ലൈംഗികരോഗമായ 'ഗൊണേറിയ' ഇങ്ങനെയും പകരും...

By Web TeamFirst Published May 10, 2019, 6:32 PM IST
Highlights

ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേര്‍ക്കാണ് 'ഗൊണേറിയ' സ്ഥിരീകരിക്കുന്നത്. പലരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പുറത്തുകാണില്ല. ചിലരില്‍ ഇത് കാണുകയും ചെയ്‌തേക്കാം

സാധാരണഗതിയില്‍ ലൈംഗികബന്ധത്തിലൂടെ പിടിപ്പെടുന്ന ഒരുതരം ബാക്ടീരിയല്‍ അണുബാധയാണ് 'ഗൊണേറിയ'. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കണ്ടേക്കാം. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേര്‍ക്കാണ് 'ഗൊണേറിയ' സ്ഥിരീകരിക്കുന്നത്. പലരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പുറത്തുകാണില്ല. ചിലരില്‍ ഇത് കാണുകയും ചെയ്‌തേക്കാം. 

രോഗം നേരത്തേ കണ്ടുപിടിക്കുന്നതിന് അനുസരിച്ച് ചികിത്സ എളുപ്പത്തിലാകും. സ്വാഭാവികമായും സമയം വൈകുംതോറും ചികിത്സയും സങ്കീര്‍ണ്ണമാകും. പ്രധാനമായും ആദ്യം സൂചിപ്പിച്ചത് പോലെ ലൈംഗികബന്ധങ്ങളിലൂടെയാണ് 'ഗൊണേറിയ' പകരുന്നത്. ഇത് കൂടാതെ, അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്കും രോഗം പകരാറുണ്ട്. 

എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെയും 'ഗൊണേറിയ' പകരുമെന്നാണ് ഓസ്‌ട്രേലിയയില്‍ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനം അവകാശപ്പെടുന്നത്. അതായത് രോഗമുള്ളയാളുമായി ലൈംഗികബന്ധത്തില്‍ തന്നെ ഏര്‍പ്പെടണമെന്നില്ല, മറിച്ച് അയാളെ ചുംബിച്ചാലും രോഗം പകര്‍ന്നേക്കുമെന്നാണ് ഇവര്‍ പറയുന്നത്. വെറും ചുംബനമല്ല, രോഗിയുടെ നാക്കില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ചുംബനമാണ് രോഗം പകര്‍ത്തുക. 

'ഓറല്‍ ഗൊണേറിയ' ആണത്രേ ഇത്തരത്തില്‍ പകരുന്നത്. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലും 'ബൈസെക്ഷ്വല്‍' ആയ പുരുഷന്മാരിലുമാണ് ഇതിന്റെ സാധ്യതകള്‍ കൂടുതലുള്ളതെന്നും ഗവേഷകര്‍ പറയുന്നു. 'സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷന്‍സ്' എന്ന പ്രത്യേക ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ഈ വിഷയത്തില്‍ ഇനിയും പഠനങ്ങള്‍ക്കുള്ള സാധ്യതകളാണ് ഈ പഠനറിപ്പോര്‍ട്ട് തുറന്നുതരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

click me!