പാരസെറ്റമോള്‍ കൊടൂര സൈഡ് എഫക്ട് ഉണ്ടാക്കുമോ? C8H9NO2 വൈറസിനെ കൊണ്ടുനടക്കുമോ? സത്യം ഇതാണെന്ന് ഡോക്ടര്‍

By Web TeamFirst Published Sep 5, 2019, 12:42 PM IST
Highlights

പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയതെന്ന്‌ തിരിച്ച്‌ ചിന്തിക്കാൻ ഒരാളുമില്ല....ചുരുങ്ങിയത്‌ മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം...

പനി എന്ന് കേട്ടാല്‍ തന്നെ പാരസെറ്റമോളെന്ന ഗുളികയാകും പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക. പനി മാറാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തിലും പാരസെറ്റമോള്‍ തന്നെയാണ് മുന്നില്‍. സോഷ്യല്‍ മീഡിയ ശക്തമായ കാലഘട്ടത്തില്‍ പല തരത്തിലുള്ള വ്യാജ പ്രചരണങ്ങളും സജീവമാണ്. അത്തരത്തില്‍ പാരസെറ്റമോളിനെതിരെയും പ്രചരണം നടക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിംന അസീസ് എന്ന ഡോക്ടര്‍.

പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലിയെന്നും അത്‌ മാരകരോഗമോ കൊടൂര സൈഡ്‌ ഇഫക്‌ടുകളോ ഉണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാരസെറ്റമോള്‍ പ്രശ്‌നമാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടത്‌ പോലെയുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്ന് ചൂണ്ടികാട്ടിയ ഷംന, വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്‌ നേരെ കണ്ണടക്കരുതെന്നും ആവശ്യപ്പെട്ടു.

ഷിംന അസീസിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി...അത്‌ മാരകരോഗമോ കൊടൂര സൈഡ്‌ ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ്‌ പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന്‌ ജീവിക്കാൻ കഴിയില്ല. Antipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്‌) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്‌) ആണ്‌ പാരസെറ്റമോൾ...

സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത്‌ വൈറൽ പനി മുതൽ കാൻസർ രോഗിക്ക്‌ പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്‌...

ഈ മെസേജിന്റെ മലയാളം വേർഷനിലെ 'അപകടമായീടും' വൈറസിന്‌ പേരുമില്ല, അഡ്രസ്സുമില്ല...എന്തിന്‌ പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന്‌ മര്യാദക്ക്‌ ഒരു മെസേജ്‌ അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല...
എന്നിട്ടും 'Dolo കുഴപ്പമുണ്ടോ...Panadol കുഴപ്പമുണ്ടോ...Calpol കുഴപ്പമുണ്ടോ' എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു...

അതായത്‌, ഈ ബ്രാൻഡ്‌ പ്രശ്‌നമാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടത്‌ പോലെയുള്ള പ്രതികരണങ്ങൾ...
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല...പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയതെന്ന്‌ തിരിച്ച്‌ ചിന്തിക്കാൻ ഒരാളുമില്ല....ചുരുങ്ങിയത്‌ മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം...

ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല...ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു...

ഈ ഒരു സാധനം കൊണ്ട്‌ വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു... ചോദ്യത്തോട്‌ ചോദ്യം.

വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്‌ നേരെ കണ്ണടച്ച്‌ ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക്‌ ഫോർവാർഡ്‌ ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന്‌ നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ്‌ ?

 

click me!