
പച്ചവെള്ളം കുടിച്ചാല്‍ പോലും വണ്ണം വക്കുകയാണെന്ന് പരാതിപ്പെടാത്തവര്‍ കാണില്ല. കഠിനമായി ഡയറ്റുകള്‍ കൃത്യമായി പിന്തുടര്‍ന്നിട്ടും ഭക്ഷണം കഴിക്കാതിരുന്നിട്ടും വണ്ണം വക്കുന്നതെന്താണെന്ന് ആലോചിക്കാത്തവരുമുണ്ടാകില്ല. എന്തുകൊണ്ടാണ് പ്രായം കൂടുംതോറും ഒന്നും കഴിച്ചില്ലെങ്കിലും വണ്ണം വക്കുന്നതെന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
സ്വീഡനിലെ പ്രശസ്തമായ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഒന്നും കഴിച്ചില്ലെങ്കിലും തടി വക്കുന്നതിന്‍റെ കാരണം കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് പാളികളില്‍ നിന്ന് മൃതകോശങ്ങള്‍ തനിയെ നീക്കം ചെയ്യുന്നത് പ്രായം കൂടുന്നത് അനുസരിച്ച് കുറയുന്നുവെന്നാണ് കണ്ടെത്തല്‍. പതിമൂന്ന് വയസ് മുതല്‍ അന്‍പത്തിനാല് വയസ് വരെയുള്ള വിവിധ പ്രായത്തിലുള്ള ആളുകളില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.
വണ്ണം കുറക്കാനുള്ള ബേരിയാട്രിക് സര്‍ജറിക്ക് വിധേയരായ 41 സ്ത്രീകളും പരിശോധനയ്ക്ക് വിധേയരായിരുന്നു. കൊഴുപ്പ് കലകളില്‍ ഉണ്ടാവുന്ന ഈ മാറ്റത്തെക്കുറിച്ചുള്ള കണ്ടെത്ത്ല്‍ അമിത വണ്ണത്തിനുള്ള ചികിത്സകളില്‍ ഫലപ്രദമാകുമെന്നാണ് കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ പീറ്റര്‍ ആര്‍നര്‍ പറയുന്നത്.
വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് വണ്ണം കുറയാന്‍ സഹായിക്കുമെന്ന നിരീക്ഷണം ശരിയല്ലെന്ന് പീറ്റര്‍ ആനര്‍ പറയുന്നു. ഒരു പരിധി വരെ നിയന്ത്രിക്കാന്‍ മാത്രമേ എക്സര്‍സൈസുകള്‍ വണ്ണം കുറക്കാന്‍ സഹായിക്കൂവെന്നും പീറ്റര്‍ ആനര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam