
ജീവിതശൈലീരോഗങ്ങളുടെ ( Lifestyle Disease ) പട്ടികയിലാണ് കൊളസ്‌ട്രോള്‍ ( Cholesterol Check ) നമ്മള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരീരത്തില്‍ കൊഴുപ്പ് അധികരിക്കുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാല്‍ കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ അമിതമാകുമ്പോള്‍ രക്തയോട്ടത്തെ അത് പ്രതികൂലമായി ബാധിക്കുകയും അതുവഴി പക്ഷാഘാതം, ഹൃദയാഘാതം എന്നിങ്ങനെയുള്ള മാരകമായ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യാം.
കൊളസ്‌ട്രോള്‍ സൂചിപ്പിക്കാന്‍ ശരീരം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. എങ്കിലും ചില സൂചനകള്‍ കൊളസ്‌ട്രോളിലേക്ക് വിരല്‍ചൂണ്ടാറുണ്ട്. പലപ്പോഴും നമ്മളിത് നിസാരമാക്കി തള്ളിക്കളയാറാണ് പതിവ്.
ഇടവിട്ട് ഓക്കാനം വരിക, തരിപ്പ്, തളര്‍ച്ച, ഉയര്‍ന്ന ബിപി ( രക്തസമ്മര്‍ദ്ദം), ശ്വാസതടസം, നെഞ്ചുവേദന എന്നിവയെല്ലാം കൊളസ്‌ട്രോളിന്റെ ലക്ഷണമായി വരാം. എന്നാലിവയെല്ലാം തന്നെ നിത്യജീവിതത്തില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി വരാവുന്ന ലക്ഷണങ്ങളായതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ ആണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.
കണ്ണിലും സൂചന...
കൊളസ്‌ട്രോളിന്റെ ലക്ഷണമായി കണ്ണിലും ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ മുകളിലെ കണ്‍പോളയുടെ പുറത്ത് പാടകള്‍ കാണുന്നത് കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. നേര്‍ത്ത രീതിയില്‍ അര്‍ധവൃത്താകൃതിയിലാണ് ഈ പാടുകള്‍ പ്രത്യക്ഷപ്പെടുക. കണ്ണ് രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിലുള്ള ലക്ഷണം വന്നേക്കാം. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ സ്ഥിരീകരിക്കാന്‍ പരിശോധന ആവശ്യമാണ്.
ഇതിന് പുറമെ കൃഷ്ണമണിക്ക് ചുറ്റുമായി വെളുത്ത നിറത്തില്‍ നേര്‍ത്ത വളയം പ്രത്യക്ഷപ്പെടുന്നതും കൊളസ്‌ട്രോളിന്റെ ലക്ഷണമായി വരാറുണ്ട്. അമ്പത് വയസിന് താഴെ പ്രായമുള്ളവരാണെങ്കില്‍, ഇവരില്‍ ഈ ലക്ഷണം കാണുന്നുവെങ്കില്‍ പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉള്ളവരാണെന്ന് വിലയിരുത്താം. ഏത് നിഗമനത്തിലേക്കും എത്തും മുമ്പ് പരിശോധന നടത്തേണ്ടതുണ്ടെന്ന കാര്യം മറക്കരുത്.
Also Read:- കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam