മുടി വളര്‍ച്ചയെ തടയുന്ന ഒന്ന്; അറിഞ്ഞിരിക്കാം ഈ പ്രശ്‌നം...

By Web TeamFirst Published Feb 13, 2020, 11:25 PM IST
Highlights

പ്രധാനമായും വിയര്‍പ്പും അഴുക്കും അടിയുന്നത്, അതുപോലെ താരന്‍, നശിച്ചുപോയ കോശങ്ങള്‍ തലയോട്ടിയിലെ ചര്‍മ്മത്തില്‍ തന്നെ അടിഞ്ഞുകിടക്കുന്നത്- എന്നിവയെല്ലാമാണ് ഇതില്‍ പ്രശ്‌നമായി വരുന്നത്. ഷാമ്പൂ ഉപയോഗിക്കുന്നതോടെ ഈ വക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി

എത്ര ശ്രദ്ധിച്ചിട്ടും മുടിയങ്ങോട്ട് വളരുന്നില്ല. അല്ലെങ്കില്‍ എത്ര മാസ്‌ക് ഉപയോഗിച്ചിട്ടും ഒരു ഗുണവും കാണുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ധാരാളമാണ്. മുടി വളര്‍ച്ചയെ തടയുന്ന, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രശ്‌നമാണ് പലപ്പോഴും ഇതിന് പിന്നിലുണ്ടാകുന്നത്. 

മറ്റൊന്നുമല്ല, തലയോട്ടിയുടെ ആരോഗ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മുടി തിളക്കമുള്ളതാക്കാനും, ഭംഗിയുള്ളതാക്കാനും എത്ര സമയം ചിലവിട്ടാലും തലയോട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കാറേയില്ല. എന്നാല്‍ കേട്ടോളൂ, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിലും നിങ്ങളുടെ മുടിയുടെ വളര്‍ച്ച മുരടിക്കാന്‍ സാധ്യതയുണ്ട്. 

പ്രധാനമായും വിയര്‍പ്പും അഴുക്കും അടിയുന്നത്, അതുപോലെ താരന്‍, നശിച്ചുപോയ കോശങ്ങള്‍ തലയോട്ടിയിലെ ചര്‍മ്മത്തില്‍ തന്നെ അടിഞ്ഞുകിടക്കുന്നത്- എന്നിവയെല്ലാമാണ് ഇതില്‍ പ്രശ്‌നമായി വരുന്നത്. ഷാമ്പൂ ഉപയോഗിക്കുന്നതോടെ ഈ വക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. 

മുഖത്തെ ചര്‍മ്മം വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാന്‍ നമ്മള്‍ 'സ്‌ക്രബ്' ചെയ്യാറുണ്ട്, അല്ലേ? അതുപോലെ തലയോട്ടിക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ 'സ്‌ക്രബ്' ചെയ്യല്‍ ആവശ്യമാണ്. മിക്കവാറും പേര്‍ക്കും ഇതെപ്പറ്റി ധാരണയില്ലെന്നതാണ് സത്യം. തലയോട്ടിയിലെ ചര്‍മ്മം വൃത്തിയാകാനും, സോഫ്റ്റ് ആയി മാറാനും, നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന സ്‌ട്രെസ് അകറ്റാനും, താരനും അഴുക്കും കളയാനുമെല്ലാം ഒരുപോലെ സഹായകമാണ് 'സ്‌കാല്‍പ് സ്‌ക്രബ്ബിംഗ്'. 

ഇതിനാവശ്യമായ 'സ്‌ക്രബ്' ഇന്ന് വിപണിയില്‍ സുലഭമാണ്. അതല്ലെങ്കില്‍ വീട്ടില്‍ത്തന്നെ പ്രകൃതിദത്തമായി സ്‌ക്രബുകളുണ്ടാക്കാം. തേനും പഞ്ചസാരയും ഒലിവ് ഓയിലും ചേര്‍ത്തുണ്ടാക്കുന്ന സ്‌ക്രബ് ഇതിന് മികച്ച ഉദാഹരണമാണ്. ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, നാല് ടീസ്പൂണ്‍ പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക. തല ഒന്ന് നനച്ച ശേഷം ഇത് പതിയെ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് മൃദുവായി വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഒരിക്കലും അമിതമായി ബലം കൊടുക്കുകയേ അരുത്, ഇത് മുടിക്കും തലയോട്ടിക്കും ദോഷം ചെയ്യും. 

അപ്പോള്‍ തലയോട്ടി സ്‌ക്രബ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസിലായല്ലോ. ഇനി, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ അല്ലേ!

click me!