കോണ്ടത്തിനും ഉണ്ട് 'എക്‌സ്‌പെയറി'; കാലാവധി കഴിഞ്ഞെന്ന് എങ്ങനെ മനസിലാക്കാം?

By Web TeamFirst Published Sep 4, 2019, 11:11 PM IST
Highlights

ഇത്രമാത്രം ഉപയോഗിക്കപ്പെടുമ്പോഴും കോണ്ടത്തിന്റെ 'എക്‌സ്‌പെയറി'യെക്കുറിച്ച് ചിലരെങ്കിലും ശ്രദ്ധിക്കാറില്ലെന്നത് തികച്ചും അപകടകരമായ സംഗതിയാണ്. ആദ്യമായി, കോണ്ടം സൂക്ഷിച്ചുവയ്‌ക്കേണ്ടതിന്റെ മാനദണ്ഡമാണ് അറിഞ്ഞിരിക്കേണ്ടത്. ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പിന്നീട് ഉപകാരപ്രദമായിരിക്കണമെന്നില്ല
 

ഗര്‍ഭനിരോധന മാര്‍ഗമായി ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടം. ഗര്‍ഭനിരോധനത്തിനായി മാത്രമല്ല, സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയും കോണ്ടം ഉപയോഗിക്കപ്പെടുന്നു. എച്ച്‌ഐവി, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളില്‍ നിന്ന് സുരക്ഷിതരാവുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 

പെട്ടെന്ന് ആശ്രയിക്കാവുന്നതും, കൊണ്ടുനടക്കാവുന്നതുമെല്ലാമാണ് എന്നത്, കോണ്ടം ഉപയോഗത്തിന്റെ തോത് എപ്പോഴും ശരാശരിയിലെങ്കിലും പിടിച്ചുനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത്രമാത്രം ഉപയോഗിക്കപ്പെടുമ്പോഴും കോണ്ടത്തിന്റെ 'എക്‌സ്‌പെയറി'യെക്കുറിച്ച് ചിലരെങ്കിലും ശ്രദ്ധിക്കാറില്ലെന്നത് തികച്ചും അപകടകരമായ സംഗതിയാണ്. 

ആദ്യമായി, കോണ്ടം സൂക്ഷിച്ചുവയ്‌ക്കേണ്ടതിന്റെ മാനദണ്ഡമാണ് അറിഞ്ഞിരിക്കേണ്ടത്. ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പിന്നീട് ഉപകാരപ്രദമായിരിക്കണമെന്നില്ല. ഉണങ്ങിയതും, അധികം ചൂട് എത്താതുമായ സ്ഥലത്ത് വൃത്തിയായാണ് കോണ്ടം സൂക്ഷിക്കേണ്ടത്. അലക്ഷ്യമായി പോക്കറ്റിലോ ബാഗിലോ വാളെറ്റിലോ കോണ്ടം സൂക്ഷിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. ഇത്തരത്തില്‍ അശ്രദ്ധമായി വയ്ക്കുന്ന കോണ്ടം ഡ്രൈ ആകാനും അതിന്മേല്‍ പൊട്ടലുകളുണ്ടാകാനുമെല്ലാം സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പിന്നീടിത് സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടി ഉപകരിക്കില്ല. 

ഇനി, കോണ്ടം ഉപയോഗിക്കാനായി പുറത്തെടുക്കുമ്പോള്‍ തന്നെ, കാലാവധി കഴിഞ്ഞതാണോയെന്ന് പരിശോധിക്കാം. തൊട്ടുനോക്കുമ്പോള്‍ 'സ്റ്റിഫ്‌നസ്' (ദൃഢത) തോന്നുന്നുവെങ്കില്‍ ഇത് കാലാവധി കഴിഞ്ഞത് കൊണ്ടായിരിക്കണം എന്ന് മനസിലാക്കാം. അതുപോലെ ഒട്ടുന്നതായി തോന്നുന്നതും കാലാവധി കഴിഞ്ഞത് കൊണ്ടാകാം. നിറത്തിലും മണത്തിലും വ്യത്യാസമുണ്ടാകുന്നതും 'എക്‌സ്‌പെയറി' കഴിഞ്ഞത് കൊണ്ടാകാം. ചിലതിലാണെങ്കില്‍ അതിന്റെ 'ഇലാസ്റ്റിസിറ്റി'യും നഷ്ടപ്പെട്ടതായി കാണാറുണ്ട്.

ഇങ്ങനെ കാണപ്പെടുന്ന കോണ്ടം ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഇല്ലാത്തതിനേക്കാള്‍ മെച്ചമല്ലേയെന്ന പാതിചിന്തയില്‍ കോണ്ടം ഉപയോഗിക്കരുത്. ഇത് പിന്നീട് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴിവച്ചേക്കുമെന്ന് ഓര്‍ക്കുക.

click me!