
ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ കുറിച്ച് ഇന്ന് ഏവര്‍ക്കുമറിയാം. അത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നൊരു വിഷയമാണിത്. ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യമാണ് നമ്മുടേതെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടാക്കാട്ടുന്നത്. എന്ന് മാത്രമല്ലേ, വിഷാദം മൂലമുള്ള ആത്മഹത്യകളും ഇവിടെ വലിയ രീതിയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
വിഷാദരോഗത്തിന് തീര്‍ച്ചയായും ചികിത്സ ആവശ്യമുണ്ട്. ശാരീരികാരോഗ്യപ്രശ്നങ്ങള്‍ പോലെ തന്നെ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കും ഡോക്ടറെ കാണുകയും ചികിത്സ തേടുകയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വലിയൊരു വിഭാഗം പേരും മടിക്കാറുണ്ടെന്നതാണ് സത്യം.
എന്തായാലും വിഷാദരോഗത്തിന് ചികിത്സയെടുക്കുന്നതില്‍ മടിയോ നാണക്കേടോ കരുതാതിരിക്കുക. ഒപ്പം തന്നെ നമ്മുടെ ജീവിതരീതികളിലും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരിക. ജീവിതരീതികള്‍ എന്ന് പറയുമ്പോള്‍ ഇതില്‍ ഭക്ഷണവും ഉള്‍പ്പെടുന്നു.
ഇത്തരത്തില്‍ വിഷാദവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനായി ഭക്ഷണത്തിലുള്‍പ്പെടുത്താവുന്ന ഒന്നാണ് കുങ്കുമം. അല്‍പം വില കൂടിയ സാധനമായതിനാല്‍ തന്നെ മിക്കവരും കുങ്കുമം അങ്ങനെ പതിവായി ഉപയോഗിക്കാറില്ല.
എങ്കിലും പഠനറിപ്പോര്‍ട്ടുകളും ന്യൂട്രീഷ്യനിസ്റ്റുകളും ഡിപ്രഷന് കുങ്കുമം എത്രമാത്രം സഹായകമാണെന്ന് വിശദീകരിക്കുമ്പോള്‍ കഴിയുന്നവര്‍ക്ക് ഇതൊന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്.
എങ്ങനെ ഡിപ്രഷനെതിരെ പോരാടുന്നു?
കുങ്കുമം എങ്ങനെയാണ് ഡിപ്രഷനെതിരെ പോരാടുന്നത് എന്ന് കൂടി മനസിലാക്കാം. യുഎസിലെ 'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ'ല്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കുങ്കുമം വലിയ രീതിയില്‍ തന്നെ വിഷാദത്തിന്‍റെ പ്രയാസങ്ങളെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.
കുങ്കുമത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 'ക്രോസിൻ' ഉത്കണ്ഠ ലഘൂകരിക്കുന്നതിന് സഹായകമാണത്രേ. ഇത് എലികളില്‍ പരീക്ഷണം നടത്തി, ഗവേഷകര്‍ തെളിയിച്ചിട്ടുള്ളതാണ്.
അതുപോലെ വിഷാദത്തിന് നല്‍കുന്ന പല മരുന്നുകളുടെയും ഫലം കുങ്കുമത്തിന് നല്‍കാൻ സാധിക്കുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇതും ഗവേഷകര്‍ പരീക്ഷണത്തിലൂടെ തന്നെ കണ്ടെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കുങ്കുമത്തില്‍ നിന്നുത്പാദിപ്പിക്കുന്ന എഥനോളും വിഷാദത്തെ ലഘൂകരിക്കാൻ സഹായിക്കുന്നു.
കുങ്കുമം വിഷാദത്തെ എത്രമാത്രം പ്രതിരോധിക്കുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.
'വിഷാദത്തിന് കൊടുക്കുന്ന ചികിത്സയില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തല്‍, ഉറക്കം ക്രമീകരിക്കല്‍, തെറാപ്പി, വീട്ടുകാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വൈകാരികമായ പിന്തുണ ഉറപ്പിക്കല്‍ എന്നിങ്ങനെ പലതും ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം കൂടി ചേര്‍ന്നാണ് വിഷാദരോഗത്തിനുള്ള ചികിത്സയാകുന്നത്. കുങ്കുമം നല്ലരീതിയില്‍ ഡിപ്രഷനെ ചെറുക്കുന്ന ഘടകമാണ്. മരുന്നുകള്‍ക്ക് പകരമായി തന്നെ ഉപയോഗിക്കാൻ കഴിയുന്നത്. എന്നാലിത് കൂടുതല്‍ തെളിയിക്കുന്നതിനുള്ള പഠനങ്ങള്‍ ഇനിയും വരാനുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിഷാദചികിത്സയില്‍ കുങ്കുമം ഒരു വാഗ്ദാനമാവുന്നു എന്ന് വേണമെങ്കില്‍ പറയാം...' - ന്യൂട്രീഷ്യനിസ്റ്റും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ റഷി ചൗധരി പറയുന്നു.
Also Read:-മഴക്കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-