മുടിയുടെ അഴകിനും ആരോഗ്യത്തിനും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...

By Web TeamFirst Published Oct 26, 2019, 10:40 PM IST
Highlights

അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. നീട്ടിയോ, വെട്ടിയൊതുക്കിയോ ഒക്കെ വച്ചാലും കാഴ്ചയ്ക്ക് ഭംഗിയും വൃത്തിയുമുള്ള മുടിയായാല്‍ മതിയെന്നാണ് പുതിയ കാലത്തെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്. ഇതിനായി പല പൊടിക്കൈകളും സ്ഥിരമായി പയറ്റിനോക്കുന്നവരും കുറവല്ല. എന്നാല്‍ പതിവായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ തന്നെയാണ് ഇതിനായി പ്രധാന ശ്രദ്ധ കൊടുക്കേണ്ടതെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?

അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. നീട്ടിയോ, വെട്ടിയൊതുക്കിയോ ഒക്കെ വച്ചാലും കാഴ്ചയ്ക്ക് ഭംഗിയും വൃത്തിയുമുള്ള മുടിയായാല്‍ മതിയെന്നാണ് പുതിയ കാലത്തെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാട്. ഇതിനായി പല പൊടിക്കൈകളും സ്ഥിരമായി പയറ്റിനോക്കുന്നവരും കുറവല്ല. എന്നാല്‍ പതിവായി നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ തന്നെയാണ് ഇതിനായി പ്രധാന ശ്രദ്ധ കൊടുക്കേണ്ടതെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?

അത്തരത്തില്‍ നിത്യജീവിതത്തില്‍ കരുതേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഷാമ്പൂ ഉപയോഗിക്കുക. ഷാമ്പൂ ഇട്ട ശേഷം മുടിയില്‍ നിര്‍ബന്ധമായും കണ്ടീഷ്ണര്‍ ഇടേണ്ടതുണ്ട്. സാധാരണഗതിയില്‍ കൂടുതല്‍ പത വരാനായി ഷാമ്പൂകളില്‍ ചേര്‍ക്കുന്ന ഒരു കെമിക്കലാണ് സോഡിയം ലോറൈല്‍ സള്‍ഫേറ്റ്. ഇത് അല്‍പം അപകടകാരിയായ കെമിക്കലാണ്. മുടിയുടെ ജൈവികമായ അഴകിനേയും സ്വഭാവത്തേയുമെല്ലാം ക്രമേണ തകിടം മറിക്കാന്‍ ഇതിന് കഴിയും. അതിനാല്‍ എപ്പോഴും ഷാമ്പൂ ഉപയോഗിക്കരുത്. 

രണ്ട്...

മുടിയില്‍ ഇടുന്ന എന്ത് തരം ഉത്പന്നങ്ങളും അതിന്റെ ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. ഉദാഹരണത്തിന് ഷാമ്പൂ പ്രയോഗിക്കേണ്ടത് പ്രധാനമായും തലയോട്ടിയിലാണ്. 

 

 

എന്നാല്‍ കണ്ടീഷ്ണറാകട്ടെ മുടിയുടെ അറ്റങ്ങളിലുമാണ് തേക്കേണ്ടത്. ഇടയ്ക്കിടെ മുടിയില്‍ എന്തെങ്കിലും ഒരു മാസ്‌ക് ഇട്ടുകൊടുക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതും ഉപയോഗിക്കേണ്ട കൃത്യമായ രീതിയില്‍ തന്നെ ഉപയോഗിക്കുക. 

മൂന്ന്...

മുടി കഴുകുമ്പോള്‍ ഇടയ്ക്ക്, ഇളം ചൂടുള്ള വെള്ളത്തില്‍ ഒന്നുരണ്ട് തവണ കഴുകുന്നത് നല്ലതാണ്. ഇത്, രോമകൂപങ്ങളെ ഉണര്‍ത്താന്‍ സഹായിക്കും. എണ്ണയോ മറ്റേതെങ്കിലും ആരോഗ്യകരമായ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഗുണം കൃത്യമായും ലഭിക്കാനാണിത്. എന്നാല്‍ ഇതിന് ശേഷം വീണ്ടും അല്‍പം തണുത്ത വെള്ളം കൊണ്ട് കഴുകാവുന്നതാണ്. നനവ് നില്‍ക്കാനും, തുറന്നുവന്ന രോമകൂപങ്ങള്‍ അടഞ്ഞുപോകാനുമാണ് ഇങ്ങനെ ചെയ്യുന്നത്. 

നാല്...

മുടിയില്‍ ഒരുപാട് ചൂട് തട്ടിക്കരുത്. ഡ്രൈയര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിക്ക് അല്‍പം ഹാനികരമായ ശീലം തന്നെയാണ്. മീഡിയം ചൂടിലോ കുറവ് ചൂടിലോ ഡ്രൈയര്‍ സെറ്റ് ചെയ്ത ശേഷം ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉപകാരപ്പെടും. അതുപോലെ ചൂട് മുടിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഉതകുന്ന സിറം പോലുള്ള ഉത്പന്നങ്ങളും ഒന്ന് പരീക്ഷിക്കാവുന്നതാണ്. 

അഞ്ച്...

ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളുമടങ്ങിയ ഭക്ഷണം ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുക. ഒപ്പം കഴിയാവുന്നത് പോലെ വ്യായാമങ്ങളിലേര്‍പ്പെടുക. 

 


വ്യായാമം ചെയ്യുന്നത് രക്തയോട്ടത്തെ ത്വരിതപ്പെടുത്തുന്നതുമൂലം മുടി വളര്‍ച്ചയെ ഇത് സഹായിക്കും. മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് അകലം പാലിക്കാനും എപ്പോഴും ശ്രദ്ധിക്കണം. ഇത് മുടിയുടെ വളര്‍ച്ചയെ തടയുകയും ആരോഗ്യം തകര്‍ക്കുകയും ചെയ്യും. 

ആറ്...

ഉറങ്ങുമ്പോള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുറുക്കത്തോടെ മുടി കെട്ടിവച്ച ശേഷം കിടക്കരുത്. ഇത് മുടി വലിയാനും പൊട്ടാനുമെല്ലാം ഇടയാക്കും. അതുപോലെ പരുക്കന്‍ തുണിയിലുള്ള തലയിണ ഉപയോഗിക്കാതിരിക്കുക. ഇതില്‍ നിരന്തരം മുടി ഉരയുന്നത് മുടി, ഡ്രൈ ആകാനും പൊട്ടാനുമെല്ലാം കാരണമാകും. 

ഏഴ്...

കുളിച്ച ശേഷം മുടിയുണക്കാന്‍ പരുക്കന്‍ ടവലുകള്‍ ഉപയോഗിക്കാതിരിക്കുക. കഴിവതും ചെറിയ നാരുകളുള്ള 'സോഫ്റ്റ്'  ആയ ടവലുകള്‍ ഉപയോഗിക്കുക. അതുവച്ച് പതിയെ വേണം മുടി തുടയ്ക്കാനും. അതുപോലെ നനഞ്ഞ മുടി ചീപ്പുപയോഗിച്ച് ഒരിക്കലും ചീകരുത്. നന്നായി ഉണങ്ങിയ ശേഷം മാത്രം ചീകുകയോ കെട്ടിവയ്ക്കുകയോ ആവാം.

click me!