Covid Vaccine : കൊവിഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published : Apr 22, 2022, 10:12 PM IST
Covid Vaccine : കൊവിഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Synopsis

കൊവിഡ് 19 രോഗത്തിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പിന് വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ വാക്‌സിന് വേണ്ടി ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. ഗവേഷകരെല്ലാം തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രയത്‌നത്തിലുമായിരുന്നു

ആഗോളതലത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ( Covid Vaccine ) നിര്‍മ്മാണരംഗത്ത് ഏറ്റവും വലിയ ശക്തിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ( Serum Institute ) വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ചു. ഭീമമായ അളവില്‍ വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആദാര്‍ പൂനംവാലയാണ് ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് 19 രോഗത്തിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പിന് വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ വാക്‌സിന് വേണ്ടി ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. ഗവേഷകരെല്ലാം തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രയത്‌നത്തിലുമായിരുന്നു. 

പിന്നീട് വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വികരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. മരുന്ന് നിര്‍മ്മാണമേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടിവന്നില്ല. 

എന്ന് മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി വരെ ഇന്ത്യ നടത്തിയിരുന്നു. ഒരു ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവനും വാക്‌സിന്‍ തികയാതെ വരുമെന്ന ഭയത്താല്‍ പ്രതിഷേധത്തെ തുടര്‍ന്ന് കയറ്റുമതി നിര്‍ത്തിവയ്ക്കുക പോലും ചെയ്തിരുന്നു. 

ഇപ്പോഴിതാ കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നത് മൂലം വാക്‌സിന്‍ ഉത്പാദനം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കൊവിഡ് 19 പ്രതിസന്ധിയുമായി പൊരുത്തപ്പെട്ട് ആളുകള്‍ ജീവിച്ചുതുടങ്ങുന്നതും നിയന്ത്രണങ്ങളില്‍ അയവ് വന്നതുമെല്ലാം വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഒപ്പം തന്നെ രണ്ട് ഡോസ് വാക്‌സിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്ന കാര്യത്തില്‍ ആളുകള്‍ ഏറെ പിന്നിലാണെന്നതും വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമായി. നിലവില്‍ രണ്ടാംത് ഡോസ് വാക്‌സിന് ശേഷം ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. ഇത് ആറ് മാസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. 

വാക്‌സിന്‍ വലിയ അളവില്‍ കെട്ടിക്കിടക്കുന്നത്, കാര്യമായ തോതില്‍ വാക്‌സിന്‍ ഉപയോഗശൂന്യമായിപ്പോകുന്നതിന് കാരണമാകുന്നതായും ആദാര്‍ പൂനംവാല അറിയിച്ചു. ആര്‍ക്കെങ്കിലും വാക്‌സിന്‍ സൗജന്യമായി വേണമെങ്കില്‍ അത്തരത്തില്‍ നല്‍കാന്‍ വരെ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:- കുട്ടികളിലെ കൊവിഡ്; മാതാപിതാക്കള്‍ മനസിലാക്കേണ്ടത്...

 

യുഎന്‍ ഏജന്‍സികള്‍ വഴിയുള്ള കൊവാക്‌സിന്‍ വിതരണം ലോകാരോഗ്യ സംഘടന താത്കാലികമായി നിര്‍ത്തിവച്ചു; യുഎന്‍ ഏജന്‍സികള്‍ വഴിയുള്ള കൊവാക്‌സിന്‍ വിതരണം ലോകാരോഗ്യ സംഘടന നിര്‍ത്തിവപ്പിച്ചു. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്‌സീന്റെ നിര്‍മാതാക്കള്‍. വാക്‌സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിന് പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ അറിയിച്ചു. യുഎന്‍ ഏജന്‍സികള്‍ വഴിയുള്ള കൊവാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍, വാക്‌സിനില്‍ ലഭ്യമായ ഡാറ്റയില്‍ അത് ഫലപ്രദമാണെന്നും സുരക്ഷയില്‍ ആശങ്കകളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു... Read More...
 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്