'കൊറോണ'യെ നിയന്ത്രിക്കാന്‍ കഴിയുന്ന 'ആന്റിബോഡി' കണ്ടെത്തി ശാസ്ത്രജ്ഞര്‍

By Web TeamFirst Published Mar 20, 2020, 1:31 PM IST
Highlights

2002ല്‍ ചൈനയില്‍ നിന്ന് തന്നെ ഉത്ഭവിച്ച 'സാര്‍സ്' എന്ന രോഗത്തെ അതിജീവിച്ച രോഗികളുടെ രക്തത്തില്‍ നിന്നാണ് 'കൊറോണ'യെ നിയന്ത്രിക്കാന്‍ കഴിവുള്ള 'ആന്റിബോഡി', ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 'സാര്‍സും' 'കൊറോണ'യും തമ്മിലുള്ള ബന്ധം നേരത്തേ പല റിപ്പോര്‍ട്ടുകളിലായി നമ്മള്‍ കണ്ടതാണ്. രണ്ടും ഒരേ കുടുംബത്തില്‍പ്പെടുത്താവുന്ന വൈറസുണ്ടാക്കുന്ന രോഗങ്ങള്‍ തന്നെ. രോഗിയെ ഇവ ആക്രമിക്കുന്ന രീതിയും ഏകദേശം സമാനമാണ്
 

ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ കെല്‍പുള്ള 'ആന്റിബോഡി' കണ്ടെത്തി ശാസ്ത്രജ്ഞര്‍. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ കഴിവുള്ള മരുന്നല്ല 'ആന്റിബോഡി'. മറിച്ച്, അതിനെ ചെറുക്കാനും, വലിയ തോതില്‍ നിയന്ത്രിക്കാനും കഴിയുന്ന പദാര്‍ത്ഥമാണിത്. 

2002ല്‍ ചൈനയില്‍ നിന്ന് തന്നെ ഉത്ഭവിച്ച 'സാര്‍സ്' എന്ന രോഗത്തെ അതിജീവിച്ച രോഗികളുടെ രക്തത്തില്‍ നിന്നാണ് 'കൊറോണ'യെ നിയന്ത്രിക്കാന്‍ കഴിവുള്ള 'ആന്റിബോഡി', ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 'സാര്‍സും' 'കൊറോണ'യും തമ്മിലുള്ള ബന്ധം നേരത്തേ പല റിപ്പോര്‍ട്ടുകളിലായി നമ്മള്‍ കണ്ടതാണ്. 

രണ്ടും ഒരേ കുടുംബത്തില്‍പ്പെടുത്താവുന്ന വൈറസുണ്ടാക്കുന്ന രോഗങ്ങള്‍ തന്നെ. രോഗിയെ ഇവ ആക്രമിക്കുന്ന രീതിയും ഏകദേശം സമാനമാണ്. എന്നാല്‍ 'സാര്‍സി'ല്‍ നിന്ന് വിഭിന്നമായ സവിശേഷതകളാണ് 'കൊറോണ' വൈറസിനുള്ളത്. അതിനാല്‍ തന്നെ 'കൊറോണ'യെ അതിന്റെ സവിശേഷതകള്‍ക്കനുസരിച്ച് എതിരിടാന്‍ കെല്‍പുള്ള മരുന്നുകള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഇനിയും സമയം ഏറെയെടുക്കും. 

എങ്കില്‍പ്പോലും നിലവില്‍ ഇതിനെ നിയന്ത്രിക്കാനെങ്കിലും ഇപ്പോള്‍ നടത്തിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 'സാര്‍സി'നെ അതിജീവിച്ചവരില്‍ കണ്ടെത്തിയ 'ആന്റിബോഡി'യുടെ ചുവടുപിടിച്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്കും അതുവഴി 'കൊറോണ' നിയന്ത്രണത്തിനുള്ള മരുന്നിലേക്കും നീങ്ങാനാണ് ഗവേഷകരുടെ നീക്കം. യുകെയില്‍ നിന്നുള്ള ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

click me!