
94-ാമത് ഓസ്കർ ചടങ്ങിനിടെ നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വാർത്തയിൽ നിറഞ്ഞിരുന്നു. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. അവർക്കിനി ജിഐ ജെയ്‌നിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാം എന്നാണ് ജാദ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയൻ കൂടിയായ ക്രിസ് റോക്ക് പറഞ്ഞത്.
1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചായിരുന്നു അഭിനയിച്ചത്. എന്നാൽ, ഇതിനു പിന്നാലെ വിൽ സ്മിത്ത് വേദിയിലേക്കു നടന്നുചെന്ന് റോക്കിൻറെ മുഖത്തടിച്ചു. തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ ഇരിപ്പിടത്തിലെത്തിയ വിൽ സ്മിത്ത് 'എന്റെ ഭാര്യയുടെ പേര് നിന്റെ വാ കൊണ്ട് പറഞ്ഞുപോകരുത്' എന്ന് വിളിച്ച്പറയുകയായിരുന്നു.
2018 ൽ റെഡ് ടേബിൾ ടോക്കിൽ (RED TABLE TALK) ടി ജാഡ പിങ്കറ്റ് സ്മിത്ത് തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ അലോപ്പീസിയ എന്ന മുടികൊഴിച്ചിൽ രോഗത്തിന്റെ പിടിയിലാണ് പിങ്കറ്റ്. വട്ടത്തിൽ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ (Alopecia Areata)..
ഇതിന് പിന്നാലെ നിരവധി പേർ അലോപേഷ്യ രോഗത്തിന്റെ സങ്കീർണാവസ്ഥകളെക്കുറിച്ച് പങ്കുവച്ചിരുന്നു. നടി സമീറ റെഡ്ഡിയും (Sameera Reddy) അക്കൂട്ടത്തിലുണ്ട്. മുടികൊഴിച്ചിൽ വർധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെയാണ് സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'അലോപേഷ്യ ഏരിയേറ്റ' എന്താണെന്നും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും സമീറ പോസ്റ്റ് പങ്കുവച്ചു. 2016 ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരു മാസത്തിനുള്ളിൽ അത്തരത്തിൽ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉൾക്കൊള്ളുക പ്രയാസമായിരുന്നു.
മുടികൊഴിച്ചിലിന് മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടതെന്ന് സമീറ പറഞ്ഞു. വൈകാതെ കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചെക്ഷനുകൾ ശിരോചർമത്തിൽ വച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും നിലവിൽ തനിക്ക് ആരോഗ്യകരമായ മുടിയാണ് ഉള്ളതെന്നും സമീറ പോസ്റ്റിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam