വര്‍ഷങ്ങള്‍ കാത്തിരുന്നു; കഴുത്തിന് താഴേക്ക് തളര്‍ന്ന യുവാവ് ഒടുവില്‍ നടന്നു!

By Web TeamFirst Published Oct 4, 2019, 10:42 PM IST
Highlights

അന്ന് 26 വയസ് മാത്രമായിരുന്നു നേത്രരോഗ വിദഗ്ധനായ തിബോള്‍ട്ടിന്റെ പ്രായം. അവശേഷിക്കുന്ന ജീവിതം മുഴുവന്‍ കിടക്കയിലാണെന്ന് ഏതാണ്ട് ഉറപ്പായി. രണ്ട് വര്‍ഷം ആ ജീവിതത്തോട് നിരന്തരം പോരാടി പരാജയപ്പെട്ടു. അതിന് ശേഷമാണ് പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചവുമായി ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഒരുകൂട്ടം ഗവേഷകര്‍ തിബോള്‍ട്ടിനെ തേടിയെത്തിയത്
 

ഇനിയൊരിക്കലും കിടക്ക വിട്ടൊരു എഴുന്നേല്‍പ്പില്ലെന്ന് തിരിച്ചറിയുക. എല്ലാ വേദനകളെയും ഉള്ളിലൊതുക്കി മരണത്തിന് മാത്രമായി കാത്തിരിക്കുക. ഈ മനസോടെയായിരുന്നു രണ്ട് വര്‍ഷമായി മുപ്പതുകാരനായ തിബോള്‍ട്ട് എന്ന യുവാവ് കഴിഞ്ഞിരുന്നത്. 

2015ലായിരുന്നു ജീവിതവും സ്വപ്‌നങ്ങളുമെല്ലാം തട്ടിയെടുത്ത ആ ദുരന്തമുണ്ടായത്. ഫ്രാന്‍സിലെ ഒരു നൈറ്റ്ക്ലബ്ബിലെ മനോഹരമായ വൈകുന്നേരം. സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു തിബോള്‍ട്ട്. ഇതിനിടെ അബദ്ധവശാല്‍ ടെറസിന് മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീണു. 

ജീവന്‍ തിരിച്ചുകിട്ടുമെന്ന് പോലും അന്ന് ഡോക്ടര്‍മാര്‍ കരുതിയതല്ല. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുകയറി. പക്ഷേ കഴുത്തിന് താഴെ പൂര്‍ണ്ണമായും ചലനമറ്റ അവസ്ഥയില്‍ നിന്ന് തിബോള്‍ട്ടിന് ഒരിക്കലും മോചനമില്ലെന്ന് വൈകാതെ ഡോക്ടര്‍മാര്‍ വിധിയെഴുതി. 

അന്ന് 26 വയസ് മാത്രമായിരുന്നു നേത്രരോഗ വിദഗ്ധനായ തിബോള്‍ട്ടിന്റെ പ്രായം. അവശേഷിക്കുന്ന ജീവിതം മുഴുവന്‍ കിടക്കയിലാണെന്ന് ഏതാണ്ട് ഉറപ്പായി. രണ്ട് വര്‍ഷം ആ ജീവിതത്തോട് നിരന്തരം പോരാടി പരാജയപ്പെട്ടു. അതിന് ശേഷമാണ് പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചവുമായി ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഒരുകൂട്ടം ഗവേഷകര്‍ തിബോള്‍ട്ടിനെ തേടിയെത്തിയത്.

തളര്‍ന്നുകിടക്കുന്ന ആളുകള്‍ക്ക് എഴുന്നേല്‍ക്കാനും അത്യാവശ്യം നടക്കാനുമെല്ലാം സഹായിക്കുന്ന റോബോ- സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അവര്‍. അന്ന അത് വിജയം കാണുമോയെന്ന് പോലും അവര്‍ക്ക് നിശ്ചയമില്ലാതിരുന്ന ഘട്ടമനായിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തേക്ക് റോബോ- സ്‌കെലിട്ടണ്‍- സംവിധാനത്തിന്റെ സഹായത്തോടെ എഴുന്നേല്‍ക്കാനും നടക്കാനുമുള്ള പരിശീലനത്തിലായി തിബോള്‍ട്ട്.

ഇപ്പോഴിതാ ആദ്യമായി സാങ്കേതിക സഹായത്തോടെ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുതയാണ് തിബോള്‍ട്ട്. തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്ത് കൃത്രിമക്കൈകളും കാലുകളും ഈ യുവാവിനിപ്പോള്‍ ചലിപ്പിക്കാം. കൈകളും കാലുകളും ദേഹവുമെല്ലാം റോബോയുടെ കൃത്രിമാവയവങ്ങളില്‍ കൃത്യമായി ബെല്‍റ്റിട്ട് മുറുക്കിയിരിക്കും. 

കുത്തനെ നിര്‍ത്താന്‍ റോബോയെ മുറികളുടെ സീലിംഗില്‍ ബന്ധിക്കാനുള്ള സംവിധാനമുണ്ട്. സ്വപ്‌നതുല്യമാണ് ഈ നിമിഷമെന്ന് ആദ്യമായി റോബോയുടെ സഹായത്തോടെ രണ്ടടി നടന്ന ശേഷം തിബോള്‍ട്ട് പറയുന്നു. 

'സത്യത്തില്‍ എഴുന്നേറ്റുനില്‍ക്കുന്നതിന്റെ ഫീല്‍ എന്താണെന്ന് പോലും ഞാന്‍ മറന്നുതുടങ്ങിയിരുന്നു. ആ അവസ്ഥയിലാണ് ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം. കൂടെ നില്‍ക്കുന്ന പലരെക്കാളും എനിക്ക് ഉയരമുണ്ടെന്ന് പോലും ഞാന്‍ മനസിലാക്കുന്നത് ഇപ്പോഴാണ്. ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്റെ സന്തോഷം എന്താണോ അതാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്'- തിബോള്‍ട്ട് പറയുന്നു. 

റോബോയുടെ സഹായത്തോടെ കിടപ്പിലായ ആളുകള്‍ക്ക് നടക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഈ സംവിധാനം അവരിലേക്കെത്തണമെങ്കില്‍ ഇനിയും കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു. ചില ഘട്ടങ്ങള്‍ കൂടി ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ടത്രേ. അതിന് ശേഷം ലോകമൊട്ടാകെ ഈ റോബോയെ എത്തിക്കാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

click me!