
ശരീരഭാരം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പുതിയ പഠനം. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, ഫ്ളവനോളുകൾ തുടങ്ങിയ ഗുണകരമായ സംയുക്തങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് ജേണൽ ഓഫ് ന്യൂട്രീഷ്യൻ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ഡാർക്ക് ചോക്ലേറ്റിലെ സജീവ സംയുക്തങ്ങൾക്ക് സാധിക്കും. മാത്രമല്ല മിതമായ അളവിലുള്ള ചോക്ലേറ്റ് ഉപഭോഗം ഇൻസുലിൻ അളവിനെ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
ഇടയ്ക്കിടെ ഉണ്ടാവുന്ന വിശപ്പിനെ നിയന്ത്രിക്കാനുള്ള ഒരു മികച്ച പോംവഴിയാണ് ഡാർക്ക് ചോക്ലേറ്റ്. ലഘുഭക്ഷണങ്ങൾ കഴിക്കാൻ തോന്നുന്ന സമയം ഡാർക്ക് ചോക്ലേറ്റിന്റെ ഒരു ചെറിയ ഭാഗം കഴിച്ചാൽ ഉടനടി സംതൃപ്തി അനുഭവപ്പെടും. വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായകമാകുമെന്നും ഡാർക്ക് ചോക്ലേറ്റിൽ മറ്റുള്ളവയേക്കാൾ കലോറി കുറവുമാണെന്നും പഠനത്തിൽ പറയുന്നു.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന രാസവസ്തുക്കളാണ്, ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം, കാൻസർ പ്രതിരോധം എന്നിവയ്ക്കും ഇവയ്ക്ക് പങ്കുണ്ടെന്നും പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ഉൾപ്പെടുന്ന ജീവിതശൈലി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam