
ഇന്ന് നമ്മള്‍ വെള്ളിത്തിരയില്‍ കാണുന്ന പല നടീനടന്മാരും അവരുടെ പഴയകാല ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ അതിശയിച്ചുപോകാറുണ്ട് അല്ലേ? എങ്ങനയെല്ലാമിരുന്ന ആളുകളാണ് ഇപ്പോള്‍ ആരാധകരുടെ പ്രിയതാരങ്ങളായി മാറുന്നത്!
നേരത്തേ, ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ഇത്തരത്തില്‍ തന്റെ പഴയ ചിത്രം പങ്കുവയ്ക്കുകയും അന്ന് അമിതവണ്ണത്തിന്റെ പേരില്‍ താന്‍ 'ബോഡിഷെയിമിംഗ്' നേരിട്ടിരുന്നതുമെല്ലാം ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ യുവനടിയും താരപുത്രിയുമായ സാറ അലി ഖാന്‍ ആണ് 'ത്രോബാക്ക് ഫോട്ടോ'യുമായി രംഗത്തെത്തിയിരിക്കുന്നത്.
അമ്മ അമൃത സിംഗിനൊപ്പമുള്ള, കൗമാരകാലത്തെ ഫോട്ടോയാണ് സാറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പ്രയാസമെന്നും, ഇതെന്തൊരു 'ചെയ്ഞ്ച്' ആണെന്നുമെല്ലാം നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. സാറയുടെ ആണ്‍സുഹൃത്തായ കാര്‍ത്തിക് ആര്യനും കമന്റുമായി പോസ്റ്റിന് താഴെയെത്തിയിട്ടുണ്ട്.
'ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്' എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്. സിനിമയിലെത്തും മുമ്പ് ഏതാണ്ട് 100 കിലോയ്ക്ക് അടുത്തായിരുന്നു സാറയുടെ തൂക്കം. പിന്നീട് കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും ഏറെനാള്‍ മുന്നോട്ടുപോയതിനെ തുടര്‍ന്നാണ് സാറ വണ്ണം കുറച്ചത്.
മോശം ജീവിതശൈലിയും ജങ്ക് ഫുഡുമാണ് സാറയ്ക്ക് അക്കാലത്ത് തിരിച്ചടിയായതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തനിക്ക് 'പിസിഒഡി' (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നതെന്ന് സാറ തന്നെ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അന്ന് പക്ഷേ, അച്ഛന്‍ സെയ്ഫ് അലി ഖാന്‍ സാറയുടെ പിസ പ്രേമത്തെ പറ്റി അതേ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രോഗം ഉള്ളത് കൊണ്ടാണ് എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്ക്കാന്‍ തനിക്ക് കഴിയാഞ്ഞതെന്നും, ഭക്ഷണം ഒരു പരിധി വരെ ഘടകമായിട്ടുണ്ടെന്നും സാറ അച്ഛനോട് തിരിച്ചുപറയുകയും ചെയ്തിരുന്നു.
എന്തായാലും 'മേക്ക് ഓവര്‍' നടത്തി വെള്ളിത്തിരയിലെത്തിയ താരങ്ങളില്‍ ഏറ്റവും സുപ്രധാന സ്ഥാനത്തിനാണ് സാറ അര്‍ഹിക്കുന്നതെന്നാണ് ആരാധകരുടെ വാദം. അത്രയും കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് ഇത്രമാത്രം മാറ്റമുണ്ടാക്കാനാകൂവെന്നും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam