
കൊവിഡ് 19 മഹാമാരി ലോകത്തെയാകെയും കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വൈറസ് പ്യാപമായ വര്‍ഷം തന്നെ ഇതിനെതിരെയുള്ള വാക്‌സിനുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നത് വലിയ നേട്ടം തന്നെയാണ്. എങ്കിലും പല രാജ്യങ്ങളും നികത്താനാവാത്ത കനത്ത നഷ്ടമാണ് ഈ മഹാമാരിക്കാലത്ത് നേരിട്ടത്. ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടമായി. സാമ്പത്തികമേഖല തകര്‍ന്നു. വ്യവസായങ്ങള്‍ ബാധിക്കപ്പെട്ടു. മാനസികമായും ഈ സാഹചര്യം ആളുകളെ മോശമായി ബാധിച്ചു.
ഇനി വരാനിരിക്കുന്നത് കാര്‍ഷികമേഖലയെയും മൃഗങ്ങളെയും വൈറസ് കടന്നുപിടിക്കുന്ന ഘട്ടമാണെന്ന തരത്തില്‍ പല ഗവേഷകരും നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ചരിത്രപരമായ ചുവടുവയ്പുമായി റഷ്യയെത്തിയിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. 'Carniac-Cov' എന്ന വാക്‌സിന്റെ പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരിക്കുന്നുവെന്നാണ് റഷ്യ അറിയിക്കുന്നത്.
ഏപ്രില്‍ മുതല്‍ വാക്‌സിന്‍ വലിയ തോതില്‍ ഉത്പാദിപ്പിച്ചെടുക്കാനാണേ്രത ഇപ്പോഴത്തെ നീക്കം. പട്ടി, പൂച്ച, കുറുക്കന്‍, നീര്‍നായ തുടങ്ങി മനുഷ്യരുമായി എപ്പോഴും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിവരുന്ന മൃഗങ്ങളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവയിലെല്ലാം തന്നെ വൈറസിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ വാക്‌സിന്‍ ഫലപ്രദമായി സഹായിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.
മൃഗങ്ങളിലെത്തുന്ന കൊറോണ വൈറസ്, അവിടെ വച്ച് മാറ്റത്തിന് വിധേയമായി വീണ്ടും മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമുണ്ടായാല്‍ അത് സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കുമെന്ന് നേരത്തേ പല പഠനങ്ങളും നിരീക്ഷിച്ചിരുന്നു. ലോകാരോഗ്യ സംഘടനയും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ക്ക് ഇത്തരത്തില്‍ മാറ്റത്തിന് വിധേയമായ വൈറസിനെ ചെറുക്കാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയിരുന്നു.
അതിനാല്‍ത്തന്നെ, റഷ്യയുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന തരത്തിലാണ് പൊതുവേ ശാസ്ത്രലോകം വിലയിരുത്തുന്നത്. അതേസമയം പട്ടികളും പൂച്ചകളുമടങ്ങുന്ന മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങള്‍ക്ക് കൊവിഡിന്റെ കാര്യത്തില്‍ വലിയ പങ്ക് വരികയില്ലെന്ന തരത്തിലുള്ള നിഗമനങ്ങള്‍ പങ്കുവയ്ക്കുന്ന ഗവേഷകരും ഉണ്ട്. എന്തായാലും ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായിരുന്നതിനാല്‍ തന്നെ മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷനുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം.
Also Read:- കൊവിഡ് 19ഉം അലര്‍ജികളും തമ്മില്‍ വേര്‍തിരിച്ചറിയാനാകുമോ?; നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam