സെക്‌സ് അഡിക്ഷൻ : ജീവിതം ദുസ്സഹമാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ

By Web TeamFirst Published Dec 25, 2021, 3:54 PM IST
Highlights

അഡിക്ഷൻ ഉള്ളവർ നിരന്തരം സെക്സിൽ ഏർപ്പെട്ടുകൊണ്ടേ ഇരിക്കാൻ വേണ്ടി തങ്ങളുടെ ജീവിത ശൈലിയിൽ വരെ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകും

താൻ ഒരു 'സെക്സ് അഡിക്റ്റ്' ആയിരുന്നു എന്നും, കരിയറിന്റെ തുടക്കത്തിൽ നടത്തിയിരുന്ന ആക്ടിങ് സ്‌കൂളിലെ തന്റെ വിദ്യാർത്ഥികളിൽ പലരുമായും താൻ ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നുമുള്ള ഹോളിവുഡ് നടൻ ജെയിംസ് ഫ്രാങ്കോയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മദ്യത്തോടുള്ള അടക്കാനാവാത്ത ആസക്തിയിൽ നിന്ന് മോചിതനായ സമയത്താണ്, ഇങ്ങനെ ഒരു ആസക്തിക്ക് താൻ അടിപ്പെട്ടത് എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. എന്താണ് ഈ സെക്സ് അഡിക്ഷൻ അഥവാ അമിതമായ കാമാസക്തി. നമുക്ക് ആ അവസ്ഥയുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? മനസ്സിലൂടെ കടന്നു പോവുന്ന ലൈംഗിക വിചാരങ്ങൾക്ക് മേലെ ഒട്ടും നിയന്ത്രണം ഇല്ലാതിരിക്കുക, ആരെ കണ്ടാലും മനസ്സിൽ കാമവികാരം ഉണരുക, സദാ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തോന്നിക്കൊണ്ടേ ഇരിക്കുക തുടങ്ങി ലൈംഗികതയുടെ കാര്യത്തിൽ സദാ ഒരു അമിതോർജം ശരീരത്തിൽ നിലനിൽക്കുന്ന അവസ്ഥക്കാണ് 'സെക്സ് അഡിക്ഷൻ' എന്ന് പറയുന്നത്. 

ശാരീരികമായ ആകർഷണം തോന്നുമ്പോൾ മനസ്സിൽ കാമവികാരം ഉദിക്കുക എന്നത് സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും, അത് അമിതമാവുന്ന അവസ്ഥയാണ് സെക്സ് അഡിക്ഷൻ. വളരെ അവ്യക്തമായ ഒരു നിർവചനമാണ് എന്നതിനാൽ തന്നെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിൽ (DSM-5) -ൽ പരിശോധിച്ചുറപ്പിക്കാവുന്ന രോഗാവസ്ഥയുടെ കൂട്ടത്തിൽ ഇതില്ല. ഈ അവസ്ഥയുള്ള ഒരാൾക്ക് ഏതുനേരവും ഉത്തേജിതനായി ഇരിക്കാനുള്ള പ്രേരണയുണ്ടാവും. ആ ഒരു ആഗ്രഹം, സ്വാഭാവികമായ ഒരു ജീവിതം നയിക്കുന്നതിനുപോലും ചിലപ്പോൾ തടസ്സം സൃഷ്ടിച്ചെന്നും വരാം. അതവരെ വേശ്യാവൃത്തിയിലേക്ക് നീങ്ങുക, നിരന്തരം പോൺ സിനിമ കാണുക, അമിതമായി സ്വയം ഭോഗം നടത്തുക, നഗ്നതാ പ്രദർശനം നടത്തുക എന്നിവയിലേക്ക് നയിക്കാം. 

ഈ അഡിക്ഷൻ ഉള്ളവർ നിരന്തരം സെക്സിൽ ഏർപ്പെട്ടുകൊണ്ടേ ഇരിക്കാൻ വേണ്ടി തങ്ങളുടെ ജീവിത ശൈലിയിൽ വരെ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകും. ഇതൊക്കെ കൊണ്ട് സാമൂഹിക ജീവിതത്തിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാവും എന്നറിഞ്ഞിരുന്നാലും സ്വന്തം പെരുമാറ്റത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല. മറ്റുള്ള അമിതാസക്തികളെ പോലെ ലൈംഗികമായ അമിതാസക്തിയും ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വിപരീതമായി ബാധിക്കും. അത് അവരുടെ വ്യക്തിജീവിതത്തിലെ സ്നേഹബന്ധങ്ങളിലും അവരുടെ ജീവിതത്തിന്റെ നിലവാരത്തിലും വരെ ഇടിവുണ്ടാക്കും.

ലക്ഷണങ്ങൾ 

സെക്ഷ്വൽ അഡിക്ഷൻ ഒരാളുടെ ജീവിതത്തിൽ രണ്ടു തരത്തിൽ പ്രകടമാവാം. ഒന്ന്, ശാരീരികം, രണ്ട് വൈകാരികം. കൃത്യമായ ഒരു ഡയഗ്നോസിസ് നടത്തണമെങ്കിൽ ഒരു പ്രൊഫഷണൽ കൺസൾട്ടേഷൻ തന്നെ വേണ്ടി വന്നേക്കാം എങ്കിലും, ചില ലക്ഷണങ്ങൾ ഈ രോഗാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. 
 
സെക്സ് അഡിക്ഷൻ എന്ന അവസ്ഥയിലൂടെ കടന്നു പോവുന്ന ഒരാളുടെ മനസ്സിലേക്ക് തുടർച്ചയായി ലൈംഗിക  ചിന്തകൾ വന്നുകൊണ്ടേയിരിക്കും. ജീവിതത്തിലെ മറ്റുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് തടസ്സമാവുന്ന രീതിയിൽ അത് വളരാം. സെക്സിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾക്കുവേണ്ടി ശ്രമിക്കുക എന്നത് സെക്ഷ്വൽ അഡിക്ഷന്റെ ലക്ഷണമല്ല എങ്കിലും, ആ ഒരൊറ്റ കാര്യം ലക്ഷ്യമിട്ടുകൊണ്ട് മണിക്കൂറുകളോളം ചെലവിടുന്നത് അതിലേക്കുള്ള ചൂണ്ടുപലകയാവാം. സെക്സിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ വേണ്ടി, സെക്സിൽ ഏർപ്പെടാൻ വേണ്ടി, സെക്സിന്റെ ക്ഷീണത്തിൽ നിന്ന് കരകയറാൻ വേണ്ടി എല്ലാം തുടർച്ചയായി നേരം ചെലവഴിക്കുന്നത് അതിന്‍റെ ലക്ഷണമാവാം. സെക്സ് അഡിക്ഷൻ ഉള്ള ഒരാൾക്ക് സെക്സിൽ ഏർപ്പെട്ട ശേഷം കടുത്ത വിഷാദം, കുറ്റബോധം, പശ്ചാത്താപം തുടങ്ങിയവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അവർക്ക് തങ്ങളുടെ ഈ പെരുമാറ്റ രീതിയെക്കുറിച്ച് നല്ല തിരിച്ചറിവുണ്ടാവുമെങ്കിലും, ആസക്തി ഏറി നിൽക്കുന്ന അവസരത്തിൽ അത് നിയന്ത്രിക്കാൻ അവർക്ക് സാധിക്കില്ല. ഈ കുറ്റബോധം ഏറി അത് ക്ലിനിക്കൽ ഡിപ്രഷനിലേക്കും, ആത്മഹത്യാപ്രവണതയിലേക്കും വരെ പോവാനിടയുണ്ട്. സെക്സ് അഡിക്ഷൻ ഉള്ള പുരുഷന്മാരിൽ അല്ലാത്തവരുടെ ഇരട്ടിയോളം വിഷാദം കണ്ടുവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

വിദ്യാർത്ഥികളിൽ സെക്സ് അഡിക്ഷൻ പ്രകടമാവുന്നതോടെ അവർക്ക് പഠനത്തിനുള്ള ശ്രദ്ധ കുറയുകയും, മറ്റുള്ളവരുമായി ഇടപെടാനുള്ള താത്പര്യം ഇല്ലാതാവുകയും ചെയ്യുന്നു. ഏതുനേരവും സെക്സിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന അവർ അവസരം കിട്ടുമ്പോഴൊക്കെ പോൺ സിനിമകൾ കാണാനും, ദിവസത്തിൽ അഞ്ചും ആറും വട്ടം സ്വയംഭോഗത്തെ ഏർപ്പെടാനും ശ്രമിക്കും. അത് അവരെ ശാരീരികമായ അവശതയിലേക്ക് വരെ നയിക്കാം. ഇത്തരത്തിൽ അമിതമായ കാമാസക്തിയുള്ളവർ അത് തീരെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസരത്തിൽ  തികച്ചും അമാന്യമായ പെരുമാറ്റരീതികളിലേക്ക് നീങ്ങാനും, മറ്റുള്ളവരുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള സെക്സിനായി പരിശ്രമങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ നടത്താനും സാധ്യത കൂടുന്നു. ഇതിന്റെ പാരമ്യത്തിൽ അവർ വേശ്യാവൃത്തിയെ ആശ്രയിക്കാൻ ശ്രമിക്കുന്നതോടെ അവർക്ക് എച്ഐവി എയ്ഡ്‌സ് പോലുള്ള ഗുഹ്യ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. 

സെക്സ് അഡിക്ഷന്റെ ചികിത്സ

സെക്സ് അഡിക്ഷൻ എന്നത് ചികിൽസിച്ചു മാറ്റാവുന്ന ഒരു രോഗാവസ്ഥയാണോ? ഒരു സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സഹായത്തോടെ വേണ്ട ചികിത്സ തേടിയാൽ ഇതിൽ നിന്ന് മോചനം നേടാം. വൺ-റ്റു-വൺ തെറാപ്പി, കോഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി, ഐ മൂവ്മെന്റ് ഡിസെൻസിറ്റൈസേഷൻ(EMDR), സൈക്കോ ഡയനാമിക് തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, സപ്പോർട്ട് ഗ്രൂപ്പുകൾ, കൗൺസലിങ് തുടങ്ങിയ പലതും ചികിത്സാക്രമങ്ങളുടെ ഭാഗമാണ്. കൃത്യമായ ചികിത്സ നേടി യഥാസമയം ഈ രോഗാവസ്ഥയിൽ നിന്ന് മോചിതമാവേണ്ടത് സ്വാഭാവികമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. 
 

click me!