Latest Videos

ശരണ്യയുടെ ജന്മദിനത്തിന് കാണാനെത്തിയ നന്ദു; ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് നന്ദുവിന് പിന്നാലെ ശരണ്യയും

By Web TeamFirst Published Aug 10, 2021, 10:00 AM IST
Highlights

ജന്മദിനത്തിൽ നിരവധി സമ്മാനങ്ങൾ  ലഭിച്ചെങ്കിലും നന്ദു കാണാന്‍ വന്നതാണ് കൂടുതൽ സന്തോഷിപ്പിച്ചതെന്ന് അന്ന് തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയില്‍ ശരണ്യ പറഞ്ഞിരുന്നു. അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും കണ്ടുമുട്ടി എന്നായിരുന്നു സീമ ജി നായര്‍ ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്.

അനേകായിരങ്ങൾക്കു പ്രചോദനമേകിയ നന്ദു മഹാദേവ എന്ന ക്യാന്‍സര്‍ പോരാളിക്ക് പിന്നാലെ ശരണ്യയും വേദനകളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങി. 2021 മാർച്ച് 15ന് ശരണ്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഇരുവരും ആദ്യമായി കാണുന്നത്. അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും കണ്ടുമുട്ടി എന്നായിരുന്നു സീമ ജി നായര്‍ ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്.

ജന്മദിനത്തിൽ നിരവധി സമ്മാനങ്ങൾ  ലഭിച്ചെങ്കിലും നന്ദു കാണാന്‍ വന്നതാണ് കൂടുതൽ സന്തോഷിപ്പിച്ചതെന്ന് അന്ന് തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയില്‍ ശരണ്യ പറഞ്ഞിരുന്നു. മേയ് 15നാണ് നന്ദു ലോകത്തോട് വിടപറഞ്ഞത്. മൂന്നുമാസങ്ങൾക്കിപ്പുറം ശരണ്യയും മരണത്തിന് കീഴടങ്ങി. 2012–ലാണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ബ്രെയിൻ ട്യൂമറും തൈറോയ്ഡ് ക്യാന്‍സറുമായും ബന്ധപ്പെട്ട് 11 ശസ്ത്രക്രിയകൾ ആണ് നടത്തിയത്. 

 

ശരണ്യയും നന്ദുവും കണ്ടുമുട്ടിയതിനെക്കുറിച്ച് അന്ന് സീമ ജി. നായർ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

എന്‍റെ ജീവിതം കാറ്റിലും തിരമാലയിലുംപെട്ട കടലാസുതോണി പോലെ ആയിരുന്നു. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും എളുപ്പമായ പാഠങ്ങളും. ഈ ജീവിതം അങ്ങനെ ആണ്.   

ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു. അദിതി, രഞ്ജിത്, ഡിംബിൾ, ശരണ്യ.... എല്ലാവരും പ്രിയപ്പെട്ടവർ. പക്ഷേ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു. അതിജീവനത്തിന്റെ രാജകുമാരി. 

എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ  കൂടിക്കാഴ്ച്ച ആയിരുന്നു. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അദ്ഭുതവും വിവരിക്കാൻ പറ്റില്ല. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽനിന്നും അവൾ റത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്റെ നന്ദുട്ടനും അങ്ങനെത്തന്നെ ആയിരുന്നു. എന്റെ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമയാവും ഇത്. എനിക്ക് മാത്രം അല്ല, അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.‌

നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠപുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മവിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറുംവാക്കുകൾ കൊണ്ടു തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്നങ്ങൾ. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, ‘‘പുകയരുത് ജ്വലിക്കണം...’’ ഈ അപൂർവ കൂടികാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

 

 

Also Read: ചെറിയ തലവേദനയിൽ തുടക്കം; 2012ൽ ബ്രെയിന്‍ ട്യൂമറെന്ന് കണ്ടെത്തി; തളരാത്ത ക്യാന്‍സര്‍ പോരാളിയായി ശരണ്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!