
ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന നടനാണ് ഷാരൂഖ് ഖാനെന്ന കാര്യം നമ്മുക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനും വ്യായാമരീതിയുമൊക്കെ അധികം ആർക്കും അറിയില്ല. ആരോഗ്യത്തിനായി എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്ന് ഡയറ്റ് പ്ലാൻ ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഓൺലി മൈ ഹെൽത്ത് എന്ന ബ്ലോഗിങ് സൈറ്റിലാണ് അദ്ദേഹത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നത്.
വളരെ സാധാരണ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ദിവസത്തിൽ രണ്ട് തവണ ഭക്ഷണം കഴിക്കും. ഇടയ്ക്ക് ഞാൻ ഒന്നും കഴിക്കാറില്ല. ഉച്ചഭക്ഷണവും അത്താഴവും ഒഴിവാക്കാറില്ലെന്നും ഷാരൂഖ് പറഞ്ഞു. ധാന്യങ്ങൾ, ഗ്രിൽഡ് ചിക്കൻ, ബ്രൊക്കോളി, മുളപ്പിച്ച പയറുകൾ എന്നിവ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഷം മുഴുവൻ ഇതേ രീതിയിലാണ് കഴിക്കുന്നത്. ദഹനം നിലനിർത്താൻ നാരുകൾ ആവശ്യമുള്ളതിനാൽ സീസണൽ ഗ്രിൽ ചെയ്ത പച്ചക്കറികൾ കഴിക്കുന്നത് പതിവാണ്. അത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 57ാം വയസിലും കൃത്യമായ ജീവിത ശൈലിയും വ്യായാമവും പിന്തുടരുന്നതാണ് ഷാരൂഖിന്റെ ഫിറ്റ്‌നസിന്റെ മറ്റൊരു രഹസ്യം.
പഠാന് സിനിമയ്ക്ക് വേണ്ടി ഷാരൂഖ് വളരെ വ്യത്യസ്തമായ ഡയറ്റാണ് സ്വീകരിച്ചത്. കാരണം അതുവരെ കാണാത്ത തരത്തിലുള്ള ഫിസിക്കൽ ഫിറ്റ്‌നസായിരുന്നു ആ ചിത്രത്തിന് വേണ്ടിയിരുന്നത്. സ്‌കിൻലെസ് ചിക്കൻ, മുട്ടയുടെ വെള്ള, ബീൻസ്, എന്നിവയെല്ലാം ഷാരൂഖ് ഖാൻ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്‌കരിച്ച ധാന്യങ്ങളോ അതുകൊണ്ടുണ്ടാക്കിയ ഭക്ഷണമോ അദ്ദേഹം കഴിച്ചിരുന്നില്ല.
വെള്ളം ധാരാളമായി കുടിക്കാനും തുടങ്ങി. തേങ്ങ വെള്ളം, ജ്യൂസുകൾ എന്നിവയായിരുന്നു ഇതിൽ പ്രധാനം. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഷാരൂഖ് കഴിച്ചിരുന്നതെന്ന് ഡയറ്റീഷ്യനും വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ 'ജവാൻ' എന്ന സിനിമയിൽ ഷാരൂഖിൻറെ സിക്സ് പാക്ക് ശരീരം ഏറെ അഭിനന്ദനം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam