കൊവിഡ് 19 മഹാമാരി വ്യാപകമായ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കിയ ഒരു വിഷയമായിരുന്നു അലര്‍ജിയുള്ളവരില്‍ ഇത് പെട്ടെന്ന് ബാധിക്കപ്പെടുമോ, കൂടുതല്‍ തീവ്രമാകുമോ തുടങ്ങിയ പ്രശ്‌നങ്ങള്‍. ആദ്യഘട്ടത്തില്‍ പല പഠനങ്ങളും അലര്‍ജിയുള്ളവര്‍ അധിക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന തരത്തില്‍ തന്നെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതിന് നേര്‍വിപരീതമായ നിരീക്ഷണങ്ങളാണ് ഏറെയും വന്നത്. 

അതായത് അലര്‍ജിയുള്ള ആളുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ കൊവിഡ് പിടിപെടില്ലെന്നും അഥവാ രോഗം ബാധിച്ചാല്‍ തന്നെ അസാധാരണമാം വിധം ഗൗരവതരമാകില്ലെന്നുമുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഏതായാലും ഇപ്പോഴും ഈ വിഷയങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. കൊവിഡ് കൂടുതല്‍ വ്യാപകമായതോടെ അലര്‍ജിയും കൊവിഡും എങ്ങനെ വേര്‍തിരിച്ചറിയാം എന്ന ചിന്തയാണ് മിക്കവരേയും അലട്ടിയത്. 

നമ്മുടെ ശരീരത്തിന് എടുക്കാന്‍ കഴിയാത്ത എന്തെങ്കിലും പദാര്‍ത്ഥങ്ങള്‍ പുറത്തുനിന്ന് വരുമ്പോള്‍ അതിനോട് രോഗ പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്ന രീതിയാണ് അലര്‍ജി. അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥത്തെ അലര്‍ജന്‍ എന്നാണ് വിളിക്കുന്നത്. പ്രതിരോധ വ്യവസ്ഥ അലര്‍ജനെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചില കെമിക്കലുകള്‍ രക്തപ്രവാഹത്തിലേക്ക് കടത്തിവിടുന്നു. ഇതാണ് അലര്‍ജിയുടെ റിയാക്ഷനായി പുറത്തുവരുന്നത്. 

 

 

കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. പനി, ക്ഷീണം, രുചി- ഗന്ധം എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ, വരണ്ട ചുമ എന്നിവയാണ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളായി വരാറ്. ചിലരില്‍ ശരീരവേദന, ശ്വാസതടസം, സന്ധിവേദന, വയറിളക്കം എന്നിവയും കാണാറുണ്ട്. അലര്‍ജിയുടെ ലക്ഷണങ്ങളുമായ ഏറെ സാമ്യതയുള്ള ലക്ഷണങ്ങളാണ് ഇവയും. ജലദോഷം, ശ്വാസതടസം, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിവയെല്ലാം അലര്‍ജിയുടെ ഭാഗമായി വരാറുണ്ട്. 

ലക്ഷണങ്ങളിലെ ഈ സാമ്യത തന്നെയാണ് നിലവില്‍ കൊവിഡ് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നത്. അതിനാല്‍ത്തന്നെ നിലവിലെ അവസ്ഥയില്‍ അലര്‍ജിയും കൊവിഡും സ്വയം മനസിലാക്കാമെന്ന് ചിന്തിക്കരുത്. സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകുകയെന്ന മാര്‍ഗമേ ഇപ്പോള്‍ അവലംബിക്കാനാകൂ. 

 

 

പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, തളര്‍ച്ച എന്നിങ്ങനെ ഏത് ലക്ഷണം കാണുന്ന പക്ഷവും ഐസൊലേഷനിലേക്ക് മാറുന്നത് ഉചിതമാണ്. ഇതോടൊപ്പം തന്നെ ലക്ഷണങ്ങളില്‍ വ്യതിയാനം വരുന്നത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇതിന് ശേഷം പരിശോധനയും നടത്താവുന്നതാണ്. അലര്‍ജിയുള്ളവരാണെങ്കില്‍ ഈ ഘട്ടത്തില്‍ അലര്‍ജിക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാം. 

Also Read:- ആസ്ത്മയുള്ളവരുടെ ശ്രദ്ധയ്ക്ക്; ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...