കൗമാരക്കാരോട് സംസാരിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Mar 07, 2026, 04:14 PM IST
anger management

Synopsis

കൗമാരക്കാരുടെ തലച്ചോറിന്റെ വളർച്ചയും ശരി-തെറ്റുകളെ തിരിച്ചറിയാനുള്ള കഴിവുകളും പൂർണ്ണ വളർച്ചയിൽ എത്തിയിട്ടില്ല എന്ന് മാതാപിതാക്കൾ മനസ്സിലാക്കുക.

കൗമാരക്കാരിൽ ലഹരിയുപയോഗം, ആത്മഹത്യാ പ്രവണത, എടുത്തുചാട്ടം എന്നിവ വലിയതോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കാലമാണല്ലോ ഇത്. അതുകൊണ്ടുതന്നെ കൗമാരക്കാരുടെ മാതാപിതാക്കൾ കൂടുതൽ ഉത്കണ്ഠപ്പെടുന്നുമുണ്ട്. മക്കൾ പുറത്തേക്കു പോകുമ്പോൾ എങ്ങോട്ടായിരിക്കും പോവുക, ആരുമായാവും അവർ കൂട്ടുകൂടുക, തെറ്റായ ശീലങ്ങളിൽ വല്ലതിലും ചെന്നുപെടുമോ എന്നെല്ലാം സ്വാഭാവികമായും മാതാപിതാക്കൾ ആശങ്കപ്പെട്ടേക്കാം.

ഈ ആശങ്ക മക്കളുമായി ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ വലിയ വഴക്കുകൾ ഉണ്ടാകുന്നു. മാതാപിതാക്കളുടെ ആശങ്ക ദേഷ്യമായി മാറാനും, മക്കൾ അതിലധികം ദേഷ്യം പ്രകടിപ്പിക്കുകയും ഒക്കെയാവും മിക്ക വീടുകളിലും നടക്കുന്നത്. എങ്ങനെ കൗമാരക്കാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം എന്നറിയാത്ത അവസ്ഥയിലാണ് പല മാതാപിതാക്കളും.

കൗമാരക്കാരോട് സംസാരിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

● കൗമാരക്കാരുടെ തലച്ചോറിന്റെ വളർച്ചയും ശരി-തെറ്റുകളെ തിരിച്ചറിയാനുള്ള കഴിവുകളും പൂർണ്ണ വളർച്ചയിൽ എത്തിയിട്ടില്ല എന്ന് മാതാപിതാക്കൾ മനസ്സിലാക്കുക. അവർ എടുത്തുചാടി പ്രവർത്തിക്കാനുള്ള പ്രവണത കാണിക്കും. എന്നാൽ ഇങ്ങനെയൊക്കെയാണ് എന്നു കരുതി അവരോടു സംസാരിക്കുമ്പോൾ ദേഷ്യം പ്രകടിപ്പിച്ചാൽ അത് വലിയ പ്രശ്നമാകും. മാതാപിതാക്കളെക്കാളും കൂടുതൽ ദേഷ്യത്തിലാവും തിരിച്ചുള്ള അവരുടെ പ്രതികരണം. 

വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും, എടുത്തിച്ചെടി എന്തെങ്കിലുമൊക്കെ അബദ്ധം കാണിക്കാനും അവർ ശ്രമിച്ചേക്കാം. അതിനാൽ വളരെ സമാധാനത്തിൽ വേണം അവരോടു സംസാരിക്കാൻ. അവരുടെ ഭാഗത്തു മാറ്റങ്ങൾ ആവശ്യമാണ്, തെറ്റുകൾ ഉണ്ട് എങ്കിൽപ്പോലും വളരെ സമാധാനമായി അവരോടു സംസാരിക്കാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ അവർ അത് കേൾക്കാൻ തയ്യാറാവൂ. 

അവരെ കുറ്റപ്പെടുത്തുകയാണ് എങ്കിൽ അവർ മാതാപിതാക്കളിൽ നിന്നും പതിയെ അകന്നു തുടങ്ങും. ഇങ്ങനെ അകലുമ്പോൾ കൂട്ടുകാരുമായി അവർ കൂടുതൽ അടുക്കാൻ ശ്രമിക്കും. അത് അപകടകരമായ കൂട്ടുകെട്ടാണ് എങ്കിൽ പിന്നീട് വലിയ പ്രശ്നങ്ങൾക്കു കാരണമാകും.

● കൗമാരപ്രായക്കാർ കൂട്ടുകാരോടു കൂടുതൽ തുറന്നു സംസാരിക്കാൻ താത്പര്യം കാണിച്ചേക്കാം. ഇത് സാധാരണയാണ് എന്ന് മനസ്സിലാക്കുക. അവർ കൂടുതൽ പ്രൈവസി ആഗ്രഹിക്കും. കൂടുതൽ ഫോൺ ഉപയോഗം, ഒറ്റയ്ക്കിരിക്കുക, ഉറങ്ങാൻ താമസിക്കുക, ഭക്ഷണം കഴിക്കാൻ താല്പര്യം കാണിക്കാതെ ഇരിക്കുക എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. എന്നാൽ എല്ലാത്തിനെയും പറ്റി മാതാപിതാക്കൾ അമിയതമായി ഉത്കണ്ഠപ്പെടാതെ വലിയ അപകടം എന്നു തോന്നുന്ന കാര്യങ്ങളെപ്പറ്റി തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനും ശ്രമിക്കണം. ചില കാര്യങ്ങൾ വിട്ടു കളയാൻ കഴിയുമെങ്കിൽ അങ്ങനെകൂടെ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.

● വളരെ ടെൻഷൻ അനുഭവപ്പെടുന്ന സമയങ്ങളിൽ കൗമാരക്കാരായ മക്കളോട് സംസാരം ഒഴിവാക്കുന്നതാണ് നല്ലത്. അല്പസമയം ശ്വാസത്തിൽ ശ്രദ്ധിക്കുക, അല്പം വെള്ളം കുടിക്കുക, ഒന്നു നടക്കുക- അങ്ങനെ പതിയെ മനസ്സ് ശാന്തമായതിനുശേഷം മാത്രം അവരോടു ചർച്ച ചെയ്യുക. അവരോടുള്ള മാനസിക അടുപ്പം നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക. അങ്ങനെ ഒരടുപ്പം ഉണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മാതാപിതാക്കളോട് പറയാൻ അവർ മനസ്സു കാണിക്കും. അങ്ങനെ ഒരു നല്ല കുടുംബാന്തരീക്ഷം ഉണ്ടെക്കിയെടുക്കാൻ ശ്രമിക്കണം.

(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് തയ്യാറാക്കിയ ലേഖനം

ഫോൺ നമ്പർ : 8281933323)

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ് ; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
വൃക്കയിലെ കല്ല്: പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ