നമ്മള്‍ മരിച്ചുകഴിഞ്ഞാലും നമ്മുടെ തലച്ചോര്‍ മണിക്കൂറുകളോളം പ്രവര്‍ത്തിക്കുമോ?

By Web TeamFirst Published Apr 18, 2019, 6:17 PM IST
Highlights

ഭക്ഷണാവശ്യങ്ങള്‍ക്കായി കശാപ്പ് ചെയ്ത പന്നികളുടെ തലച്ചോര്‍ ഉപയോഗിച്ചായിരുന്നു പഠനം. ചത്തതിന് ശേഷവും പന്നികളുടെ തലച്ചോര്‍ എത്രനേരം വരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ ആദ്യഘട്ടത്തില്‍ നിരീക്ഷിച്ചത്

മരണത്തിന് ശേഷം മനുഷ്യശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെക്കാലമായി ശാസ്ത്രലോകത്ത് തുടരുകയാണ്. വിചിത്രമായതും അല്ലാത്തതുമായ പല വസ്തുതകളും ഇതുമായി ബന്ധപ്പെട്ട് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ ഈ കണ്ടുപിടുത്തം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കൂടുതല്‍ വിശാലമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സുപ്രധാനമായ ഒന്നാണെന്നാണ് അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. മറ്റൊന്നുമല്ല, മരിച്ചുകഴിഞ്ഞാല്‍ നമ്മുടെ തലച്ചോര്‍ പിന്നെയും എത്ര നേരം കൂടി പ്രവര്‍ത്തിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്താനുള്ള ആദ്യപടികളാണ് ഇവര്‍ കയറിക്കഴിഞ്ഞിരിക്കുന്നത്. 

ഭക്ഷണാവശ്യങ്ങള്‍ക്കായി കശാപ്പ് ചെയ്ത പന്നികളുടെ തലച്ചോര്‍ ഉപയോഗിച്ചായിരുന്നു പഠനം. ചത്തതിന് ശേഷവും പന്നികളുടെ തലച്ചോര്‍ എത്രനേരം വരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ ആദ്യഘട്ടത്തില്‍ നിരീക്ഷിച്ചത്. ഇത് ഏതാണ്ട് നാല് മണിക്കൂര്‍ നേരം വരെ പ്രവര്‍ത്തിച്ചുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

അതായത്, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സസ്തനികളില്‍ രക്തയോട്ടം നിലയ്ക്കുന്നതോടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പിന്താങ്ങുന്ന തലച്ചോറിലെ കോശങ്ങള്‍ പതിയെ നശിച്ചുതുടങ്ങും. ഇത് ഒറ്റയടിക്ക് സംഭവിക്കുന്ന കാര്യമല്ല, ഇതിന് ഏറെ നേരമെടുക്കും. 

ഈ സമയത്ത് കോശങ്ങള്‍ നശിക്കുന്നതിനെതിരെ എന്തെങ്കിലും ചെയ്യാനാകുമോ, എന്നും ഗവേഷകര്‍ പരീക്ഷിച്ചു. ഇതിനായി 'ആര്‍ട്ടിഫിഷ്യല്‍ രക്തം' നിറച്ച ഒരു സിസ്റ്റം പന്നികളുടെ തലച്ചോറുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്നെയും ആറ് മണിക്കൂര്‍ നേരത്തേക്ക് കൂടി നീട്ടി. 

ഈ പരീക്ഷണം മനുഷ്യരുടെ കാര്യത്തിലും ഭാവിയില്‍ സഹായകമായേക്കുമെന്നാണ് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ പറയുന്നത്. ഹൃദയസ്തംഭനമോ പക്ഷാഘാതമോ സംഭവിച്ച രോഗികളുടെ കാര്യത്തിലാണത്രേ ഈ കണ്ടെത്തല്‍ പരോക്ഷമായി സഹായകമാവുക.

'നമ്മള്‍ മുമ്പ് കരുതിയത് പോലെയല്ല കാര്യങ്ങളെന്നാണ് ഈ പഠനത്തിലൂടെ ഞങ്ങള്‍ മനസിലാക്കുന്നത്. തലച്ചോറിലെ കോശങ്ങള്‍ മുഴുവനും മരിക്കാന്‍ എത്രയോ മണിക്കൂറുകളെടുക്കുന്നുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ നെനാദ് സെസ്റ്റാന്‍ എന്ന ഗവേഷകന്‍ പറയുന്നു. 

മരണം എന്ന് പറയുന്നത്, അത് മനുഷ്യന്റെ കാര്യത്തിലാണെങ്കിലും ഒരു നൊടിയിട നേരം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല, മറിച്ച് ഏറെ നേരമെടുത്ത് നടക്കുന്ന ഒരു വലിയ പ്രവര്‍ത്തനമാണെന്നുമുള്ള വാദത്തിലേക്ക് വെളിച്ചം വീശുന്നതാണ് പഠനമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റ് പ്രൊഫസറായ ഡൊമിനിക് വില്‍കിന്‍സണും പറയുന്നു. 

click me!