
ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ( Skin Problems ) മിക്കവരിലും മാനസികമായ പ്രയാസങ്ങളുണ്ടാക്കാറുണ്ട്. കാരണം മറ്റ് പല പ്രശ്നങ്ങളെക്കാളെല്ലാം തെളിഞ്ഞ് കാണുന്നതാണ് ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ( Skin Problems ) . ഇത് വലിയ തോതില്‍ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തെ ബാധിക്കുന്നൊരു പ്രശ്നമാണ് ടാന്‍ ( Skin Tan ) . ചര്‍മ്മത്തില്‍ ചിലയിടങ്ങളില്‍ മാത്രം പ്രകടമായി നിറവ്യത്യാസം വരുന്നതാണ് ടാന്‍.
സാധാരണഗതിയില്‍ ടാന്‍ ( Skin Tan ) രണ്ട് മുതല്‍ മൂന്ന് മാസം വരെയെല്ലാം നീണ്ടുനില്‍ക്കും. ഇതിന് ശേഷവും നിറവ്യത്യാസം കാണുന്നുണ്ടെങ്കില്‍ അത് 'ഹൈപ്പര്‍ പിഗ്മന്‍റേഷന്‍' എന്ന ചര്‍മ്മ പ്രശ്നമായി കണക്കാക്കാമെന്നാണ് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ജയശ്രീ ശരദ് പറയുന്നത്.
പ്രധാനമായും വെയിലേല്‍ക്കുന്നത് വഴിയാണ് ടാന്‍ ഉണ്ടാകുന്നത്. അങ്ങനെയെങ്കില്‍ ടാന്‍ വീഴാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം? അല്ലെങ്കില്‍ ടാന്‍ പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാം? ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. ജയശ്രീ.
സണ്‍സ്ക്രീന്‍ പതിവായി ഉപയോഗിക്കുകയാണ് ടാന്‍ ഒഴിവാക്കാന്‍ കാര്യമായി ചെയ്യേണ്ടതെന്ന് ഡോ. ജയശ്രീ നിര്‍ദേശിക്കുന്നു. വീട്ടിനകത്ത് ഇരിക്കുകയാണെങ്കിലും പുറത്തുപോവുകയാണെങ്കിലും ഇരുകൈകളിലും കൈലുകളിലും സണ്‍സ്ക്രീന്‍ പുരട്ടിയിരിക്കണമെന്ന് ഇവര്‍ പറയുന്നു.
അതുപോലെ രാത്രിയില്‍ 'AHA'യും വൈറ്റമിന്‍- സിയും ലൈക്കോറൈസ്, ആല്‍ഫ അര്‍ബ്യൂട്ടിന്‍, മള്‍ബെറി, കോജിക് ആസിഡ് എന്നിവയടങ്ങിയ ക്രീം ഉപയോഗിക്കുന്നതും ടാന്‍ ഒഴിവാക്കാന്‍ നല്ലതാണത്രേ. പ്രകൃതിദത്തമായ ഒരു മാര്‍ഗവും ഡോ. ജയശ്രീ വിശദീകരിക്കുന്നുണ്ട്. കട്ടത്തൈരും കടലമാവും തേനും യോജിപ്പിച്ച് തേക്കുന്നതാണ് ഈ രീതി. ഇത് കൈകാലുകളിലെല്ലാം തേക്കാം. കട്ടത്തൈരിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. കടലമാവും തേനും ചര്‍മ്മത്തെ 'ക്ലെന്‍സ്' ചെയ്യാനാണ് സഹായിക്കുക.
വൈറ്റമിന്‍-സി, ഗ്ലൂട്ടാതിയോന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് ടാനിന് പരിഹാരമാണത്രേ. ആവശ്യമെങ്കില്‍ കെമിക്കല്‍ പീലിംഗ്, ഡീറ്റാന്‍ പോലുള്ള ചികിത്സാരീതികള്‍ അവലംബിക്കാമെന്നും ഡോ. ജയശ്രീ പറയുന്നു.
Also Read:- സ്തനങ്ങളുടെ ആകാരഭംഗി നഷ്ടപ്പെടുന്നുവോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam