂയിംഗ് ഗം'; കണ്ടെത്തലുമായി ഗവേഷകര്‍

Web Desk   | others
Published : Dec 06, 2021, 08:55 PM IST
Covid 19 : കൊവിഡ് വ്യാപനം കുറയ്ക്കാന്‍ 'ച്യൂയിംഗ് ഗം'; കണ്ടെത്തലുമായി ഗവേഷകര്‍

Synopsis

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന ഗവേഷണത്തിലാണ് ഗവേഷകലോകം. പല മാര്‍ഗങ്ങളാണ് ഗവേഷക സംഘങ്ങള്‍ ഇതിനായി അവലംബിക്കുന്നത്. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ളൊരു ഗവേഷകസംഘം കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള 'ച്യൂയിംഗ് ഗം' വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്

രണ്ട് വര്‍ഷത്തിലധികമായി കൊവിഡ് 19മായുള്ള ( Covid 19 ) പോരാട്ടത്തിലാണ് ലോകം. 2019 അവസാനം ചൈനയിലാണ് ( Covid 19 China ) ആദ്യമായി കൊവിഡ് 19 എന്ന രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ലോകരാജ്യങ്ങളിലൊട്ടാകെ ഭീതി പടര്‍ത്തിക്കൊണ്ട് കൊവിഡ് പരക്കുകയായിരുന്നു. 

ലക്ഷക്കണക്കിന് ജീവനാണ് ഇതിനോടകം തന്നെ കൊവിഡ് കവര്‍ന്നിരിക്കുന്നത്. ഇതിനിടെ കൊവിഡ് 19ന് കാരണമാകുന്ന വൈറസ് തുടര്‍ച്ചയായി പരിവര്‍ത്തനത്തിന് വിധേയമാവുകയും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വരികയും ചെയ്തു. 

ഇത്തരത്തില്‍ ഉണ്ടായ ഡെല്‍റ്റ വകഭേദം വലിയ തോതിലാണ് പല രാജ്യങ്ങളെയും ബാധിച്ചത്. ഇപ്പോഴിതാ ഡെല്‍റ്റയ്ക്ക് ശേഷം ഒമിക്രോണ്‍ എന്ന വകഭേദവും ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്നു. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നു എന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയെക്കാള്‍ അതിവേഗം രോഗവ്യാപനം നടത്തുന്നതാണ് ഒമിക്രോണ്‍ എന്നാണ് സ്ഥിരീകരണം.

അങ്ങനെയെങ്കില്‍ അതിവേഗം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ഇത് അതത് രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് താങ്ങാനാകാത്ത പ്രതിസന്ധി വരുത്തുകയും ചെയ്യാം. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതികല സാഹചര്യങ്ങള്‍ ഓര്‍മ്മയില്ലേ? ചികിത്സ കിട്ടാതെ പോലും രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ചയായിരുന്നു ദില്ലിയില്‍ പോലും കണ്ടത്. 

ഈ സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന് തന്നെയാണ് ഏറ്റവുമധികം പ്രാധാന്യമുള്ളത്. അതിനാണ് മാസ്‌ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം നിര്‍ബന്ധമായും പിന്തുടരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത്. 

ഇതിനിടെ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന ഗവേഷണത്തിലാണ് ഗവേഷകലോകം. പല മാര്‍ഗങ്ങളാണ് ഗവേഷക സംഘങ്ങള്‍ ഇതിനായി അവലംബിക്കുന്നത്. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ളൊരു ഗവേഷകസംഘം കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള 'ച്യൂയിംഗ് ഗം' വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. 

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്‍ ഹെന്റി ഡാനിയേല്‍ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രത്യേക വിഭാഗത്തില്‍ പെടുന്ന ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് ഇവര്‍ 'ച്യൂയിംഗ് ഗം' തയ്യാറാക്കുന്നത്.

ഉമിനീര്‍ ഗ്രന്ഥിയില്‍ വച്ച് വൈറസുകള്‍ പെരുകുന്നത് തടയാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. സാധാരണഗതിയില്‍ അണുബാധയേറ്റയാളില്‍ ഉമിനീരിലൂടെ വൈറസ് പെരുകുയും ഇത് തുമ്മല്‍, ചുമ, സംസാരം, ചിരി എന്നിങ്ങനെയുള്ള പ്രവര്‍ത്തികളിലൂടെ പുറത്തേക്ക് എത്തുകയും അടുത്ത ആളില്‍ പ്രവേശിക്കുകയും ചെയ്യുകയാണ്.

എന്നാല്‍ ഈ 'ച്യൂയിംഗ് ഗം' വൈറസുകള്‍ ലോഡ് ആയി ഉണ്ടാകുന്നത് തടയുന്നു. തന്മൂലം തന്നെ രോഗിയില്‍ നിന്ന് അടുത്തയാളിലേക്ക് രോഗമെത്താനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ 'ച്യൂയിംഗ് ഗം' ക്ലിനിക്കല്‍ ട്രയലിലൂടെ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഗവേഷകരുടെ ആവശ്യം.

ഇതിനായി അനുവാദം തേടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ പരീക്ഷണത്തിലൂടെ തൃപ്തികരമായ ഫലം ലഭിച്ചാല്‍ കൊവിഡ് രോഗികള്‍ക്ക് ഇത് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങളും തേടുകയാണ് ഗവേഷകര്‍. 

Also Read:-  'ഒമിക്രോണ്‍' സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍...

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക