
ആശങ്ക പരത്തിക്കൊണ്ടാണ് നിലവില്‍ കുരങ്ങുപനി ( Monkeypox Cases ) വ്യാപകമാകുന്നത്. ഇതുവരെ ആകെ 100ഓളം കേസുകളാണ് ഒരു ഡസനിലധികം രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ ഒരു കേസ് പോലും ( Monkeypox India ) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചില്ലെങ്കില്‍ പോലും കൊവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ പേരിലേക്ക് വ്യാപകമാകുന്ന വൈറസ് അണുബാധയെന്ന നിലയില്‍ കുരങ്ങുപനി അഥവാ മങ്കിപോക്സ് വലിയ ഭീതിയാണ് ജനങ്ങള്‍ക്കിടയില്‍ പരത്തുന്നത്.
യഥാര്‍ത്ഥത്തില്‍ കൊവിഡിനെ ഭയന്നതുപോലെ കുരങ്ങുപനിയെ ഭയപ്പെടേണ്ടതുണ്ടോ? എന്താണ് ഇതിന് പിന്നിലെ നിജസ്ഥിതി?
കുരങ്ങുപനിയെ കുറിച്ചറിയാം...
'ഓര്‍ത്തോപോക്സ് വൈറസ്' ആണ് മങ്കിപോക്സ്/ കുരങ്ങുപനി ഉണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും അവിടെ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുകയാണ് ഇതിന്‍റെ രീതി. രോഗബാധയുള്ള മൃഗങ്ങളുടെ ശരീരസ്രവങ്ങളുമായി ബന്ധം, രോഗബാധയുള്ള മൃഗങ്ങളുടെ മാംസം നേരാംവണ്ണം വേവിക്കാതെ കഴിക്കുന്നത് എല്ലാം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നു.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതും പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ്. ഇതിനിടെ ലൈംഗികബന്ധത്തിലൂടെയും കാര്യമായി കുരങ്ങുപനി പകരുമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കിയിരുന്നു. പ്രത്യേകിച്ച് സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലൂടെയാണ് രോഗം പകരുന്നതെന്നായിരുന്നു ലോകാരോഗ്യസംഘടന അറിയിച്ചിരുന്നത്.
രോഗലക്ഷണങ്ങള്‍...
കുരങ്ങുപനി ഇത്രമാത്രം ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ കൂടി അറിയാം. വൈറല്‍ അണുബാധയായതിനാല്‍ തന്നെ പനി, തലവേദന, തളര്‍ച്ച, ശരീരവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങളെല്ലാം കുരങ്ങുപനിയില്‍ കാണാം.
രോഗാണുക്കള്‍ ശരീരത്തില്‍ എത്തി അഞ്ച് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ആദ്യം പനി, തലവേദന, ക്ഷീണം പോലുള്ള പ്രശ്നങ്ങളാണ് പ്രകടമാവുക. ഇതിന് ശേഷം ആറ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ശരീരമാസകലം ചെറിയ കുമിളകള്‍ പൊങ്ങാം. ഇത് ചിക്കന്‍പോക്സ് രോഗത്തിന് സമാനമായാണ് കാണുന്നത്.
ഈ കുമിളകളില്‍ വേദന, ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങളും അനുഭവപ്പെടാം. മൂന്നാഴ്ചകളിലായാണ് ലക്ഷണങ്ങള്‍ പൂര്‍ണമായി കണ്ടുതീരുക. 21 ദിവസത്തിനകം രോഗമുക്തിയും ഉണ്ടാകാം.
ഇത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ?
യഥാര്‍ത്ഥത്തില്‍ കൊവിഡിനോളം ഒരിക്കലും നാം കുരങ്ങുപനിയെ പേടിക്കേണ്ടതില്ല. ഒന്നാമത് കുരങ്ങുപനിയില്‍ മരണനിരക്ക് വളരെ കുറവാണ്. അതുപോലെ തന്നെ അനുബന്ധപ്രശ്നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യങ്ങളും കുറവാണ്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായതിനാല്‍ തന്നെ ഇത് വ്യാപകമാകുന്നത് തടയാന്‍ വേണ്ട മന്‍കരുതലുകളെടുക്കാം. മാസ്ക് ധരിക്കുന്നതും കൈകള്‍ വൃത്തിയാക്കുന്നതുമെല്ലാം കൊവിഡ് പ്രതിരോധത്തിലെന്ന പോലെ തന്നെ കുരങ്ങുപനിയിലും പ്രധാനമാണ്.
ഇതോടൊപ്പം പുറംരാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യാത്ര കഴിഞ്ഞെത്തിയവര്‍ ഐസൊലേഷനില്‍ കഴിയുക. ഇത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഐസൊലേഷനില്‍ പോവുകയും പരിശോധന നടത്തുകയും വേണം. ഇതും നിര്‍ബന്ധം തന്നെ. അല്ലാത്തപക്ഷം കുരങ്ങുപനിയുമായി ബന്ധപ്പെട്ട് ആധിയോ ആശങ്കയോ വേണ്ട. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധയോടെ കൊണ്ടുപോവുകയും സുരക്ഷിതമായും സന്തോഷമായും കഴിയുകയും വേണം.
Also Read:- മങ്കിപോക്സും സെക്സും തമ്മില്‍ എന്ത് ബന്ധം?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam