
മോസ്‌കോ: കൊവിഡ് വാക്‌സിന്‍ ആദ്യ ബാച്ച് ഉല്‍പാദനം പൂര്‍ത്തിയായെന്ന് റഷ്യ. ചൊവ്വാഴ്ചയാണ് കൊവിഡിനെതിരെ റഷ്യ വാക്‌സിന്‍ വികസപ്പിച്ചെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ അവകാശമുന്നയിച്ചത്. ലോകത്ത് ആദ്യമായി കൊവിഡിന് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത് റഷ്യയാണെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു.
ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആദ്യബാച്ച് വാക്‌സിന്‍ ഉല്‍പാദനം പൂര്‍ത്തിയായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ വാര്‍ത്താഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും തന്റെ മകള്‍ക്കാണ് ആദ്യ ഡോസ് നല്‍കിയതെന്നും പുടിന്‍ പറഞ്ഞിരുന്നു. അതേസമയം വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ണമായിട്ടില്ല. 2000 ആളുകളിലുള്ള പരീക്ഷണം ഈ ആഴ്ചയാണ് തുടങ്ങിയത്. വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും സംശയമുന്നയിച്ചിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വാക്‌സിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്പുട്‌നിക് അഞ്ച് എന്നാണ് വാക്‌സിന് റഷ്യ പേരിട്ടത്.
സെപ്റ്റംബറോടുകൂടി വ്യാവസായികാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാകുമെന്നാണ് റഷ്യ പ്രതീക്ഷിക്കുന്നത്. പ്രതിമാസം അഞ്ച് മില്ല്യണ്‍ ഡോസ് നിര്‍മിക്കാനാണ് തീരുമാനം. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നീട് സ്വയം തയ്യാറായി വരുന്നവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്‌കോ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam