ലോകത്തിലെ ആദ്യ കൊവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയെന്ന് റിപ്പോർട്ട്

By Web TeamFirst Published Mar 30, 2020, 5:50 PM IST
Highlights

2019 ഡിസംബറിലാണ് വൈ ഗുയ്ഷിയാനിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി ഇവർ 2019 ഡിസംബർ 10ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

ലോകത്തെ ആദ്യ കൊറോണരോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയെന്ന് റിപ്പോർട്ട്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുന്ന വൈ ഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടത്.

2019 ഡിസംബറിലാണ് വൈ ഗുയ്ഷിയാനിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി ഇവർ 2019 ഡിസംബർ 10ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗുയ്ഷിയാൻ ആദ്യം കരുതിയത് ഇത്  സാധാരണ പനിയാകാമെന്നാണ്. പനി മാറാത്തതിനെ തുടർന്ന്  ഒരു പ്രാദേശിക ക്ലിനിക്കിൽ പോവുകയായിരുന്നു.

അവിടെ നിന്ന് കുത്തിവയ്പ് എടുത്തു വന്നെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ഇവർ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. അപ്പോഴും രോഗം ഭേദമായില്ല. ശേഷം, ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ജനുവരിയിൽ ഗുയ്ഷിയാൻ ആരോഗ്യം വീണ്ടെടുത്തു. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. താനുമായി സമ്പർക്കം പുലർത്തിയ മാർക്കറ്റിലെ മറ്റ് ആളുകൾക്കും രോഗം പിടിപെട്ടതായി അവർ പറഞ്ഞു. 

വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ വൈയുൾപ്പെടെ 24 പേരാണ് മാർക്കറ്റുമായി നേരിട്ടുബന്ധമുള്ളവർ. എന്നാൽ, രോഗം ബാധിച്ച ആദ്യത്തെ വ്യക്തി ഇവരാണെന്നുപറയാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.സർക്കാർ നേരത്തേ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മരണ സംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് ഗുയ്ഷിയാനി പറഞ്ഞു. 
 

click me!